ഇപ്പോൾ ഉള്ളവരെ പോലെയല്ല, വിഘ്നേഷിനെ കണ്ടപ്പോൾ ആ ഇതിഹാസ സ്പിന്നർമാരെ ഓർമവന്നു; പുകഴ്ത്തി പറഞ്ഞ് മുൻ താരം
text_fieldsഐ.പി.എല്ലിൽ ഇന്നലെ നടന്ന മുംബൈ ഇന്ത്യൻസ്-ചെന്നൈ സൂപ്പർ കിങ്സ് മത്സരത്തിൽ നാലുവിക്കറ്റിനായിരുന്നു ചെന്നൈയുടെ ജയം. റണ്ണെടുക്കാൻ മറന്ന മുംബൈയെ അഞ്ചു പന്തുകൾ ബാക്കിനിൽക്കെയാണ് ചെന്നൈ പരാജയപ്പെടുത്തിയത്. രചിൻ രവീന്ദ്രയുടെയും (65) ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദിന്റെയും (53) ഇന്നിങ്സാണ് ചെന്നൈ വിജയത്തിൽ നിർണായകമായത്.
മുംബൈയുടെ മലയാളി താരം വിഘ്നേഷ് പുത്തൂരിന് ഇന്നലെ ഐ.പി.എല്ലിലെ അരങ്ങേറ്റ മത്സരമായിരുന്നു. ആദ്യ കളിയിൽ തന്നെ മൂന്ന് വിക്കറ്റുമായി സ്വപ്‌നതുല്യ നേട്ടമാണ് മലപ്പുറം സ്വദേശിയായ ഈ 24കാരൻ സ്‌പിന്നർ കൈവരിച്ചത്. രോഹിത് ശർമക്ക് പകരം ഇംപാക്ട് പ്ലയറായെത്തിയ വിഘ്നേഷ് നാല് ഓവറിൽ 32 റൺസ് വിട്ടുകൊടുത്താണ് മൂന്ന് വിക്കറ്റ് സ്വന്തമാക്കിയത്.
26 പന്തിൽ 53 റൺസെടുത്ത് മിന്നും ഫോമിൽ നിന്ന നായകൻ ഋതുരാജ് ഗെയ്‌ക്വാദിനെ വീഴ്ത്തിയാണ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. നിലയുറപ്പിക്കും മുൻപെ ശിവം ദുബെയെയും ദീപക് ഹൂഡയെയും പുറത്താക്കി വിഘ്നേഷ് തന്‍റെ വരവറിയിക്കുകയും ചെയ്തു.
മത്സരം ശേഷം വിഘ്നേഷിനെ തേടി ഒരുപാട് അഭിനന്ദനമെത്തിയിരുന്നു. അത്തരത്തിൽ വിഘ്നേഷിനെ ഇതിഹാസഹങ്ങളുമായി താരതമ്യം ചെയ്തിരിക്കുകയാണ് മുൻ ഇന്ത്യൻ താരം നവ്ജോത് സിങ് സിദ്ദു. അദ്ദേഹം വളരെ പതിയെയാണ് പന്ത് എറിയുന്നതെന്നും ഇതിഹാസ താരങ്ങളായ ബിഷൻ സിങ് ബേദിയെയും എരപ്പള്ളി പ്രസന്നയെ അനുസ്മരിപ്പിച്ചെന്നും സിദ്ദു പറഞ്ഞു.
'വിഘനേശ് വിക്കറ്റുകൾക്ക് വേണ്ടി ശ്രമിച്ചുകൊണ്ടേയിരുന്നു, സ്ലോ ബോളുകൾ ആണ് അവന്‍റെ പ്രധാന ആയുധം. നിലവിലെ സ്‌പിന്നർമാർ സാധാരണയായി ഉപയോഗിക്കുന്ന തന്ത്രമല്ല വിഘ്നേഷിന്‍റേത്. വ്യത്യസ്‌തനാണ്, ഇതിഹാസ സ്പിന്നർമാരെ പോലെയാണ് അവൻ പന്തെറിയുന്നത്.
വിഘ്നേ് ബിഷൻ സിങ് ബേദിയെയും എരപ്പള്ളി പ്രസന്നയെയും ഓർമിപ്പിച്ചു. നെറ്റ്സിൽ പോലും ബിഷൻ സിങ് ബേദിയെ കളിക്കാൻ എളുപ്പമായിരുന്നില്ല,' നവ്ജോത് സിങ് സിദ്ദു സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.
മത്സരശേഷം ചെന്നൈയുടെ സൂപ്പർ താരം എം.എസ്. ധോണി വിഗ്നേഷിനടുത്തെത്തി തോളിൽ തട്ടി അഭിനന്ദിച്ചത് വൈകാരിക നിമിഷങ്ങളായി. കളിക്കാർ പരസ്‌പരം കൈകൊടുക്കുന്നതിനിടെ വിസ്നേഷിന്റെ തോളത്ത് തട്ടി ധോണി അഭിനന്ദിച്ചു. ഈ സമയത്ത് വിഘ്നേഷ് ധോണിയോട് തന്റെ ആരാധനയും വെളിപ്പെടുത്തി. സ്നേഹത്തോടെ ധോണി താരത്തെ ചേർത്തുപിടിക്കുന്നതും കാണാനായി. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.