'ഔട്ടായാൽ നേരെ വിട്ടോണം'; പാകിസ്താൻ-ന്യൂസിലാൻഡ് പരമ്പരയിൽ ഡി.ആർ.എസ് ഉണ്ടാകില്ല, കാരണം വിചിത്രം
text_fieldsഇസ്ലാമാബാദ്: 18 വർഷത്തിന് ശേഷം പാകിസ്താൻ പരമ്പരക്കെത്തിയിരിക്കുകയാണ് ന്യൂസിലാൻഡ്. പരമ്പരയിലെ മത്സരങ്ങളിൽ ഡി.ആർ.എസ് (ഡിസിഷൻ റിവ്യൂ സിസ്റ്റം) ഉണ്ടായിരിക്കില്ലെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. അഥവാ ഔട്ടല്ലെന്ന് ഉറപ്പുള്ളതിനായി വാദിക്കാൻ ബാറ്റ്സ്മാനോ വിക്കറ്റാണെന്ന് ഉറപ്പുള്ളതിന് അപ്പീൽ നൽകാൻ ബൗളർക്കോ ആവില്ല. അമ്പയറുടെ തീരുമാനമായിരിക്കും അന്തിമമാകുക.
ഡി.ആർ.എസ് സാങ്കേതിക വിദ്യ ലഭ്യമാക്കുന്ന ഐ.സി.സി അംഗീകൃത ദാതാക്കളുടെ അഭാവം കാരണമാണ് പരമ്പരയിൽ ഡി.ആർ.എസ് ഉണ്ടാകാത്തതെന്നാണ് ഔദ്യോഗിക വിശദീകരണം. മത്സരങ്ങളുടെ സംപ്രേക്ഷണ അവകാശം പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ഏറെ വൈകിയാണ് നൽകിയത് എന്ന കാരണത്താലാണ് ഈ പ്രശ്നം ഉടലെടുത്തത്.
മൂന്നു ഏകദിനങ്ങളും അഞ്ച് ട്വന്‍റി 20 കളുമാണ് പരമ്പരയിലുള്ളത്. സെപ്റ്റംബർ 17 മുതലാണ് ആദ്യ ഏകദിനം. നായകൻ കെയിൻ വില്യംസൺ അടക്കമുള്ള പല പ്രമുഖ താരങ്ങളും ഐ.പി.എൽ കാരണം പര്യടനത്തിനില്ല.
2009ൽ ലാഹോറിലെ ഗദ്ദാഫി സ്‌റ്റേഡിയത്തിനരികിൽ വെച്ച് സന്ദർശനത്തിനെത്തിയ ശ്രീലങ്കൻ ടീമിന്റെ ബാറ്റിംഗ് കോച്ച് തിലൻ സമരവീരക്ക് വെടിയേറ്റ ശേഷം അന്താരാഷ്ട്ര ടീമുകൾ പാക്കിസ്ഥാനിലെത്തിയിരുന്നില്ല. യു.എ.ഇ പോലെയുള്ള നിഷ്പക്ഷ വേദികളിൽ മത്സരം നടത്താറായിരുന്നു പതിവ്. തുടർന്ന് അടുത്ത വർഷങ്ങളിലായി ദക്ഷിണാഫ്രിക്ക, സിംബാംബ്വെ, വെസ്റ്റിൻഡീസ് ടീമുകൾ പാകിസ്താനിൽ എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.