ട്വന്റി 20 ലോകകപ്പ്: ഇന്ത്യ-പാകിസ്താൻ മത്സരത്തിന് ഐ.എസ് ഭീഷണി; സുരക്ഷ ശക്തമാക്കി
text_fieldsന്യൂയോർക്ക്: യു.എസിലും വെസ്റ്റ് ഇൻഡീസിലുമായി നടക്കുന്ന ട്വന്റി 20 ലോകകപ്പിന് ഐ.എസ്.ഐ.എസ് -കെയുടെ ഭീഷണി. ഇതേതുടർന്ന് ലോകകപ്പിനുള്ള സുരക്ഷ കൂടുതൽ ശക്തമാക്കാൻ ന്യൂയോർക്ക് പൊലീസ് തീരുമാനിച്ചു. ജൂൺ ഒമ്പതിന് ന്യൂയോർക്കിൽ നടക്കുന്ന ഇന്ത്യ-പാകിസ്താൻ മത്സരത്തിനാണ് പ്രധാന ഭീഷണി.
അതേസമയം, ഭീഷണിയുടെ ആധികാരികത ചോദ്യം ചെയ്ത് ന്യൂയോർക്ക് ഗവർണർ കാത്തി ഹോചുൾ രംഗത്തെത്തി. കളിക്കാരുടേയും മത്സരം കാണാനെത്തുന്ന കാണികളുടേയും സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ന്യൂയോർക്ക് ഗവർണർ പറഞ്ഞു. മത്സരത്തിന് എത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ വിവിധ ഏജൻസികളുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
ന്യൂയോർക്കിൽ സുരക്ഷശക്തമാക്കാൻ പൊലീസിനോട് നിർദേശിച്ചിട്ടുണ്ട്. സമീപപ്രദേശങ്ങളിലും ശക്തമായ നിരീക്ഷണം തുടരുമെന്ന് തന്റെ എക്സ് അക്കൗണ്ടിലൂടെ ഗവർണർ അറിയിച്ചു. മത്സരം നടക്കുന്ന സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന നാസോ കൗണ്ടിയിലെ എക്സിക്യൂട്ടീവ് ബ്രൂസ് ബ്ലേക്ക്മാനും സുരക്ഷ ശക്തമാക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ലോകത്തിലെ എല്ലാ ടീമുകളും ലോകകപ്പിനായി യു.എസിലേക്ക് എത്തുകയാണ്. ലോകത്തിന്റെ എല്ലാ ഭാഗത്ത് നിന്നും ആരാധകർ നാസോയിലേക്ക് ഒഴുകും. നാസോയിലെ സുരക്ഷാഭീഷണികൾ നേരിടുന്നതിന് വേണ്ടിയുള്ള നിർദേശം വിവിധ ഏജൻസികൾക്ക് നൽകിയിട്ടുണ്ട്. എഫ്.ബി.ഐ അടക്കമുള്ള ഏജൻസികളുമായി ചേർന്ന് സുരക്ഷയൊരുക്കാൻ വേണ്ടി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.