ഇത് നിതീഷ് കുമാറിന്‍റെ ‘പുഷ്പ സ്റ്റൈൽ’; കന്നി അർധ സെഞ്ച്വറിക്കു പിന്നാലെ ബാറ്റുകൊണ്ടുള്ള ആഘോഷം വൈറൽ -വിഡിയോ
text_fieldsമെൽബൺ: ബോർഡർ ഗവാസ്കർ ട്രോഫി പരമ്പരയിൽ ആസ്ട്രേലിയക്കെതിരെ നാലാം ടെസ്റ്റിൽ കന്നി അർധ സെഞ്ച്വറി നേടിയതിനു പിന്നാലെ ‘പുഷ്പ സ്റ്റൈൽ’ ആഘോഷവുമായി ഇന്ത്യൻ യുവതാരം നിതീഷ് കുമാർ റെഡ്ഡി. ഫോളോ ഓൺ ഭീഷണി നേരിട്ടിരുന്ന ഇന്ത്യക്ക് ഇത്തവണയും രക്ഷയായത് നിതീഷ് കുമാറിന്‍റെ ചെറുത്തുനിൽപ്പാണ്.
പുഷ്പ എന്ന തെലുങ്കു ചിത്രത്തിന്റെ ഒന്നും രണ്ടും ഭാഗങ്ങളിലായി സൂപ്പർതാരം അല്ലു അർജുൻ വൈറലാക്കിയ സ്റ്റൈലാണിത്. കൈകൊണ്ടാണ് അല്ലു മാസ് കാട്ടിയതെങ്കിൽ, ബാറ്റുകൊണ്ടായിരുന്നു നിതീഷ് റെഡ്ഡിയുടെ ആഘോഷം. എട്ടാം നമ്പറിൽ ബാറ്റിങ്ങിനിറങ്ങിയ 21കാരൻ മിച്ചർ സ്റ്റാർക്ക് എറിഞ്ഞ പന്ത് ബൗണ്ടറി കടത്തിയാണ് ടെസ്റ്റിലെ കന്നി അർധ സെഞ്ച്വറി കുറിച്ചത്. കരിയറിലെ ആറാം ഇന്നിങ്സിലാണ് താരത്തിന്‍റെ അർധ സെഞ്ച്വറി. നാലു ഫോറും ഒരു സിക്സും ഉൾപ്പെടെ 81 പന്തിലാണ് ഫിഫ്റ്റിയിലെത്തിയത്. എട്ടാം വിക്കറ്റിൽ വാഷിങ്ടൺ സുന്ദറിനൊപ്പം പിരിയാതെ നേടിയ 60 റൺസ് കൂട്ടുകെട്ടാണ് ഇന്ത്യ ഫോളോ ഓൺ ഭീഷണി ഒഴിവാക്കുന്നതിൽ നിർണായകമായത്.
ഈ പരമ്പരയിലെ കണ്ടെത്താലായാണ് നിതീഷ് കുമാറിനെ ക്രിക്കറ്റ് ലോകം വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ ഇന്നിങ്സുകളിൽ പലതവണ താരം 40 റൺസിൽ എത്തിയെങ്കിലും അർധ സെഞ്ച്വറിയിലെത്തിക്കാൻ സാധിക്കാതെ പോയതിന്റെ നിരാശ മെൽബണിൽ തീർത്തു. പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരങ്ങളിൽ ഒന്നാമനാണ്. യശ്വസ്വി ജയ്‌സ്വാള്‍ ഒഴികെയുള്ള മുന്‍നിര ബാറ്റര്‍മാര്‍ നിരാശപ്പെടുത്തിയ ഇന്നിങ്‌സില്‍, വാലറ്റത്ത് വാഷിങ്ടണ്‍ സുന്ദര്‍ നിതീഷിന് മികച്ച പിന്തുണ നല്‍കുന്നുണ്ട്. 91 ഓവര്‍ പിന്നിടുമ്പോള്‍ ഏഴിന് 299 എന്ന നിലയിലാണ് ഇന്ത്യ.
അഞ്ചിന് 164 എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് രണ്ട് വിക്കറ്റുകള്‍ കൂടി നഷ്ടപ്പെട്ടു. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത് (28), രവീന്ദ്ര ജദേജ (17) എന്നിവരാണ് ശനിയാഴ്ച പുറത്തായത്. പന്തിനെ സ്‌കോട്ട് ബോളന്‍ഡും ജദേജയെ നേഥന്‍ ലിയോണുമാണ് കൂടാരം കയറ്റിയത്. ഫോളോഓണ്‍ ഒഴിവാക്കിയെങ്കിലും മത്സരത്തില്‍ ഇന്ത്യക്ക് ജയസാധ്യത ഇനിയും ഏറെ അകലെയാണ്. ഓസീസ് ഒന്നാം ഇന്നിങ്‌സില്‍ 474 റണ്‍സാണ് അടിച്ചെടുത്തത്. വലിയ ലീഡ് വഴങ്ങേണ്ടിവന്നാല്‍ വിജയലക്ഷ്യവും ഉയരുമെന്നത് ഇന്ത്യക്ക് മുന്നിലെ വെല്ലുവിളിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.