അഫ്ഗാൻ തരിപ്പണം; ന്യൂസിലൻഡിന് 149 റൺസ് ജയം
text_fieldsചെന്നൈ: നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ അട്ടിമറിച്ചതിന്‍റെ ആത്മവിശ്വാസത്തിൽ ന്യൂസിലൻഡിനെതിരെ കളിക്കാനിറങ്ങിയ അഫ്ഗാനിസ്താന് വമ്പൻ തോൽവി. 149 റൺസിനാണ് അഫ്ഗാനെ കിവീസ് തരിപ്പണമാക്കിയത്. തുടര്‍ച്ചയായ നാലാം ജയത്തോടെ ന്യൂസിലൻഡ് എട്ടു പോയന്‍റുമായി ഒന്നാമതെത്തി.
289 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അഫ്ഗാൻ താരങ്ങൾക്ക് കിവീസ് ബൗളർമാരുടെ തകർപ്പൻ ബൗളിങ്ങിനു മുന്നിൽ പിടിച്ചുനിൽക്കാനായില്ല. 34.4 ഓവറില്‍ 139 റണ്‍സിന് ടീം ഓള്‍ ഔട്ടായി. 62 പന്തിൽ 36 റൺസെടുത്ത റഹ്മത്ത് ഷായാണ് അഫ്ഗാൻ നിരയിലെ ടോപ് സ്കോറർ. അഞ്ചു ബാറ്റർമാർ മാത്രമാണ് രണ്ടക്കം കടന്നത്. റഹ്മാനുല്ല ഗുർബാസ് (21 പന്തിൽ 11), ഇബ്രാഹിം സദ്രാൻ (15 പന്തിൽ 14), ഹഷ്മത്തുള്ള ഷാഹിദി (29 പന്തിൽ എട്ട്), അസ്മത്തുല്ല ഒമർസായി (32 പന്തിൽ 27), മുഹമ്മദ് നാബി (ഒമ്പത് പന്തിൽ ഏഴ്), റാഷിദ് ഖാൻ (13 പന്തിൽ എട്ട്), മുജീബുർ റഹ്മാൻ (മൂന്നു പന്തിൽ നാല്), നവീനുൽ ഹഖ് (പൂജ്യം), ഫസൽഹഖ് ഫാറൂഖി (പൂജ്യം) എന്നിങ്ങനെയാണ് ബാക്കി ബാറ്റർമാരുടെ സംഭാവന. 21 പന്തിൽ 19 റൺസുമായി ഇക്രം അലിഖിൽ പുറത്താകാതെ നിന്നു.
കിവീസിനായി മിച്ചല്‍ സാന്റ്‌നര്‍, ലോക്കി ഫെര്‍ഗൂസന്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതവും ട്രെന്റ് ബോള്‍ട്ട് രണ്ട് വിക്കറ്റും മാറ്റ് ഹെന്റിയും രചിന്‍ രവീന്ദ്രയും ഓരോ വിക്കറ്റ് വീതവും നേടി. ആദ്യം ബാറ്റു ചെയ്ത ന്യൂസീലന്‍ഡ് 50 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തിലാണ് 288 റണ്‍സെടുത്തത്. ഒരു ഘട്ടത്തില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട കിവീസിനെ ഗ്ലെന്‍ ഫിലിപ്‌സും ടോം ലാഥവും ചേര്‍ന്ന കൂട്ടുകെട്ടാണ് രക്ഷിച്ചത്. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നെടുത്ത 144 റണ്‍സ് കൂട്ടുകെട്ടാണ് ടീം സ്കോർ 250 കടത്തിയത്.
ഗ്ലെന്‍ ഫിലിപ്‌സ് 80 പന്തിൽ 71 റൺസും ടോം ലാഥം 74 പന്തിൽ 68 റൺസും എടുത്താണ് പുറത്തായത്. ഓപ്പണറായ വിൽ യങ്ങും (64 പന്തിൽ 54) അർധ സെഞ്ച്വറി നേടി. അഫ്ഗാനുവേണ്ടി നവീനുൽ ഹഖ്, അസ്മത്തുല്ല ഒമര്‍സായ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും മുജീബുര്‍ റഹ്‌മാന്‍, റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.