‘പക വീട്ടാനുള്ളതാണ്’; ഉദ്ഘാടന മത്സരത്തിൽ ചാമ്പ്യന്മാരെ നാണംകെടുത്തി ന്യൂസിലാൻഡ്
text_fieldsഅഹ്മദാബാദ്: ലോകകപ്പ് ക്രിക്കറ്റിന്റെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ നാണംകെടുത്തി ന്യൂസിലാൻഡ്. ഒമ്പത് വിക്കറ്റിനായിരുന്നു കീവീസിന്റെ ജയം. കഴിഞ്ഞ ലോകകപ്പിന്റെ ഫൈനലിൽ തങ്ങളെ തോൽപിച്ച് കിരീടം നേടിയ ഇംഗ്ലീഷുകാരോടുള്ള മധുപ്രതികാരമായി ന്യൂസിലാൻഡിനിത്.
283 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കീവീസിനായി ഓപണർ ദെവോൺ കോൺവേയും വൺഡൗണായെത്തിയ രചിൻ രവീന്ദ്രയും ഉജ്വല സെഞ്ച്വറികളുമായി കളം നിറഞ്ഞപ്പോൾ ഇംഗ്ലീഷ് ബൗളിങ് നിര നിസ്സഹായരായി. കോൺവേ 121 പന്തിൽ മൂന്ന് സിക്സും 19 ഫോറും സഹിതം 152 റൺസും രചിൻ രവീന്ദ്ര 96 പന്തിൽ അഞ്ച് സിക്സും11 ഫോറുമായി 123 റൺസുമെടുത്ത് പുറത്താകാതെ നിന്നപ്പോൾ ന്യൂസിലാൻഡ് 36.2 ഓവറിൽ കളി തീർത്തു. ഓപണർ വിൽ യുങ്ങിനെ നേരിട്ട ആദ്യ പന്തിൽ ബട്ട്‍ലറുടെ കൈയിലെത്തിച്ച് സാം കറൺ ന്യൂസിലാൻഡിനെ ഞെട്ടിച്ചെങ്കിലും പിന്നീടൊരു വിക്കറ്റെടുക്കാൻ ആറ് ബൗളർമാരെ പരീക്ഷിച്ചിട്ടും ഇംഗ്ലണ്ടിനായില്ല. രണ്ടാം വിക്കറ്റിൽ 211 പന്തിൽ 273 റൺസാണ് ഇരുവരും ചേർന്ന് അടിച്ചുകൂട്ടിയത്. ബാളെറിഞ്ഞവരെല്ലാം കണക്കിന് തല്ല് വാങ്ങി.
ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 282 റൺസാണ് അടിച്ചത്. അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഓപണർമാർ തരക്കേടില്ലാത്ത തുടക്കമാണ് ഇംഗ്ലണ്ടിന് നൽകിയത്. 7.4 ഓവറിൽ 40 റൺസ് ചേർത്ത കൂട്ടുകെട്ട് മിച്ചൽ സാന്റ്നറാണ് പൊളിച്ചത്. ഡേവിഡ് മലാനെ സാന്റ്നറുടെ പന്തിൽ ഡാറിൽ മിച്ചൽ പിടികൂടുകയായിരുന്നു. തുടർന്നെത്തിയ ജോ റൂട്ട് മികച്ച ഫോമിലായിരുന്നു. 86 പന്തിൽ ഒരു സിക്സും നാല് ഫോറുമടക്കം 77 റൺസാണ് റൂട്ട് അടിച്ചെടുത്തത്. താരത്തെ െഗ്ലൻ ഫിലിപ്സ് പുറത്താക്കുകയായിരുന്നു.
തുടർന്നെത്തിയ ബാറ്റർമാരിൽ ക്യാപ്റ്റൻ ജോസ് ബട്‍ലർ (43), ഓപണർ ജോണി ബെയർസ്റ്റോ (33), ഹാരി ബ്രൂക് (25) എന്നിവർക്ക് മാത്രമാണ് കുറച്ചെങ്കിലും പിടിച്ചുനിൽക്കാനായത്. ഡേവിഡ് മലാൻ (14), മൊയീൻ അലി (11), ലിയാം ലിവിങ്സ്റ്റൺ (20), സാം കറൺ (14), ക്രിസ് വോക്സ് (11) ആദിൽ റാഷിദ് (പുറത്താകാതെ 15), മാർക് വുഡ് (പുറത്താകാതെ 13) എന്നിങ്ങനെയായിരുന്നു മറ്റു ബാറ്റർമാരുടെ സംഭാവന. ന്യൂസിലാൻഡിനായി മാറ്റ് ഹെന്റി മൂന്നും മിച്ചൽ സാന്റ്നർ, െഗ്ലൻ ഫിലിപ്സ് എന്നിവർ രണ്ട് വീതവും വിക്കറ്റ് നേടിയപ്പോൾ ട്രെൻഡ് ബോൾട്ട്, രചിൻ രവീന്ദ്ര എന്നിവർ ഓരോ വിക്കറ്റെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.