നിക്കോളാസ് പൂരാന്റെ വെടിക്കെട്ട്, രാഹുലിനും അർധസെഞ്ച്വറി; മുംബൈക്ക് 215 റൺസ് വിജയലക്ഷ്യം
text_fieldsമുംബൈ: ഐ.പി.എല്ലിൽ ലഖ്നോ സൂപ്പർ ജയന്റ്സിനെതിരെ മുംബൈ ഇന്ത്യൻസിന് 215 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റുചെയ്ത ലഖ്നോ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 214 റൺസെടുത്തു. 29 പന്തിൽ എട്ടു സിക്സും അഞ്ചു ഫോറുമുൾപ്പെടെ 75 റൺസെടുത്ത നിക്കോളാസ് പൂരാന്റെയും 41 പന്തിൽ 55 റൺസെടുത്ത നായകൻ കെ.എൽ.രാഹുലിന്റെയും കരുത്തിലാണ് മികച്ച സ്കോറിലെത്തിയത്.
പ്ലേ ഓഫ് പ്രതീക്ഷ അസ്തമിച്ച രണ്ടു ടീമുകൾ തമ്മിലുള്ള പോരാട്ടം എന്ന നിലയിൽ ഒട്ടും നിർണായകമല്ലാത്ത മത്സരത്തിൽ ടോസ് നേടിയ ആതിഥേയർ ലഖ്നോവിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ടീമിലേക്ക് തിരിച്ചെത്തിയ ഓപണർ ദേവ്ദത്ത് പടിക്കൽ ഗോൾഡൻ ഡക്കായി മടങ്ങി. നുവാൻ തുഷാരയാണ് പടിക്കലിനെ എൽബിയിൽ കുരുക്കിയത്.
തുടർന്നെത്തിയ മാർകസ് സ്റ്റോയിനിസ് തകർപ്പൻ അടികളുമായി വരവറിയിച്ചു. 22 പന്തിൽ 28 റൺസെടുത്ത സ്റ്റോയിനിസിനെ പിയൂഷ് ചൗള എൽ.ബിയിൽ കുരുക്കി. 11 റൺസെടുത്ത ദീപക് ഹൂഡ ചൗളയുടെ രണ്ടാത്തെ ഇരയായി. നിക്കോളാസ് പൂരാൻ ക്രീസിലെത്തിയതോടെയാണ് ലഖ്നോ സ്കോർ ബോർഡ് അതിവേഗം ചലിക്കാൻ തുടങ്ങിയത്. രാഹുലിനെ കൂട്ടുപിടിച്ച് തകർത്തടിച്ച പൂരാൻ 19 പന്തിൽ അർധ സെഞ്ച്വറി നേടി.
15ാമത്തെ ഓവറിൽ പിറന്നത് 29 റൺസാണ്. ഓവർ ചെയ്യാനെത്തിയ അർജുൻ ടെൻഡുക്കറിന്റെ ആദ്യ രണ്ട് പന്ത് നിക്കോളസ് പൂരാൻ സിക്സർ പറത്തി. നാല് പന്ത് ബാക്കി നിൽക്കെ ഓവർ പൂർത്തിയാക്കാനാവാതെ അർജുൻ കയറിപോയതോടെ നമൻ ധിറാണ് പൂർത്തിയാക്കിയത്. നമൻധിറിനും കിട്ടി തല്ല്. രണ്ടുസിക്സും ഒരു ഫോറും.
ടീം സ്കോർ 16.5 ഓവറിൽ 178 ൽ നിൽക്കെ നിക്കോളാസ് പൂരാൻ വീണു. 75 റൺസെടുത്ത പൂരാൻ നുവാൻ തുഷാരയുടെ പന്തിൽ സൂര്യകുമാർ യാദവിന് ക്യാച്ച് നൽകി മടങ്ങി. തൊട്ടടുത്ത പന്തിൽ റൺസൊന്നും എടുക്കാതെ അർഷാദ് ഖാനും മടങ്ങി. തൊട്ടടുത്ത പന്തിൽ രാഹുലും മടങ്ങി. പിയൂഷ് ചൗളക്കായിരുന്നു വിക്കറ്റ്. ആയുഷ് ബദോനി 22 ഉം ക്രുനാൽ പാണ്ഡ്യ 12 ഉം റൺസെടുത്ത് പുറത്താവാതെ നിന്നു. നുവാൻ തുഷാര, പിയൂഷ് ചൗള എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.