പുതിയ വിഡിയോ പുറത്ത്; സൂര്യയുടെ ക്യാച്ചിൽ സംശയിച്ചവർക്ക് ഇനി നാവടക്കാം
text_fieldsട്വന്റി 20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തോൽപിച്ച് ഇന്ത്യയെ കിരീടമണിയിക്കുന്നതിൽ നിർണായകമായിരുന്നു സൂര്യകുമാർ യാദവിന്റെ ബൗണ്ടറി ലൈനിലെ അതിഗംഭീര ക്യാച്ച്. ഇന്ത്യക്കും വിജയത്തിനും ഇടയിൽ തടസ്സമായി നിലയുറപ്പിച്ച ഡേവിഡ് മില്ലറെ ഹാർദിക് പാണ്ഡ്യ എറിഞ്ഞ 20ാാം ഓവറിലെ ആദ്യ പന്തിലാണ് സൂര്യ അതിമനോഹരമായി കൈയിലൊതുക്കിയത്.
ആറു പന്തില്‍ ജയിക്കാന്‍ 16 റണ്‍സ് വേണമെന്ന ഘട്ടത്തിലായിരുന്നു നിർണായക വിക്കറ്റ് വീണത്. മില്ലറുടെ ഷോട്ട് സിക്സറെന്ന് ഏവരും ഉറപ്പിച്ചതായിരുന്നു. എന്നാല്‍, ബൗണ്ടറി ലൈൻ കടന്ന് വീഴാനൊരുങ്ങിയ പന്ത് ലോങ് ഓഫിലൂടെ ഓടിയെത്തിയ സൂര്യ അവിശ്വസനീയമായി പിടികൂടുകയും ബാലൻസ് തെറ്റിയപ്പോൾ ഉയര്‍ത്തിയിട്ട് വീണ്ടും അകത്ത് കയറി കൈയിലൊതുക്കുകയുമായിരുന്നു. ഏറെ നേരത്തെ പരിശോധനക്കൊടുവിൽ മൂന്നാം അമ്പയർ റിച്ചാഡ് കെറ്റിൽബറൊ ക്യാച്ച് അനുവദിക്കുകയായിരുന്നു. മത്സരത്തിൽ ഇന്ത്യ ഏഴ് റൺസിന് ജയിച്ചാണ് ലോകകിരീടത്തിൽ മുത്തമിട്ടത്.
ക്യാച്ചെടുക്കുമ്പോൾ സൂര്യയുടെ കാൽ ബൗണ്ടറി ലൈനിൽ തട്ടിയെന്ന ആരോപണം അന്നുതന്നെ ഉയർന്നതായിരുന്നു. ദിവസങ്ങളായി അതിനെ ചൊല്ലിയുള്ള ചർച്ചകളും സജീവമായിരുന്നു. എന്നാൽ, കാൽ ബൗണ്ടറി ലൈനിൽ തട്ടിയില്ലെന്ന് ഉറപ്പിക്കുന്ന പുതിയ വിഡിയോ ആംഗിൾ പുറത്തുവന്നിരിക്കുകയാണിപ്പോൾ. ക്യാച്ചിനെ ചൊല്ലിയുള്ള ചർച്ചകൾ ഇനി അവസാനിപ്പിക്കാമെന്നാണ് പുതിയ വിഡിയോ പങ്കുവെച്ച് സമൂഹ മാധ്യമങ്ങളിൽ ക്രിക്കറ്റ് ആരാധകരുടെ പ്രതികരണം.
1983 ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിന്റെ വിവ് റിച്ചാര്‍ഡ്‌സിനെ പുറത്താക്കാന്‍, ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ് എടുത്ത ക്യാച്ചുമായാണ് പലരും സൂര്യകുമാറിന്റെ ക്യാച്ചിനെ താരതമ്യം ചെയ്യുന്നത്. ‘ആ സമയത്ത് യഥാര്‍ഥത്തില്‍ എന്തായിരുന്നു എന്റെ മനസ്സിലെന്ന് അറിയില്ല. ലോകകപ്പ് പറന്നുയരുന്നതാണ് ഞാന്‍ കണ്ടത്, അത് മുറുകെ പിടിച്ചു’ -എന്നായിരുന്നു സൂര്യകുമാര്‍ ക്യാച്ചിനെ കുറിച്ച് പ്രതികരിച്ചത്. മുൻ ന്യൂസിലാൻഡ് താരവും കമന്റേറ്ററുമായ ഇയാൻ സ്മിത്ത് ചരിത്രത്തിലെ മഹത്തായ ക്യാച്ചുകളിലൊന്നെന്നായിരുന്നു ഇതിനെ വിശേഷിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.