രഞ്ജി ട്രോഫി; സെമി തേടി കേരളം ജമ്മു-കശ്മീരിനെതിരെ
text_fieldsപുണെ: വീണ്ടുമൊരിക്കൽക്കൂടി രഞ്ജിട്രോഫി ക്രിക്കറ്റ് ചാമ്പ്യൻഷിപ് സെമിഫൈനൽ തേടി കേരളം. പുണെ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്നാരംഭിക്കുന്ന ക്വാർട്ടറിൽ വമ്പൻ അട്ടിമറികളിലൂടെ മുന്നേറിയ ജമ്മു-കശ്മീരാണ് കേരളത്തിന്റെ എതിരാളി. മുമ്പ് മൂന്നുതവണ ക്വാർട്ടർ കളിച്ച കേരളം 2019ൽ കരുത്തരായ ഗുജറാത്തിനെ അട്ടിമറിച്ച് സെമിഫൈനലിലെത്തിയിരുന്നു. ശേഷം ഇതാദ്യമായാണ് ലീഗ് ഘട്ടം പിന്നിടുന്നത്. ജമ്മുവിനും ഇത് ചരിത്രത്തിലെ മൂന്നാം ക്വാർട്ടർ പോരാട്ടമാണ്.
മുമ്പ് പലതവണ ജേതാക്കളായ കർണാടകയും ബംഗാളും ഉൾപ്പെട്ട ഗ്രൂപ് സിയിൽ നിന്ന് ഹരിയാനക്കുപിന്നിൽ രണ്ടാം സ്ഥാനക്കാരായാണ് കേരളം ക്വാർട്ടർ ഉറപ്പിച്ചത്. പഞ്ചാബ്, ഉത്തർ പ്രദേശ്, ബിഹാർ എന്നിവർക്കെതിരെ ജയിച്ചുകയറിയ കേരളം ബംഗാൾ, മധ്യപ്രദേശ്, കർണാടക, ഹരിയാന എന്നിവരോട് സമനില പാലിച്ചു. ഏറ്റവും കൂടുതൽ തവണ രഞ്ജി ട്രോഫി നേടിയ താരനിബിഡമായ മുംബൈയെയും ബറോഡയെയും അട്ടിമറിച്ചാണ് ജമ്മുവിന്റെ മുന്നേറ്റം.
മറുനാടൻ താരങ്ങളായ ജലജ് സക്സേന, സർവാതെ എന്നിവരുടെ സ്പിൻ ബൗളിങ് മികവിലാണ് കേരളത്തിന്റെ കുതിപ്പ്. ക്വാർട്ടറിലും ടീം കൂടുതൽ ആശ്രയിക്കുക ഇവരെ തന്നെയാവും. സക്സേന ഇതുവരെ 33ഉം സർവാതെ 22ഉം വിക്കറ്റുകളാണ് വീഴ്ത്തിയത്. 12 വിക്കറ്റ് വീഴ്ത്തിയ പേസർ എം.ഡി നിധീഷാണ് തൊട്ടുപിന്നിൽ. ബേസിൽ തമ്പി ഫോമിലെത്താൻ വിഷമിക്കുന്ന സാഹചര്യത്തിൽ പേസ് നിരയിൽ നിധീഷിന് ഇനിയും പറ്റിയ പങ്കാളിയെ ലഭിച്ചിട്ടില്ല. പരിക്കേറ്റ മറ്റൊരു മറുനാടൻ താരം ബാബ അപരാജിതിന് പകരം അണ്ടർ 19 നായകൻ അഹമ്മദ് ഇംറാനെ ടീമിലെടുത്തിട്ടുണ്ട്. ബാറ്റിങ്ങിൽ സഞ്ജു സാംസണിന്റെ അഭാവത്തിൽ സൽമാൻ നിസാർ, മുഹമ്മദ് അസ്ഹറുദ്ദീൻ, രോഹൻ കുന്നുമ്മൽ, നായകൻ സചിൻ ബേബി എന്നിവരുടെ കരുത്തിലാണ് കേരളത്തിന്റെ പ്രതീക്ഷ.
ഇന്ത്യൻ നായകൻ രോഹിത് ശർമ, അജിങ്ക്യ രഹാനെ, യശ്വസി ജയ്സ്വാൾ, ശിവം ദുബെ എന്നിവരടങ്ങിയ മുംബൈ നിരയെ പിച്ചിച്ചീന്തിയ ആഖിബ് നബി, ഉമർ നസീർ, യുധ്വീർ സിങ് എന്നിവരടങ്ങിയ പേസ് നിരയാണ് ജമ്മുവിന്റെ കരുത്ത്. പരിചയസമ്പന്നനായ അതിഥി താരം പരസ് ദോംഗ്രെ നയിക്കുന്ന ജമ്മുവിന്റെ ബാറ്റ്സ്മാന്മാരിൽ ശുഭം കജൂരിയ, ആബിദ് മുഷ്താഖ്, അബ്ദു സമദ് തുടങ്ങിയവർ തകർപ്പൻ ഫോമിലാണ്. മറ്റു ക്വാർട്ടറുകളിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഹരിയാനയെയും തമിഴ്നാട് വിദർഭയെയും സൗരാഷ്ട്ര ഗുജറാത്തിനെയും നേരിടും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.