അരങ്ങേറ്റത്തിൽ 'നടരാജ' നൃത്തം; ചിന്നപ്പപട്ടിയിൽ കൊണ്ടാട്ടം
text_fieldsചെന്നൈ: ഇന്ത്യ-ആസ്ട്രേലിയ മൂന്നാം ഏകദിന മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച തമിഴ്നാട്ടുകാരനായ നടരാജെൻറ ചിന്നപ്പപട്ടി ഗ്രാമത്തിൽ കൊണ്ടാട്ടം. സേലം ജില്ലയിലെ ചിന്നപ്പപട്ടി സ്വദേശിയായ ടി. നടരാജെൻറ അരങ്ങേറ്റ ഏകദിനമായിരുന്നു ബുധനാഴ്ച കാൻബറയിൽ നടന്നത്. 10 ഒാവറിൽ ഒരു മെയ്ഡൻ ഉൾപ്പെടെ 69 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത് നടരാജൻ അരങ്ങേറ്റം ഗംഭീരമാക്കി.
ടി.വിയിൽ തത്സമയ സംപ്രേഷണം കണ്ടുകൊണ്ടിരുന്ന നടരാജെൻറ അമ്മ ചാടി എഴുന്നേറ്റ് ആനന്ദക്കണ്ണീരോടെ ടി.വിക്കു മുന്നിലെത്തി പിച്ചിൽ നടന്നു നീങ്ങിയിരുന്ന നടരാജനെ നോക്കി ആരതിയുഴിഞ്ഞ് വാഴ്ത്തി. മറ്റു കുടുംബാംഗങ്ങളും ബന്ധുക്കളും കൈയടിച്ച് ആഹ്ലാദം പങ്കിട്ടു. സുഹൃത്തുക്കളും ആരാധകരും മധുരം വിതരണം ചെയ്തും പടക്കംപൊട്ടിച്ചുമാണ് വിക്കറ്റ് നേട്ടം ആഘോഷിച്ചത്.
െഎ.പി.എൽ മത്സരങ്ങളിലാണ് നടരാജൻ ശ്രദ്ധിക്കപ്പെട്ടിരുന്നത്. തമിഴ്നാട്ടിൽനിന്നുള്ള അഞ്ചാമത്തെ ഏകദിന ക്രിക്കറ്റ് ഫാസ്റ്റ് ബൗളറായ 29കാരനായ ഇൗ ഇടംകൈയൻ യോർക്കർ സ്പെഷലിസ്റ്റ് കൂടിയാണ്. ഇടത്തരം കുടുംബത്തിൽ ജനിച്ച നടരാജൻ കഠിനപ്രയത്നത്തിലൂടെയാണ് ഇന്ത്യൻ ടീമോളം വളർന്നത്. 20ാം വയസ്സുവരെ ടെന്നിസ് ബാൾ ഉപയോഗിച്ചാണ് ക്രിക്കറ്റ് കളിച്ചിരുന്നത്. 2016ലെ തമിഴ്നാട് പ്രീമിയർ ലീഗ് മത്സരം വഴിത്തിരിവായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.