മുംബൈയിൽ ബന്ധുക്കളെ സന്ദർശിച്ച് ന്യൂസിലൻഡ് സ്പിന്നർ അജാസ് പട്ടേൽ -ചിത്രങ്ങൾ വൈറൽ
text_fieldsമുംബൈ: സ്പിന്നർ അജാസ് പട്ടേലിന്‍റെ മാന്ത്രിക ബൗളിങ്ങിന്‍റെ കരുത്തിലാണ് ടെസ്റ്റ് പരമ്പരയിൽ ന്യൂസിലൻഡ് ഇന്ത്യയെ കശക്കിയെറിഞ്ഞത്. മുംബൈ വാംഖഡെയിൽ നടന്ന മൂന്നാം ടെസ്റ്റിൽ രണ്ടു ഇന്നിങ്സുകളിലുമായി 11 വിക്കറ്റുകളാണ് താരം നേടിയത്. മത്സരത്തിലെ മികച്ച താരമായും തെരഞ്ഞെടുക്കപ്പെട്ടു.
നാട്ടിൽ നടന്ന ടെസ്റ്റ് പരമ്പരയിലെ മൂന്നു മത്സരവും തോറ്റ നാണക്കേടിലാണ് രോഹിത് ശർമയും സംഘവും. മുംബൈയിൽ സ്പിന്‍ പിച്ചൊരുക്കി എതിരാളികളെ കറക്കി വീഴ്ത്താമെന്ന് കണക്കുകൂട്ടിയ ഇന്ത്യയെ അതേ രീതിയില്‍ തിരിച്ചടിച്ചാണ് കീവീസ് ചരിത്ര നേട്ടം സ്വന്തമാക്കിയത്. ഇടംകൈയന്‍ സ്പിന്നറായ അജാസ് പട്ടേൽ മൂന്ന് വര്‍ഷം മുമ്പ് ഒരിന്നിങ്‌സിൽ 10 വിക്കറ്റുകൾ നേടി ഇന്ത്യയെ വിറപ്പിച്ചിരുന്നു. അന്നുമുതലാണ് അജാസ് എന്ന പേര് ക്രിക്കറ്റ് ലോകം ശ്രദ്ധിച്ചുതുടങ്ങിയത്.
ടെസ്റ്റ് ക്രിക്കറ്റില്‍ ഒരിന്നിങ്‌സിൽ 10 വിക്കറ്റും നേടുന്ന മൂന്നാമത്തെ മാത്രം താരമാണ് അജാസ്. കഴിഞ്ഞദിവസം മുംബൈ ഡോംഗ്രിയിലെ ഇടുങ്ങിയ തിരക്കുള്ള തെരുവിലൂടെ അജാസ് തന്‍റെ ബന്ധുക്കളെ കാണാനെത്തിയത് ഏവരെയും അത്ഭുതപ്പെടുത്തി. തന്‍റെ സന്ദർശനം പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് നിർബന്ധമുള്ളതിനാൽ അതീവ രഹസ്യമായിട്ടായിരുന്നു താരത്തിന്‍റെ സന്ദർശനം. മുംബൈയില്‍ ജനിച്ച അജാസ് എട്ടാം വയസുവരെ ജീവിച്ചതും പഠിച്ചതുമെല്ലാം മുംബൈയില്‍ തന്നെയായിരുന്നു.
പിന്നാലെയാണ് മാതാപിതാക്കള്‍ രണ്ട് സഹോദരിമാര്‍ക്കൊപ്പം അജാസിനെയും കൂട്ടി ന്യൂസിലന്‍ഡിലെ ഓക്‌ലന്‍ഡിലെത്തിയത്. മുംബൈയിൽ വരുമ്പോഴെല്ലാം ബന്ധുക്കളെ കാണാനും അവർക്കൊപ്പം സമയം ചെലവിടാനും താരം സമയം കണ്ടെത്താറുണ്ട്. ബന്ധുക്കൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ആഭ്യന്തര ക്രിക്കറ്റിലെ തകർപ്പൻ പ്രകടനമാണ് അജാസിന് ന്യൂസിലൻഡ് ദേശീയ ക്രിക്കറ്റിലേക്ക് വഴിതുറക്കുന്നത്.
2018 ഒക്ടോബർ 31ന് പാകിസ്താനെതിരെ അബൂദബിയിൽ കീവീസിനായി ട്വന്‍റി20 ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു. തൊട്ടടുത്ത മാസം പാകിസ്താനെതിരെ അതേ വേദിയിൽ ടെസ്റ്റിലും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.