നമീബിയ കടന്ന് സെമിക്കരികെ ന്യൂസിലൻഡ്
text_fieldsദുബൈ: ഇന്ത്യയുടെ പാതികരിഞ്ഞ സ്വപ്നങ്ങൾക്ക് പുതുജീവൻ പകർന്ന് ബാറ്റിങ്ങിലും ബൗളിങ്ങിലും തുടക്കം ഗംഭീരമാക്കിയ ശേഷം അവസാനം കൈവിട്ട് നമീബിയ. ചരിത്രത്തിലാദ്യമായി ട്വൻറി20 ലോകകപ്പ് സൂപ്പർ 12നെത്തി ഉടനീളം മിന്നും പ്രകടനവുമായി കറുത്ത കുതിരകളാകുമെന്ന പ്രതീക്ഷ നൽകിയ ആഫ്രിക്കൻ ടീം വീണത് 52 റൺസിന്. ഇതോടെ, ന്യൂസിലൻഡ് സെമി പ്രതീക്ഷയിലേക്ക് ഒരു ചുവടുകൂടി അടുത്തു. സ്കോർ ന്യൂസിലൻഡ് 163/4, നമീബിയ 111/7.
ആദ്യം ബാറ്റു ചെയ്ത ന്യൂസിലൻഡ് നിരയിൽ മാർട്ടിൻ ഗപ്റ്റിലിൽ തുടങ്ങി ഡാരിൽ മിച്ചലും ഡെവൻ കോൺവെയും വരെ വലിയ ലക്ഷ്യത്തിനു മുന്നിൽ മുടന്തിയപ്പോൾ 15 ഓവറിൽ അക്കൗണ്ടിലെത്തിയത് 91 റൺസ്. നഷ്ടമായത് വിലപ്പെട്ട നാലു വിക്കറ്റുകളും. അതോടെ, നമീബിയൻ പ്രതീക്ഷകൾ ആകാശത്തോളം ഉയർന്നെങ്കിലും പിന്നീട് കളി മാറി. അടുത്ത രണ്ട് ഓവറിൽ 19 റൺസ് ചേർത്ത മധ്യനിര അവസാന മൂന്നു ഓവറുകളിൽ 53 റൺസ് അടിച്ചെടുത്ത് നമീബിയക്ക് മുന്നിൽ 164 റൺസ് എന്ന കൂറ്റൻ സ്കോർ ഉയർത്തി.
മറുപടി ബാറ്റിങ് പക്ഷേ, തുടക്കം ഗംഭീരമായിരുന്നു. റണ്ണൊഴുക്കിന് വേഗം കുറഞ്ഞെങ്കിലും വിക്കറ്റു വീഴാതെ ഓപണർമാർ സംരക്ഷണമൊരുക്കിയെങ്കിലും പത്താം ഓവറിൽ ആദ്യ വിക്കറ്റു വീണതോടെ കളി മറിഞ്ഞു. പിന്നീട്,
അടുത്തടുത്ത ഓവറുകളിൽ മുറപോലെ വിക്കറ്റുകൾ നഷ്ടപ്പെട്ട നമീബിയക്ക് പിന്നീട് പ്രതീക്ഷയില്ലാതായി. ഓരോ ഓവറിലും മൂർച്ച കൂട്ടിയ ന്യൂസിലൻഡ് ബൗളിങ് ആഫ്രിക്കൻ പ്രതീക്ഷകൾ തളിർക്കാൻ അവസരം നൽകിയതേയില്ല.
സെഞ്ച്വറി കടക്കാൻ 18ാം ഓവർ വരെ കാത്തിരുന്ന നമീബിയൻ ഇന്നിങ്സ് ഏഴു വിക്കറ്റ് നഷ്ടത്തിൽ 111 റൺസിലൊതുങ്ങി. നാലോവറിൽ 15 റൺസ് വിട്ടുനൽകി രണ്ടു വിക്കറ്റുവീഴ്ത്തിയ ടിം സൗതിയും അത്രയും വിക്കറ്റെടുത്ത ട്രെൻറ് ബോൾട്ടുമാണ് നമീബിയയുടെ അന്തകരായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.