‘രാജ്യത്തിനുവേണ്ടി മരിക്കാനൊരുക്കമാണ്’; ഷമിയുടെ മിന്നുംഫോമിൽ ഹസിൻ ജഹാന്റെ ആരോപണങ്ങൾ ‘ക്ലീൻബൗൾഡാ’കുമ്പോൾ....
text_fieldsന്യൂഡൽഹി: ലോകകപ്പിലെ അതിശയിപ്പിക്കുന്ന പ്രകടനങ്ങളുമായി ഇന്ത്യൻ ക്രിക്കറ്റിലെ ഹീറോയാണിപ്പോൾ മുഹമ്മദ് ഷമി. ഒട്ടും ഫോമിലല്ലാത്ത ഷാർദുൽ താക്കൂറിന് അവസരം നൽകാനായി ഷമിയെന്ന മാച്ച്‍വിന്നറെ ആദ്യ മത്സരങ്ങളിൽ അന്യായമായി പുറത്തിരുത്തിയതിന് ടീം മാനേജ്മെന്റ് വിമർശന ശരങ്ങൾക്ക് നടുവിലാണ്. സമൂഹ മാധ്യമങ്ങളിൽ സെലക്ടർമാരും ക്യാപ്റ്റൻ രോഹിത് ശർമയും ഉൾപെടെയുള്ളവരെ കളിക്കമ്പക്കാർ ട്രോളുകളിൽ മുക്കുന്നു.
കളിയും ലോകകപ്പുമായി പ്രത്യക്ഷത്തിൽ ഒരു ബന്ധവുമില്ലാത്ത മറ്റൊരാൾ കൂടി ഷമിയുടെ മിന്നുംപ്രകടനത്തിന്റെ പേരിൽ ഇപ്പോൾ ‘എയറിലാ’ണ്. താരത്തിന്റെ മുൻ ഭാര്യ ഹസിൻ ജഹാനാണത്. ഷമിയുമായി വേർപിരിഞ്ഞ ഹസിൻ ഇന്ത്യൻ താരത്തിനെതിരെ നിരന്തരം ആരോപണങ്ങളുന്നയിക്കുകയും പരാതി നൽകുകയുമൊക്കെ പതിവായിരുന്നു. വിവാഹമോചനക്കേസ് ഇപ്പോൾ കോടതിയിലാണ്.
ആരോപണത്തിൽ സ്ഥിരമായി ഉന്നയിച്ചിരുന്ന കാര്യമാണ് ഇപ്പോൾ ട്രോളുകൾക്ക് വഴിയൊരുക്കിയത്. ഷമി വാതുവെപ്പുകാരനാണെന്നും ഒത്തുകളിക്കാറുണ്ടെന്നും പാകിസ്ഥാൻ ഏജന്റുമാരുമായി കൂട്ടുചേർന്ന് ഇന്ത്യയെ തോൽപിക്കാൻ ശ്രമിച്ചുവെന്നുമൊക്കെയാണ് ഹസിൻ ജഹാൻ ആരോപിച്ചിരുന്നത്. താരത്തിനെതിരെ ഗാർഹിക പീഡന പരാതിയും നൽകിയിരുന്നു. ഇതിനോടെല്ലാം പരസ്യപ്രതികരണത്തിന് മുതിരാതിരുന്ന ഷമി, ഈ വിധ പ്രശ്നങ്ങളൊന്നും തന്റെ കരിയറിനെ ബാധിക്കാതിരിക്കാൻ ബദ്ധശ്രദ്ധനായിരുന്നു. വാതുവെപ്പു നടത്തിയിട്ടുണ്ടെന്ന് ഹസിൻ ജഹാൻ ആരോപിച്ചപ്പോൾ ‘എന്റെ രാജ്യത്തിനുവേണ്ടി മരിക്കാനൊരുക്കമാണ്. ഒരിക്കലും രാജ്യത്തെ ഞാൻ ഒറ്റുകൊടുക്കില്ല’ -എന്നായിരുന്നു ഷമിയുടെ മറുപടി.
കേവലം രണ്ടു മത്സരങ്ങളിൽനിന്ന് ഒമ്പതു വിക്കറ്റുമായി ബൗളിങ് എൻഡിൽ ഷമി തീതുപ്പുമ്പോൾ ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകൾക്ക് അത് നിറംപകരുന്നുണ്ട്. ഇംഗ്ലണ്ടിനെതിരെ താരതമ്യേന ചെറിയ സ്കോർ പ്രതിരോധിക്കാനിറങ്ങിയ ഇന്ത്യക്കുവേണ്ടി 22 റൺസ് വഴങ്ങി നാലു വിക്കറ്റ് പിഴുത ഷമിയായിരുന്നു മാൻ ഓഫ് ദ മാച്ച്. ഇതിനിടയിലാണ്, കുടുംബപ്രശ്നത്തിൽ ഷമിക്കെതിരെ ക്രിക്കറ്റുമായി ബന്ധപ്പെടുത്തി വ്യാജ ആരോപണങ്ങളുന്നയിച്ച ഹസിൻ ജഹാനെ താരത്തിന്റെ ആരാധകർ കണക്കിന് ട്രോളുന്നത്. കളത്തിലെ തകർപ്പൻ പ്രകടനം കൊണ്ട് ഷമി എല്ലാറ്റിനും മറുപടി നൽകുന്നുവെന്നാണ് ആരാധകരുടെ വാദം.
‘ഷമിക്കെതിരെ വാതുവെപ്പ്, ഒത്തുകളി, പാക് ഏജന്റുമാരുമായി കൂട്ടുകൂടൽ, ഗാർഹിക പീഡനം തുടങ്ങിയ ആരോപണങ്ങളെല്ലാം ഹസിൻ ജഹാൻ ഉന്നയിച്ചിരുന്നു. മാസംതോറും 10 ലക്ഷം രൂപ ഷമി നൽകണമെന്നായിരുന്നു അവരുടെ ആവശ്യം. ഇക്കാര്യങ്ങളൊന്നും അദ്ദേഹത്തിന്റെ ശ്രദ്ധ തെറ്റിച്ചില്ല. സ്റ്റംപുകൾ തകർക്കുന്നത് ഷമി തുടർന്നുകൊണ്ടേയിരിക്കുന്നു...’ -ന്യൂസിലാൻഡ് ബാറ്റർ ഹെന്റിയെ ഷമി ക്ലീൻബൗൾഡാക്കുന്നതിന്റെ ചിത്രം ഉൾപ്പെടെ പങ്കുവെച്ച് സുനിൽ ദ ക്രിക്കറ്റർ എന്ന പ്രൊഫൈൽ ‘എക്സി’ൽ കുറിച്ചു.
‘വൈവാഹിക തകർക്കങ്ങളിലൂടെ കടന്നുപോകുന്ന പുരുഷന്മാർ ഷമിയിൽനിന്ന് പാഠം ഉൾക്കൊള്ളണം. വിജയമാണ് ഏറ്റവും മികച്ച പ്രതികാരം’ -എന്ന് മറ്റൊരാൾ കുറിച്ചു. നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിൽ ഷമിയെ പ്രകീർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.