കാത്തിരിപ്പിന് അവസാനം; ന്യൂസിലൻഡ് ജയിച്ചു, ഇന്ത്യ പുറത്ത്
text_fieldsഅബുദാബി: ''അഫ്ഗാൻ ജയിച്ചാൽ അവർക്കും ഇന്ത്യക്കും ന്യൂസിലൻഡിനും തുല്യ പോയന്റ്. ഒടുവിൽ നമീബിയയെ അടിച്ചുപരത്തി റൺശരാശരിയിൽ ഇന്ത്യ സെമിയിൽ! ''.... കൂട്ടിയും കുറച്ചും ആ വാർത്തക്കായി പ്രാർഥനയോടെ കാത്തിരുന്ന നൂറുകോടി ആരാധകരുടെ പ്രതീക്ഷക്ക് അവസാനം. അഫ്ഗാൻ അത്ഭുതം പ്രതീക്ഷിച്ച് കാത്തിരുന്നവരെ നിരാശരാക്കി കിവികൾ അരങ്ങു തകർത്തപ്പോൾ ട്വന്‍റി20 ലോകകപ്പിൽ നിന്ന് ഇന്ത്യ പുറത്തായി. നിർണായകമായ മത്സരത്തിൽ അഫ്ഗാനിസ്താനെ എട്ടു വിക്കറ്റിന് ന്യൂസിലൻഡ് തോൽപിച്ച് സെമിയുറപ്പിച്ചതോടെയാണ് ഇന്ത്യയുടെ പ്രതീക്ഷ അവസാനിച്ചത്. സ്കോർ: അഫ്ഗാനിസ്താൻ 124/8(20 ഓവർ), ന്യൂസിലൻഡ്-125/2(18.1)
നേരത്തെ, ഇന്ത്യ ഉൾപ്പെട്ട ഗ്രൂപ് രണ്ടിൽ നിന്ന് പാകിസ്താൻ സെമി ഉറപ്പിച്ചിരുന്നു. അഞ്ചു മത്സരങ്ങളിൽ നാലും ജയിച്ച് എട്ടു പോയന്‍റുമായാണ് ന്യൂസീലന്‍ഡ് സെമിയിലെത്തിയത്. പുറത്താവൽ ഉറപ്പിച്ചതോടെ, തിങ്കളാഴ്ച നടക്കുന്ന നമീബിയക്കെതിരായ ഇന്ത്യയുടെ അവസാനമത്സരം വെറുതെയായി.
അഫ്ഗാൻ ഉയർത്തിയ 125 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് അനായാസമായാണ് കിവികൾ ബാറ്റു വീശിയത്. സ്കോർബോർഡിൽ 26 റൺസ് എത്തിയപ്പോൾ ഡാരിൽ മിച്ചലിനെ(17) മുജീബ് റഹ്മാൻ വിക്കറ്റിൽ കുരുക്കിയത് പ്രതീക്ഷ നൽകിയെങ്കിലും കാര്യമുണ്ടായില്ല. മാർടിൻ ഗപ്റ്റിൽ 23 പന്തിൽ 28 റൺസുമായി ടീമിനെ സമ്മർദ്ദ ഘട്ടത്തിൽ നിന്ന് രക്ഷിച്ചു. റാഷിദ് ഖാൻ ഗപ്ടിലിലെ പുറത്താക്കിയതോടെ അഫ്ഗാൻ മത്സരത്തിലേക്ക് തിരിച്ചുവരുമെന്ന് തോന്നിച്ചെങ്കിലും പിന്നീടു വന്ന ക്യാപ്റ്റൻ കെയിൻ വില്ല്യംസണും(42 പന്തിൽ 40) ഡിവോൺ കോൺവെയും(32 പന്തിൽ 36) പുറത്താകാതെ വിജയ സ്കോറിലേക്ക് ടീമിനെ നയിച്ചു.
ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്‍റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. 5.1 ഓവറില്‍ 19 റണ്‍സെടുക്കുന്നതിനിടെ തന്നെ അവര്‍ക്ക് മുഹമ്മദ് ഷഹ്‌സാദ് (4), ഹസ്‌റത്തുള്ള സസായ് (2), റഹ്മാനുള്ള ഗുര്‍ബാസ് (6) എന്നിവരെ നഷ്ടമായി. പിന്നീട് അര്‍ധ സെഞ്ചുറിയുമായി നിലയുറപ്പിച്ച നജീബുല്ല സദ്റാൻ മാത്രമാണ് അഫ്ഗാന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്താനായത്.
48 പന്തുകള്‍ നേരിട്ട നജീബുല്ല മൂന്ന് സിക്‌സും ആറ് ഫോറുമടക്കം 73 റണ്‍സെടുത്തു. മുഹമ്മദ് നബിയെ കൂട്ടുപിടിച്ചാണ് നജീബുല്ല അഫ്ഗാനെ 100 കടത്തിയത്. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 59 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കി.
നാല് ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ട്രെന്‍ഡ് ബോള്‍ട്ടാണ് അഫ്ഗാൻ നടുവൊടിച്ചത്. ടിം സൗത്തി രണ്ട് വിക്കറ്റ് വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.