പാകിസ്താൻ ക്രിക്കറ്റ് ടീമിന് പുതിയ പരിശീലകർ; ഏകദിനത്തിലും ട്വന്റി 20യിലും ഗാരി കേഴ്സ്റ്റൺ, ടെസ്റ്റിൽ ഗില്ലസ്പി
text_fieldsഇസ്‍ലാമാബാദ്: പാകിസ്താൻ ക്രിക്കറ്റ് ടീമിന് പുതിയ പരിശീലകരെ നിയമിച്ചു. ഏകദിനത്തിലും ട്വന്റി 20യിലും മുൻ ദക്ഷിണാഫ്രിക്കൻ താരം ഗാരി കേഴ്സ്റ്റണും ടെസ്റ്റിൽ മുൻ ആസ്ട്രേലിയൻ പേസർ ജേസൻ ഗില്ലസ്പിയുമാണ് പരിശീലകരാകുക. ഇതിന് പുറമെ മുൻ പാക് ആൾറൗണ്ടർ അസ്ഹർ മഹ്മൂദിനെ മൂന്ന് ഫോർമാറ്റിലും അസി. കോച്ചായും നിയോഗിച്ചിട്ടുണ്ട്.
2008 മുതൽ 2011 വരെ ഇന്ത്യയുടെ പരിശീലകനായിരുന്ന കേഴ്സ്റ്റൺ ഇന്ത്യയെ ഏകദിന ലോകകപ്പ് വിജയികളാക്കുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്നു. ദക്ഷിണാഫ്രിക്കക്കായി 101 ടെസ്റ്റിലും 185 ഏകദിനത്തിലും കളത്തിലിറങ്ങിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കൻ ദേശീയ ടീം, ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, ഗുജറാത്ത് ടൈറ്റൻസ് എന്നീ ടീമുകളെയും പരിശീലിപ്പിച്ചുണ്ട്. നിലവിൽ ഗുജറാത്ത് ടൈറ്റൻസ് മെന്ററാണ്. മേയിൽ ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പര മുതലാണ് കേഴ്സ്റ്റൺ പരിശീലക സ്ഥാനം ഏറ്റെടുക്കുക. ജൂണിൽ ആരംഭിക്കുന്ന ട്വന്റി 20 ലോകകപ്പാകും കേഴ്സ്റ്റണ് മുന്നിലെ പ്രധാന വെല്ലുവിളി. പാകിസ്താൻ പരിശീലകനാകുന്നതും അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇടവേളക്ക് ശേഷം തിരിച്ചെത്തുന്നതും അംഗീകാരമായി കാണുന്നുവെന്ന് ഗാരി കേഴ്സ്റ്റൺ പ്രതികരിച്ചു.
ആസ്ട്രേലിയൻ മുൻ പേസ് ബൗളറായ ജേസൻ ഗില്ലസ്പി അവർക്കായി 71 ടെസ്റ്റിലും 97 ഏകദിനങ്ങളിലും ഇറങ്ങിയിട്ടുണ്ട്. ഇംഗ്ലീഷ് ടീം യോർക് ഷെയർ 2014ലും 2015ലും ഇംഗ്ലീഷ് കൺട്രി ചാമ്പ്യൻഷിപ്പിൽ ജേതാക്കളായത് ഗില്ലസ്പിയുടെ പരിശീലനത്തിലായിരുന്നു.
2023 ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ മുഖ്യ പരിശീലകൻ ഗ്രാൻഡ് ബ്രാൻഡ്ബേൺ, ടീം ഡയറക്ടർ മിക്കി ആർതർ അടക്കമുള്ള പരിശീലക സംഘത്തെ പാകിസ്താൻ പിരിച്ചുവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.