ഓൾ ഇൻ ഓളം
text_fieldsദുബൈ: ഒമ്പതാമത് വനിത ട്വന്റി20 ലോകകപ്പിന് ദുബൈയിൽ ടോസ് വീഴാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ടീമുകൾ അവസാന വട്ട ഒരുക്കത്തിൽ. ആറുതവണയും കപ്പിൽ മുത്തമിട്ട നിലവിലെ ചാമ്പ്യന്മാരായ ആസ്ട്രേലിയക്കുതന്നെയാണ് ഇത്തവണയും മാനസിക മുൻതൂക്കമെങ്കിലും ഇന്ത്യയും ശക്തമായ സാന്നിധ്യമാണ്. അഞ്ച് വീതം ടീമുകൾ രണ്ട് ഗ്രൂപ്പുകളായി ഏറ്റുമുട്ടുന്ന വനിത കുട്ടി ക്രിക്കറ്റ് ലോകപ്പോര് ദുബൈ അന്താരാഷ്ട്ര സ്റ്റേഡിയത്തിലും ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിലുമായാണ് നടക്കുന്നത്. ഇന്ത്യൻ സമയം ഇന്ന് വൈകീട്ട് 3.30ന് ഷാർജയിൽ അരങ്ങേറുന്ന ഉദ്ഘാടന മത്സരത്തിൽ ബംഗ്ലാദേശിനെ സ്കോട്ട്ലൻഡ് നേരിടും. വെള്ളിയാഴ്ച ദുബൈയിൽ ന്യൂസിലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ അങ്കം.
കന്നിക്കിരീടം തേടി ഇന്ത്യ
വനിത ട്വന്റി20 ലോകകപ്പിൽ കിരീടം ഇന്ത്യക്ക് കിട്ടാക്കനിയാണ്. 2020ൽ ഫൈനലിലെത്തിയതാണ് ഏറ്റവും മികച്ച പ്രകടനം. അന്ന് ആസ്ട്രേലിയയോട് 85 റൺസിന് തോറ്റു. ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച ഫോം തുടരുന്ന ഇന്ത്യക്ക് ഫീൽഡിങ്ങിലെ മോശം പ്രകടനമാണ് ഭീഷണി. വെസ്റ്റിൻഡീസിനും ദക്ഷിണാഫ്രിക്കക്കുമെതിരെ നടന്ന രണ്ട് സന്നാഹ മത്സരങ്ങളും ആധികാരികമായി ജയിച്ചാണ് ഹർമൻപ്രീത് കൗറിന്റെയും സംഘത്തിന്റെയും പടപ്പുറപ്പാട്. ഷഫാലി വർമക്കൊപ്പം വൈസ് ക്യാപ്റ്റൻ സ്മൃതിയായിരിക്കും ഇന്നിങ്സ് ഓപൺ ചെയ്യുക. ഇരുവർക്കും മികച്ച ഫോം കണ്ടെത്താനായാൽ തുടക്കം ഗംഭീരമാകും. ഫീൽഡിങ് പിഴവുകൾ തിരുത്തി ശക്തമായ തിരിച്ചുവരവിനുള്ള ശ്രമങ്ങൾ നടത്തുമെന്ന് കോച്ച് അമോൽ മുസുംദാർ കഴിഞ്ഞ ദിവസങ്ങളിൽ പ്രഖ്യാപിച്ചിരുന്നെങ്കിലും ഗ്രൗണ്ടിൽ എത്രത്തോളം ഫലം കാണുമെന്ന് കണ്ടറിയണം.
കരുത്ത് കാട്ടാൻ മലയാളികൾ
ഇന്ത്യൻ ടീമിൽ ഇടംപിടിച്ച രണ്ട് മലയാളി താരങ്ങളും ബാറ്റിങ്ങിലും ബൗളിങ്ങിലും കരുത്തു തെളിയിച്ചവരാണ്. ഇരുവരും അവസാന ഇലവനിൽ എത്തിയാൽ അത് ചരിത്രമായി മാറും. തിരുവനന്തപുരം സ്വദേശി ആശ ശോഭനയും വയനാട്ടുകാരി സജന സജീവനുമാണ് നിലവിൽ 15 അംഗ സ്ക്വാഡിൽ ഇടം നേടിയ താരങ്ങൾ. വലംകൈയൻ ബാറ്ററും സ്പിന്നറുമാണ് ആശ. ദക്ഷിണാഫ്രിയിൽ നടന്ന ട്വന്റി20 മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് വനിത ലോകകപ്പ് ടീമിൽ സ്ഥാനം നിലനിർത്തിയത്. വലംകൈയൻ ബാറ്ററും സ്പിന്നറുമായ സജന സജീവനും പ്രതീക്ഷയിലാണ്.
ആസ്ട്രേലിയൻ ചരിത്രം
2009ലെ പ്രഥമ ലോകകിരീടം ഇംഗ്ലണ്ടും 2016ലേത് വിൻഡീസും നേടിയതൊഴിച്ചാൽ ആറ് പ്രാവശ്യവും ആസ്ട്രേലിയ കപ്പുമായാണ് മടങ്ങിയത്. എട്ടിൽ ഏഴിലും ഫൈനലിൽ കംഗാരുനാട്ടുകാരുടെ സാന്നിധ്യമുണ്ടായിരുന്നു. കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കയിൽ ആതിഥേയരെ തോൽപിച്ചാണ് ഇവർ കിരീടം നിലനിർത്തിയത്. ഇന്ത്യ ഉൾപ്പെടുന്ന ഗ്രൂപ് ‘എ’യിലാണ് ഇപ്രാവശ്യം ആസ്ട്രേലിയ. ന്യൂസിലൻഡ്, പാകിസ്താൻ, ശ്രീലങ്ക എന്നിവരാണ് ഇതിലെ മറ്റു ടീമുകൾ. ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ്, സ്കോട്ട്ലൻഡ് എന്നീ ടീമുകൾ ഗ്രൂപ് ‘ബി’യിലും. ആകെ 23 മാച്ചുകളാണ് നടക്കുക. ഓരോ ടീമും ഗ്രൂപ് റൗണ്ടിൽ നാല് മത്സരങ്ങൾ വീതം കളിക്കണം. ഓരോന്നിലെയും ആദ്യ രണ്ട് സ്ഥാനക്കാർ സെമിഫൈനലിൽ പ്രവേശിക്കും. ഒക്ടോബർ 20ന് ദുബൈയിലാണ് ഫൈനൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.