തിരുപ്പതി ക്ഷേത്രത്തിൽ മുട്ടിലിഴഞ്ഞ് പടവുകൾ കയറി ക്രിക്കറ്റ് താരം നിതീഷ് കുമാർ റെഡ്ഡി; സന്ദർശനം ഓസീസ് പര്യടനത്തിലെ മികച്ച പ്രകടനത്തിന് പിന്നാലെ...
text_fieldsഇന്ത്യയും ആസ്ട്രേലിയയും ഏറ്റുമുട്ടിയ ബോർഡർ-ഗവാസ്കർ ട്രോഫി ടെസ്റ്റ് ക്രിക്കറ്റ് പരമ്പരക്ക് ശേഷം തിരുപ്പതി ക്ഷേത്രത്തിലെത്തി പ്രാർഥിച്ച് ഇന്ത്യൻ താരം നിതീഷ് കുമാർ റെഡ്ഡി. പരമ്പരയിൽ ഇന്ത്യ ദയനീയമായി പരാജയപ്പെട്ടെങ്കിലും അരങ്ങേറ്റക്കാരനായ നിതീഷിന് മോശമല്ലാത്ത പ്രകടനം കാഴ്ചവെക്കാൻ സാധിച്ചിരുന്നു. മെൽബണിൽ നടന്ന നാലാം ടെസ്റ്റിൽ ഈ 21 കാരൻ കന്നിസെഞ്ച്വറി തികച്ചു. പരമ്പരയിൽ ഇന്ത്യൻ ടീമിന് ലഭിച്ച ചുരുക്കം അനുകൂല ഘടകങ്ങളിലൊന്നാണ് നിതീഷിന്‍റെ പ്രകടനം.
ഇപ്പോഴിതാ, നാട്ടിലെത്തി തിരുപ്പതി ക്ഷേത്രം സന്ദർശിച്ചിരിക്കുകയാണ് താരം. ക്ഷേത്രത്തിലെത്തിയതിന്‍റെ വിഡിയോ താരം ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചിട്ടുണ്ട്. ക്ഷേത്രത്തിലേക്കുള്ള പടവുകൾ മുട്ടിലിഴഞ്ഞ് കയറുന്ന വിഡിയോയാണ് നിതീഷ് ഷെയർ ചെയ്തത്. സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ വീഡിയോ വൈറലാണ്.
നിതീഷിന്‍റെ വിശ്വാസത്തെ ചോദ്യം ചെയ്യുകയല്ലെന്നും എന്നാൽ, മുട്ടിലിഴഞ്ഞ് കയറിയാൽ പരിക്കേൽക്കാൻ സാധ്യതയില്ലേയെന്ന ആശങ്ക ചില ആരാധകർ പങ്കുവെക്കുന്നു. ആസ്ട്രേലിയയിൽ അഭിമാനകരമായ പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞതിന് അദ്ദേഹം ദൈവത്തോട് നന്ദി അറിയിക്കുന്നതാണെന്നാണ് പല ആരാധകരും മറുപടിയായി കമന്‍റ് ചെയ്യുന്നത്.
ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പരയിൽ അഞ്ച് മത്സരത്തിലും കളത്തിലിറങ്ങിയ നിതീഷ് ടീമിന്‍റെ ഏറ്റവും ഉയർന്ന രണ്ടാമത്തെ റൺവേട്ടക്കാരനാണ്. അഞ്ച് മത്സരത്തിൽ 298 റൺസാണ് താരം നേടിയത്. ഇതിൽ ഒരു സെഞ്ച്വറിയും ഉൾപ്പെടും. ഓൾറൗണ്ടറായ നിതീഷ് അഞ്ച് വിക്കറ്റും നേടിയിരുന്നു. ടെസ്റ്റ് പരമ്പരയിൽ 1-3നാണ് ഇന്ത്യ ആസ്ട്രേലിയയോട് അടിയറവ് പറഞ്ഞത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.