'ഏതെങ്കിലും മൂന്ന് പേരെ വീഴ്ത്തി സ്റ്റാറായവനല്ല, അവർ മൂവരും ഐ.പി.എല്ലിലെ തമ്പുരാക്കൻമാർ'; ഹർപ്രീതിന് ൈകയ്യടി
text_fieldsഅഹ്മദാബാദ്: ഏതെങ്കിലും മൂന്ന് പേരെ വീഴ്ത്തി സ്റ്റാറായവനല്ല അവൻ, അവൻ എറിഞ്ഞിട്ട മൂന്ന് പേരും ഐ.പി.എല്ലിലെ തമ്പുരാക്കൻമാരായിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സര ശേഷം പഞ്ചാബ് കിങ്സിന്റെ ഹർപ്രീത് ബ്രാറിനെ വഴ്ത്തി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട മീമിലെ ഉള്ളടക്കമായിരുന്നു ഇത്. ബ്ലോക്ക്ബസ്റ്റർ ചിത്രമായ കെ.ജി.എഫിലെ ഡയലോഗിന് സമാനമായ വാക്യം കടമെടുത്ത മീമിലെ ഉള്ളടക്കം സത്യമായിരുന്നുവെന്ന് മത്സരം കണ്ടവർക്കറിയാം.
വെറും ഏഴു പന്തിന്‍റെ ഇടവേളയിൽ വിരാട് കോഹ്ലി , എബി ഡിവില്ലിയേഴ്സ് , ഗ്ലെൻ മക്സ്വെൽ എന്നീ ലോകോത്തര ബാറ്റ്സ്മാൻമാരെ പുറത്താക്കിയ ഹർപ്രീതാണ് ആർ.സി.ബി ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്. സീസണിൽ ഒരേ മത്സരത്തിൽ മൂവരെയും ഒന്നിച്ച് പുറത്താക്കുന്ന ആദ്യ ബൗളറാണ് ഇടൈങ്കയ്യൻ സ്പിന്നറായ ഹർപ്രീത്.
11ാം ഓവറിന്‍റെ ആദ്യ പന്തിൽ വിരാട് കോഹ്ലിയെ (35) ബൗൾഡാക്കിയാണ് താരം കന്നി ഐ.പി.എൽ വിക്കറ്റ് ആഘോഷിച്ചത്. തൊട്ടടുത്ത പന്തിൽ തന്നെ അപകടകാരിയായ മക്സ്വെല്ലിന്റെ (0) കുറ്റി തെറുപ്പിച്ചു. 13ാം ഓവറിൽ മടങ്ങിയെത്തിയ ഹർപ്രീത് ഒറ്റക്ക് മത്സരഗതി നിശ്ചയിക്കുന്ന ഡിവില്ലിയേഴ്സിനെ (3) രാഹുലിന്‍റെ കൈകളിലെത്തിച്ച് മത്സരം തങ്ങൾക്ക് അനുകൂലമാക്കുകയായിരുന്നു.
നാല് ഓവറിൽ 19 റൺസ് മാത്രം വിട്ടുകൊടുത്ത പഞ്ചാബ് താരം മൂന്ന് വിക്കറ്റ് വീഴ്ത്തി കളിയിലെ താരവുമായി മാറി. ഏഴമനായി ഇറങ്ങി പുറത്താകാതെ 25 റൺസ് നേടി ബാറ്റിങ്ങിലും തിളങ്ങിയിരുന്നു. 17 പന്തിൽ രണ്ട് സിക്സും ഒരു ബൗണ്ടറിയും സഹിതമാണ് താരം ടീമിന് നിർണായക സംഭാവന നൽകിയത്. ഐ.പി.എല്ലിലെ തന്‍റെ നാലാമത്തെ മാത്രം മത്സരത്തിലാണ് 25 കാരന്‍റെ സ്വപ്ന തുല്യമായ പ്രകടനം.
ഹർപ്രീതിന്‍റെ പ്രകടനത്തെ പുകഴ്ത്തി ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിങ്ങും ഹർഭജൻ സിങ്ങും ട്വീറ്റ് ചെയ്തിരുന്നു.
നായകൻ കെ.എൽ. രാഹുലിന്‍റെയും (57 പന്തിൽ 91 നോട്ടൗട്ട്) ക്രിസ് ഗെയ്ലിന്റെയും (24 പന്തിൽ 46) മികവിൽ ആദ്യം ബാറ്റുചെയ്ത പഞ്ചാബ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 179 റൺസെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന് നിശ്ചിത ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 145 റൺസ് എടുക്കാനാണ് സാധിച്ചത്. 34 റൺസ് വിജയത്തോടെ ഏഴ് കളികളിൽ നിന്ന് ആറുപോയന്‍റുമായി പഞ്ചാബ് പോയന്‍റ് പട്ടികയിൽ അഞ്ചാമതെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.