ഷാകിബ്, ലജ്ജ തോന്നുന്നു...; മാത്യൂസിന്‍റെ ടൈംഡ് ഔട്ടിനോട് പ്രതികരിച്ച് നെറ്റിസൺസ്
text_fieldsലോകകപ്പിൽ ശ്രീലങ്കൻ ഓൾ റൗണ്ടർ അഞ്ജലോ മാത്യൂസിനെ ടൈംഡ് ഔട്ടിലൂടെ പുറത്താക്കിയ ബംഗ്ലാദേശ് നായകൻ ഷാകിബുൽ ഹസന് സമൂഹമാധ്യമങ്ങളിൽ പരിഹാസം. ഒരു പന്തുപോലും നേരിടാതെ നാടകീയമായാണ് മാത്യൂസ് പുറത്തായത്.
താരം ക്രീസിലെത്തി ബാറ്റ് ചെയ്യാൻ വൈകിയതാണ് വിനയായത്. ഒരു ബാറ്റർ പുറത്തായാൽ അടുത്ത ബാറ്റർ മൂന്ന് മിനിറ്റിനുള്ളിൽ ക്രീസിലെത്തി പന്ത് നേരിടാൻ തയാറാകണമെന്നാണ് ക്രിക്കറ്റിലെ പുതിയ നിയമം. ഹെല്‍മറ്റ് മാറിയെടുത്താണ് മാത്യൂസ് ക്രീസിലെത്തിയത്. മറ്റൊരു ശ്രീലങ്കന്‍ താരം ഹെല്‍മറ്റുമായി ക്രീസിലെത്തുമ്പോഴേക്കും മൂന്ന് മിനിറ്റ് പിന്നിട്ടിരുന്നു.
ഇതിനിടെ ബംഗ്ലാദേശ് താരങ്ങൾ വിക്കറ്റിനായി അപ്പീല്‍ ചെയ്തു. അമ്പയർ ഔട്ട് വിധിക്കുകയും ചെയ്തു. അന്താരാഷ്ട്ര ക്രിക്കറ്റിൽ ആദ്യമായി ടൈംഡ് ഔട്ട് രീതിയിൽ പുറത്താകുന്ന ബാറ്റർ എന്ന റെക്കോഡ് ഇതോടെ മാത്യൂസിന്‍റെ പേരിലായി. ഷാകിബുൽ ഹസൻ എറിഞ്ഞ 25ാം ഓവറിലെ രണ്ടാം പന്തിൽ സദീര സമരവിക്രമ പുറത്തായ ശേഷമാണ് മാത്യൂസ് ക്രീസിലെത്തിയത്.
അപ്രതീക്ഷിത പുറത്താകലിൽ മാത്യൂസും താരങ്ങളുമെല്ലാം അമ്പരന്നുപോയി. ഒരു പന്തിൽ രണ്ട് വിക്കറ്റ് നഷ്ടമായ അവസ്ഥയിലായി ശ്രീലങ്ക. മാത്യൂസ് ഷാകിബിനോട് സംസാരിക്കുന്നുണ്ടെങ്കിലും താരം അപ്പീൽ പിൻവലിക്കാൻ തയാറായില്ല. പിന്നാലെ രോഷാകുലനായാണ് മാത്യൂസ് ഗ്രൗണ്ട് വിട്ടത്. ഷാകിബിന്‍റെ നടപടിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനമാണ് ഉയരുന്നത്.
ഇത്തരത്തിൽ ഔട്ടാക്കിയത് ക്രിക്കറ്റിന്‍റെ മാന്യതക്ക് നിരക്കുന്നതല്ലെന്നും ലജ്ജ തോന്നുന്നുവെന്നും ആരാധകർ കുറിച്ചു. ‘ക്യാപ്റ്റനെന്ന നിലയിൽ, ദീർഘകാലം ക്രിക്കറ്റ് കളിക്കുന്ന താരം കൂടിയായ ഷാകിബ് മാന്യതയോർത്ത് അഞ്ജലോ മാത്യൂസിനോട് ഇത് ചെയ്യാൻ പാടില്ലായിരുന്നു. കരിയറിന്‍റെ അവസാനത്തിൽ എത്തിനിൽക്കെ, ഇത്തരം ചെറിയ കാര്യങ്ങൾ കണ്ടില്ലെന്ന് നടിക്കണം. കഠിനാധ്വാനം കൊണ്ട് ഒന്നും കിട്ടാതെ വരുമ്പോഴാണ് നിങ്ങൾ ഇത്തരം കാര്യങ്ങൾ ചെയ്യുന്നത്’ -ഒരു ആരാധകൻ എക്സിൽ കുറിച്ചു.
‘ഷാകിബുൽ ഹസൻ ലജ്ജ തോന്നുന്നു, ഇത് കളിയുടെ മാന്യതക്ക് നിരക്കുന്നതല്ല’ -മറ്റൊരു ആരാധകൻ പോസ്റ്റ് ചെയ്തു. അന്താരാഷ്ട്ര ക്രിക്കറ്റിൽ ആദ്യമായാണ് ഒരു താരം ഇത്തരത്തിൽ ടൈംഡ് ഔട്ടിൽ പുറത്താകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.