'കുടുംബത്തിന് അഭിമാന നിമിഷം! സിറാജിന് നന്ദി,'; കാണികളുടെ ഇടയിൽ നിന്നും ഹൃദയം കവർന്ന് നിതീഷ് കുമാറിന്‍റെ അച്ഛൻ
text_fieldsഫോളോ ഓണിലേക്ക് പോയിക്കൊണ്ടിരുന്ന ഒരു ഇന്നിങ്സിനെ വ്യക്തിഗത മികവ് കൊണ്ട് വാഷിങ്ടൺ സുന്ദറിനെ കൂട്ടുപിടിച്ച് ഇന്ത്യയെ കൈപിടിച്ചുയർത്തിയ ഇന്നിങ്സാണ് നിതീഷ് കുമാർ റെഡ്ഡി എന്ന 21 കാരൻ ആസ്ട്രേലിയക്കെതിരെ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ കാഴ്ചവെക്കുന്നത്. ആദ്യ ടെസ്റ്റ് പരമ്പരയിൽ തന്നെ ടീമിന്‍റെ ഉയർന്ന റൺനേട്ടക്കാരനായാണ് നിലവിൽ നിതീഷ് കുമാർ മുന്നേറുന്നത്. മെൽബണിൽ ഒരു താരവും നിതീഷിന് മുമ്പ് എട്ടാം നമ്പറിൽ ബാറ്റ് ചെയ്യാനെത്തിയിട്ട് സെഞ്ച്വറി തികച്ചിട്ടില്ല എന്നതും ഈ സെഞ്ച്വറിയുടെ വലുപ്പം കൂട്ടുന്നു.
10 ഫോറും ഒരു സിക്സറുമടിച്ച് 105 റൺസുമായി താരം പുറത്താകാതെ ക്രീസിൽ നിൽപ്പുണ്ട്. താരത്തിന്‍റെ അച്ഛൻ കാണികളുടെ ഇടയിൽ കളി കാണാനെത്തിയിരുന്നു. കളി കണ്ടിരിക്കുന്നവരുടെ ഹൃദയം കവരാൻ അച്ഛൻ മുത്തിയാല റെഡ്ഡിക്ക് സാധിച്ചിട്ടുണ്ട്. മകന്‍റെ ബാറ്റിങ് എല്ലാവിധ വികാരങ്ങളോടും കൂടി കാണുന്ന അദ്ദേഹത്തിന്‍റെ ഓരോ ആക്ഷനും നിലവിൽ വൈറലാവുന്നുണ്ട്. സെഞ്ച്വറിക്ക് അരികെ വെച്ച് മികച്ച പിന്തുണ നൽകിയ വാഷിങ്ടൺ സുന്ദർ 50 റൺസ് നേടി മടങ്ങുമ്പോൾ റെഡ്ഡിക്ക് 97 റൺസുണ്ടായിരുന്നു. അദ്ദേഹം പോയതിന് ശേഷം രണ്ട് റൺസ് കൂടി റെഡ്ഡി ഓടിയെടുത്തു. എന്നാൽ അടുത്ത ഓവറിൽ ജസ്പ്രീത് ബുംറയെ പാറ്റ് കമ്മിൻസ് പുറത്താക്കിയതോടെ താരത്തിന്‍റെ ഇന്നിങ്സ് 99ൽ അവസാനിക്കുമെന്ന് കരുതി. ഈ നിമിഷങ്ങളിലെല്ലാം ക്യാമറ മുത്തിയാല റെഡ്ഡിയിലേക്ക് തന്നെ പോയിന്‍റ് ചെയ്തിരുന്നു. മുഹമ്മദ് സിറാജ് മൂന്ന് പന്തുകൾ പ്രതിരോധിച്ചതോട് കൂടി നിതീഷ് അടുത്ത ഓവറിൽ ബൗണ്ടറിയടിച്ച് സെഞ്ച്വറി തികച്ചു.
മത്സരം ശേഷം മുത്തിയാല റെഡ്ഡിയുടെ അഭിമുഖമെടുത്തിരുന്നു. 'ഞങ്ങളുടെ കുടുംബത്തെ സംബന്ധിച്ച് ഇത് വലിയ ദിവസമാണ്, ഒരിക്കലും മറക്കില്ല. 14 വയസ്സ് നിതീഷ് സ്ഥിരതയോടെ ക്രിക്കറ്റ് കളിക്കുന്നുണ്ട്. അതിപ്പോൾ അന്താരാഷ്ട്ര തലത്തിൽ വരെ എത്തിനിൽക്കുന്നു. ഏറ്റവും പ്രിയപ്പെട്ട നിമിഷമാണ് ഇത്. വിക്കറ്റുകൾ തുടർച്ചയായി നഷ്ടപ്പെട്ടപ്പോൾ ചെറിയ ആശങ്കയുണ്ടായിരുന്നു. ആസ്ട്രേലിയൻ ബൗളിങ്ങിനെ പ്രതിരോധിച്ചതിന് സിറാജിന് നന്ദി,' മുത്തിയാല റെഡ്ഡി പറഞ്ഞു.
അതേസമയം നാലാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യ 358/9 എന്ന നിലയിലാണ്. 105 റൺസുമായി റെഡ്ഡിയും രണ്ട് റൺസുമായി സിറാജുമാണ് ക്രീസിലുള്ളത്. ഇന്ത്യക്കായി യശ്വസ്വി ജയ്സ്വാൾ 82 റൺസ് നേടിയിരുന്നു. വാഷിങ്ടൺ സുന്ദർ (50), വിരാട് കോഹ്ലി (36), ഋഷഭ് പന്ത് (28) എന്നിവരാണ് മറ്റ് ടോപ് സ്കോറർമാർ. ആസ്ട്രേലിയക്കായി പാറ്റ് കമ്മിൻസ്, സ്കോട്ട് ബോളണ്ട് എന്നിവർ മൂന്ന് വിക്കറ്റ് വീതം നേടി. നഥാൻ ലിയോൺ രണ്ട് വിക്കറ്റ് സ്വന്തമാക്കി. ആദ്യ ഇന്നിങ്സിൽ 474 റൺസ് നേടിയ ആസ്ട്രേലിയക്ക് ഇപ്പോഴും 116 റൺസിന്‍റെ ലീഡുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.