'തോൽവി ഏറെ വേദനിപ്പിക്കുന്നു'; ട്വന്‍റി20 ലോകകപ്പിൽനിന്ന് പുറത്തായതിനു പിന്നാലെ വിൻഡീസ് നായകൻ
text_fieldsരണ്ടു തവണ ലോക ചാമ്പ്യന്മാരായ വെസ്റ്റിൻഡീസ് നിർണായക മത്സരത്തിൽ അയർലൻഡിനോട് തോറ്റാണ് ആസ്ട്രേലിയയിൽ നടക്കുന്ന ട്വന്‍റി20 ലോകകപ്പിൽനിന്ന് പുറത്തായത്. ഒമ്പത് വിക്കറ്റ് ജയത്തോടെ അയർലൻഡ് സൂപ്പര്‍ പോരാട്ടത്തിന് യോഗ്യത നേടി. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 146 റൺസെത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ അയർലൻഡ് ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 15 പന്തുകൾ ബാക്കി നിൽക്കെ ലക്ഷ്യത്തിലെത്തുകയായിരുന്നു.
നാണംകെട്ട തോൽവി വഴങ്ങിയതിൽ താരങ്ങളും ഏറെ നിരാശരാണ്. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ടീം നായകൻ നിക്കോളാസ് പൂരന് കണ്ണീർ നിയന്ത്രിക്കാനായില്ല. ടീമിന്‍റെ മോശം പ്രകടനത്തിൽ അദ്ദേഹം ആരാധകരോട് മാപ്പ് പറയുകയും ചെയ്തു. 'ഇത് കഠിനമാണ്, ഈ ടൂർണമെന്റിൽ ഞങ്ങളുടെ ബാറ്റിങ് മികച്ചതായിരുന്നില്ല, ഇന്നും നന്നായി ബാറ്റ് ചെയ്തില്ല. 145 എന്ന ചെറിയ സ്കോർ പ്രതിരോധിക്കുന്നത് വളരെ പ്രയാസമാണ്. ഈ ടോട്ടൽ പ്രതിരോധിക്കാൻ ബൗളർമാരോട് ആവശ്യപ്പെടുന്നത് ശരിക്കും ഒരു വെല്ലുവിളി തന്നെയായിരുന്നു. അയർലൻഡിന് അഭിനന്ദനങ്ങൾ, അവർ അതിശയകരമായി ബാറ്റ് ചെയ്യുകയും നന്നായി പന്തെറിയുകയും ചെയ്തു' -പൂരൻ പറഞ്ഞു.
ഒരുപാട് അനുകൂല ഘടകങ്ങളുമുണ്ട്. മധ്യനിര താരം ബ്രാണ്ടൻ കിങ് നന്നായി ബാറ്റ് ചെയ്തു. പക്ഷേ മറ്റുള്ളവർ നിരാശപ്പെടുത്തി. ഞങ്ങൾ ആരാധകരെ നിരാശരാക്കി. ഇത് ഏറെ വേദനിപ്പിക്കുന്നതാണ്. ഞാൻ നിരാശനാണെന്നും അദ്ദേഹം പ്രതികരിച്ചു. 2012, 2016 ലോകകപ്പുകളിൽ കിരീടം നേടിയ വിൻഡീസ്, തുടർച്ചയായ രണ്ടാം തവണയാണ് നോക്കൗട്ട് കാണാതെ പുറത്താകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.