സച്ചിനും ഋഷഭ് പന്തിനുമൊപ്പം എലൈറ്റ് ലിസ്റ്റിൽ ഇടം നേടി നിതീഷ്; എട്ടാം നമ്പറിൽ ആദ്യം!
text_fieldsബോർഡർ ഗവാസ്കർ ട്രോഫി നാലാം ടെസ്റ്റ് മത്സരം ആവേശകരമായി മുന്നേറുകയാണ്. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ 116റൺസ് പിറകിലാണ്. ആസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 474നെതിരെ ബാറ്റ് വീശുന്ന ഇന്ത്യ നിലവിൽ 358/9 എന്ന നിലയിലാണ്. സെഞ്ച്വറി നേടിയ നിതീഷ് കുമാർ റെഡ്ഡിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 105 റൺസുമായി താരം പുറത്താകാതെ നിൽപ്പുണ്ട്. പത്ത് ഫോറും ഒരു സിക്സറുമടങ്ങിയതാണ് നിതീഷിന്‍റെ ഇന്നിങ്സ്.
191ന് ആറ് എന്ന നിലയിൽ ഇന്ത്യ ഫോളോ ഓൺ ഭയത്തിൽ നിൽക്കുമ്പോഴായിരുന്നു എട്ടാമനായി നിതീഷ് ക്രീസിലെത്തുന്നത്. 221ൽ ഇന്ത്യക്ക് രവീന്ദ്ര ജഡേജയെയും നഷ്ടമായി എന്നാൽ പിന്നീടെത്തിയ വാഷിങ്ടൺ സുന്ദറിനെ കൂട്ടുപിടിച്ച് നിതീഷ് ഇന്ത്യൻ ഇന്നിങ്സിനെ മുന്നോട്ട് നയിച്ചു. വാഷിങ്ടൺ സുന്ദറുമായി 127 റൺസിന്‍റെ കൂട്ടുക്കെട്ടുണ്ടാക്കാൻ അദ്ദേഹത്തിന് സാധിച്ചു. 50 റൺസാണ് സുന്ദർ നേടിയത്. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ എട്ടാമത് ബാറ്റിങ്ങിന് ഇറങ്ങി സെഞ്ച്വറി തികക്കുന്ന ആദ്യ ബാറ്ററായി മാറുവാൻ നിതീഷ് കുമാർ റെഡ്ഡിക്ക് സാധിച്ചു. ആസ്ട്രേലിയൻ മണ്ണിൽ സെഞ്ച്വരി തികക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ ബാറ്റർമാരുടെ പട്ടികയിലും റെഡ്ഡി ഇടം പിടിച്ചു. സച്ചിൻ ടെണ്ടുൽക്കർ, ഋഷഭ് പന്ത് എന്നിവരുടെ പട്ടികയിലാണ് റെഡ്ഡി ഇടം നേടിയത്.
18 വയസ്സും 253 ദിവസവും പ്രായമുള്ളപ്പോഴാണ് സച്ചിൻ ആസ്ട്രേലിയൻ മണ്ണിൽ ടെസ്റ്റ് ശതകം തികച്ചത്. ആസ്ട്രേലിയൻ മണ്ണിൽ ശതകം തികക്കുമ്പോൾ ഋഷഭ് പന്തിന്‍റെ പ്രായം 21 വയസ്സും 91 ദിവസവുമാണ്. നിതീഷ് റെഡ്ഡിക്ക് 21 വയസ്സും 214 ദിവസവുമാണ് പ്രായം. യുവതാരത്തിന്‍റെ അച്ഛൻ കാണികളുടെ ഇടയിൽ നിന്നും സെഞ്ച്വറി ആഘോഷിച്ചു. സെഞ്ച്വറിക്ക് അടുത്ത് കൊണ്ടിരുന്നപ്പോൾ നിതീഷിന്‍റെ അച്ഛന്‍റെ വൈകാരിക നിമിഷങ്ങൾ ക്യാമറ കണ്ണുകൾ ഒപ്പിയെടുക്കുന്നുണ്ടായിരുന്നു.
ഫോളോ ഓണിന്‍റെ ഭയത്തിൽ നിന്നും ഇന്ത്യയെ കൈപിടിച്ചുയർത്തുകയും പിന്നീട് സുന്ദറിനെ കൂട്ടുപിടിച്ച് നിതീഷ് പടുത്തുയർത്തിയ സെഞ്ച്വറി കാലാകാലം ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ ഓർത്തിരിക്കും. ഇന്ത്യ ഈ പരമ്പര തോറ്റാലും വിജയിച്ചാലും നിതീഷ് റെഡ്ഡിയെന്ന ഈ 21കാരൻ ഉയർന്ന് തന്നെ നിൽക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.