ട്വന്‍റി20 ലോകകപ്പിൽ ഇന്ത്യക്ക് പുതിയ വൈസ് ക്യാപ്റ്റൻ? രണ്ടാം വിക്കറ്റ് കീപ്പറായി സഞ്ജുവോ, രാഹുലോ എത്തും...
text_fieldsമുംബൈ: ട്വന്‍റി20 ലോകകപ്പിൽ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് ഇന്ത്യൻ ടീമിന്‍റെ വൈസ് ക്യാപ്റ്റനായേക്കുമെന്ന് റിപ്പോർട്ട്. ഐ.പി.എല്ലിൽ ബാറ്റിങ്ങിലും ബൗളിങ്ങിലും നിറംമങ്ങിയ ഹാർദിക്ക് പാണ്ഡ്യക്കു പകരം പന്തിന്‍റെ പേരാണ് വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. കാറപകടത്തിൽ ഗുരുതര പരിക്കേറ്റ് ഒന്നര വർഷത്തോളം കളത്തിനു പുറത്തിരുന്ന പന്ത്, ഐ.പി.എല്ലിലൂടെ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്.
ലോകകപ്പിൽ വിക്കറ്റ് കീപ്പർ ബാറ്റർ റോളിലേക്ക് ബി.സി.സി.ഐയുടെ പ്രഥമ പരിഗണന പന്തിന് തന്നെയായിരിക്കും. മലയാളി താരം സഞ്ജു സാംസൺ, കെ.എൽ. രാഹുൽ എന്നിവരിൽ ഒരാളെ രണ്ടാം വിക്കറ്റ് കീപ്പറായും ടീമിലെടുത്തേക്കും. ആരെ എടുക്കണമെന്ന കാര്യത്തിൽ സെലക്ടർമാർ ഇതുവരെ അന്തിമ തീരുമാനത്തിൽ എത്തിയിട്ടില്ല. ഐ.പി.എല്ലിൽ ഇരുവരും ക്യാപ്റ്റൻ റോളിൽ മികച്ച ഫോമിലാണ്. ലോകകപ്പ് ടീമിൽ രോഹിത് ശർമയുടെ ഡെപ്യൂട്ടിയെ തെരഞ്ഞെടുക്കാനുള്ള മത്സരത്തിൽ ഹാർദിക്കിനേക്കാൾ പന്തിനാണ് സാധ്യത കൂടുതലെന്ന് ക്രിക്ബസ് റിപ്പോർട്ട് ചെയ്തു.
ഐ.പി.എല്ലിൽ ഇതുവരെയുള്ള ഹാർദിക്കിന്‍റെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. മുംബൈ ഇന്ത്യൻസിനെ നയിക്കാനുള്ള ഹാർദിക്കിന്‍റെ കഴിവിനെ ചോദ്യം ചെയ്ത് പല പ്രമുഖരും രംഗത്തുവന്നിരുന്നു. അപകടത്തിൽ പരിക്കേറ്റ് ടീമിന് പുറത്തുപോകുന്നതിന് മുമ്പ് പന്തായിരുന്നു ഇന്ത്യൻ ടീമിന്‍റെ വൈസ് ക്യാപ്റ്റൻ പദവി വഹിച്ചിരുന്നത്. മെയ് ഒന്നിന് സെലക്ടർമാർ യോഗം ചേർന്ന് പന്തിനെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കാനുള്ള സാധ്യതയുണ്ടെന്നാണ് ക്രിക് ബസ് റിപ്പോർട്ട് പറയുന്നത്. 2022 ജൂണിൽ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന അഞ്ചു മത്സരങ്ങളടങ്ങിയ ട്വന്‍റി20 പരമ്പരയിൽ ഋഷഭ് പന്ത് ഇന്ത്യൻ ടീമിനെ നയിച്ചിട്ടുണ്ട്.
ടീമിലെ ടോപ് ഓർഡറിൽ രോഹിത് ശർമ, യശസ്വി ജയ്സ്വാൾ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ് എന്നിവരുടെ സ്ഥാനം ഉറപ്പായിട്ടുണ്ട്. മധ്യനിരയിൽ ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജദേജ എന്നിവരും ഇടംപിടിക്കും. ശിവം ദുബെ, റിങ്കു സിങ്, സഞ്ജു സാംസൺ, രാഹുൽ എന്നിവരിൽ ആരെല്ലാം സ്ക്വാഡിൽ ഉൾപ്പെടുമെന്ന കാര്യത്തിലാണ് തീരുമാനമാകാനുള്ളത്. സ്പിന്നറായി കുൽദീപ് യാദവും അക്സർ പട്ടേലും ടീമിലുണ്ടാകും. ഐ.പി.എല്ലിലെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമനായ യുസ് വേന്ദ്ര ചഹലിന് ടീമിൽ ഇടമുണ്ടാകില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.