‘‘നോക്കി വായിക്കുന്നയാൾ ഇത്ര മോശമാകുമോ?’,...ജയ് ഷായുടെ പ്രസംഗത്തെ ട്രോളിക്കൊന്ന് നെറ്റിസൺസ്
text_fieldsന്യൂഡൽഹി: വേദിയിൽ മുട്ടുവിറച്ച ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി.സി.സി.ഐ) സെക്രട്ടറി ജയ് ഷായുടെ പ്രസംഗത്തെ ട്രോളിക്കൊന്ന് നെറ്റിസൺസ്. നോക്കിവായിച്ചിട്ടും ഒന്നും ശരിയാകാതെ പോയ പ്രസംഗത്തിലെ ഉച്ചാരണപ്പിശകുകളും മറ്റും തുറന്നുകാട്ടിയായിരുന്നു സമൂഹ മാധ്യമങ്ങളിലെ പരിഹാസം.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകനാണ് ജയ് ഷാ. ക്രിക്കറ്റ് കളത്തിൽ അനുഭവസമ്പത്തൊന്നുമില്ലാതിരുന്നിട്ടും രാജ്യത്തെ ക്രിക്കറ്റ് ഭരണത്തിന്റെ ചുക്കാൻ പിടിക്കുന്നതിലേക്ക് ജയ് ഷായെ നയിച്ചതിന്റെ യോഗ്യതയെക്കുറിച്ചും സമൂഹ മാധ്യമങ്ങളിൽ ചോദ്യങ്ങളുയർന്നു. ബി.സി.സി.ഐ സെക്രട്ടറി പദവിക്കൊപ്പം ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റ് സ്ഥാനത്തേക്കും ജയ് ഷാ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഇംഗ്ലീഷിൽ നടത്തിയ പ്രസംഗമാണ് ട്രോളർമാർക്ക് ചാകരയൊരുക്കിയത്. ഇതിന്റെ വിഡിയോ വാർത്താഏജൻസിയായ എ.എൻ.ഐ സമൂഹ മാധ്യമമായ എക്സിൽ (മുമ്പ് ട്വിറ്റർ) പോസ്റ്റ് ചെയ്യുകയായിരുന്നു. വിഡിയോക്ക് അടിയിലും വിമർശനങ്ങളും പരിഹാസവും നിറഞ്ഞ കമന്റുകളാണ് ഏറെയും.
‘കൺഗ്രാജുലേറ്റ്’ എന്ന വാക്ക് രണ്ടു തവണ പറഞ്ഞിട്ടും ബി.സി.സി.ഐ സെക്രട്ടറിക്ക് ശരിയായി ഉച്ചരിക്കാൻ കഴിഞ്ഞില്ല. ‘കൺഗ്രാജേഡ്’ എന്നും ‘കൺഗ്രാജെറ്റ്’ എന്നുമാണ് രണ്ടുതവണ ശ്രമിച്ചപ്പോൾ പുറത്തുവന്നത്. നഴ്സറി വിദ്യാർഥി ടെക്സ്റ്റ് പുസ്തകം വായിക്കുന്നതുപോലുണ്ടെന്ന് പലരും ചൂണ്ടിക്കാട്ടി. ഒരു യോഗ്യതയുമില്ലാതെ ബി.സി.സി.ഐ തലപ്പത്തുവന്ന ജയ് ഷായെ കോൺഗ്രസ് നേതാവ് കനയ്യ കുമാർ പരിഹസിക്കുന്ന വിഡിയോ പങ്കുവെച്ചായിരുന്നു പലരുടെയും ട്രോൾ.
‘ഞങ്ങളെ എല്ലാവരെയും പ്രചോദിപ്പിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്ത ഐതിഹാസിക പ്രസംഗം നടത്തിയതിന് ജയ് ഷായ്ക്ക് അഭിനന്ദനങ്ങൾ! അദ്ദേഹത്തിന്റെ വാക്കുകൾ ആഴത്തിൽ പ്രതിധ്വനിക്കുന്നവയാണ്. മഹത്തായ നേതൃപാടവത്തിന്റെയും ഉൾക്കാഴ്ചയുടെയും കരുത്ത് ഓർമിപ്പിച്ചതിന് നന്ദി, ജയ് ഷാ!’ -ഒരാൾ പരിഹസിച്ച് ട്വിറ്ററിൽ കുറിച്ചു.
‘കഠിനശ്രമങ്ങളൊന്നും നടത്താതെ ഇത്ര ഉന്നത പദവിയിലെത്തിച്ചേർന്നയാൾ പരിഹാസ്യനാകാതിരിക്കാൻ ചുരുങ്ങിയ പക്ഷം ഒഴുക്കോടെ സംസാരിക്കാനെങ്കിലും പഠിക്കണം’ -മറ്റൊരാളുടെ കമന്റ് ഇങ്ങനെയായിരുന്നു. ‘ടെലി പ്രോംപ്റ്ററൊന്നും കിട്ടിയില്ലേ?’ എന്ന് ഒരാൾ കമന്റ് ചെയ്തു. ‘ജയ് ഷായോട് ബഹുമാനമുണ്ട്. പാകിസ്താൻ ടീം ഇന്ത്യയിലെത്തിയപ്പോൾ ഇംഗ്ലീഷ് സംസാരിക്കുന്നതിൽ അവരുടെ ആത്മവിശ്വാസം ഉയർത്തുന്ന പ്രസംഗമാണ് അദ്ദേഹം നടത്തിയത്’ -നരൂന്ദർ എന്ന പ്രൊഫൈലിൽനിന്നുള്ള പരിഹാസം ഇങ്ങനെയായിരുന്നു.
‘നോക്കി വായിക്കുന്നയാൾ ഇത്ര മോശമാകുമോ?’, ‘ഹൃദയത്തിൽനിന്ന് ഇംഗ്ലീഷ് നിർഗളിക്കുകയാണല്ലോ?’, ‘ഗുജറാത്തിലെ സ്വകാര്യ സ്കൂളിൽ പഠിച്ച്, സ്വകാര്യ ട്യൂഷനും നേടിയയാളുടെ പ്രസംഗമാണിത്!’, ‘കോളജ് കാലത്ത് ഇതിഹാസ തുല്യ ബൗളറും മഹാനായ ക്രിക്കറ്ററുമായിരുന്നയാൾ’, ‘മലിനീകരണ നിയന്ത്രണത്തെക്കുറിച്ച് സ്കൂളിൽ പ്രസംഗിക്കുന്നത് പോലുണ്ട്’, ‘അടുത്ത പ്രധാനമന്ത്രി’....തുടങ്ങി ട്രോളുകളും പരിഹാസങ്ങളും നിറയുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.