‘ബി.സി.സി.ഐ കരാറില്ല’, പക്ഷെ ഐ.പി.എല്ലിൽ കോടീശ്വരൻമാർ; അഞ്ച് താരങ്ങളിതാ...
text_fieldsബി.സി.സി.ഐ പുതിയ കരാർ പട്ടിക പുറത്തിറക്കിയപ്പോൾ ചില താരങ്ങൾക്ക് സ്ഥാനക്കയറ്റം ലഭിക്കുകയും ചിലർ താഴോട്ടിറങ്ങുകയും ചെയ്തു. രവീന്ദ്ര ജദേജ ആദ്യമായി ഏറ്റവും ഉയർന്ന വേതനം ലഭിക്കുന്ന (ഏഴു കോടി) എപ്ലസ് കാറ്റഗറിയിലെത്തിയപ്പോൾ, മലയാളി താരം സഞ്ജു സാംസൺ ആദ്യമായി വാർഷിക കരാറിൽ ഇടംപിടിച്ച് ചരിത്രം കുറിച്ചു. ഏറ്റവും കുറഞ്ഞ പ്രതിഫലമുള്ള സി വിഭാഗത്തിലായിരുന്നു സഞ്ജുവിനെ ഉൾപ്പെടുത്തിയത്. ക്യാപ്റ്റൻ രോഹിത് ശർമ, മുൻ നായകൻ വിരാട് കോഹ്‍ലി, സ്റ്റാർ പേസർ ജസ്പ്രീത് ബുംറ എന്നിവരാണ് നേരത്തെ എപ്ലസ് കാറ്റഗറിയിലുണ്ടായിരുന്നവർ.
ബി.സി.സി.ഐയുടെ പരിഗണന കിട്ടാതെ ദേശീയ ജഴ്സിയിൽ അവസരം ലഭിക്കാതെ ഐ.പി.എല്ലിൽ പ്രതിഭ തെളിയിച്ച ഒരുപറ്റം ക്രിക്കറ്റർമാരുണ്ട്. അവരിൽ തന്നെ കോടികൾ പ്രതിഫലം പറ്റുന്നവരുമുണ്ട്. അത്തരത്തിൽ ഐ.പി.എല്ലിൽ ഏഴ് കോടിക്ക് മുകളിൽ (എപ്ലസ് കാറ്റഗറിക്കാരേക്കാൾ പ്രതിഫലം)പ്രതിഫലം പറ്റുന്ന അഞ്ച് കളിക്കാരെ പരിചയപ്പെട്ടാലോ..?
ദീപക് ചാഹർ
സ്റ്റാർ ഇന്ത്യൻ ഓൾറൗണ്ടർ ദീപക് ചാഹറിന് കഴിഞ്ഞ വർഷം ഗ്രേഡ് സി കരാർ ഉണ്ടായിരുന്നു. എന്നാൽ 2022-23 സീസണിലേക്കുള്ള പട്ടികയിൽ നിന്ന് ബി.സി.സി.ഐ താരത്തെ ഒഴിവാക്കി. 2022ൽ പരിക്കുമൂലം ചാഹറിന് ഭൂരിഭാഗം മത്സരങ്ങളും നഷ്ടമായി. കഴിഞ്ഞ വർഷത്തെ ഐ.പി.എല്ലും നഷ്ടമായിരുന്നു. എന്നാൽ വരാനിരിക്കുന്ന ഐ.പി.എൽ സീസണിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് (സി.എസ്.കെ) 14 കോടി രൂപയ്ക്ക് അദ്ദേഹത്തെ നിലനിർത്തി.
വരുൺ ചക്രവർത്തി
തമിഴ്‌നാട്ടിൽ ജനിച്ച വരുൺ ചക്രവർത്തി 2021-ലെ ഐ.സി.സി ടി20 ലോകകപ്പിന് ശേഷം ഇന്ത്യൻ ടീമിന് പുറത്താണ്. അപ്രതീക്ഷിതമായിട്ടായിരുന്നു താരത്തെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയത്. എങ്കിലും ലഭിച്ച ഭാഗ്യം മുതലാക്കാൻ വരുണിന് കഴിഞ്ഞില്ല.
ഇന്ത്യൻ സെലക്ടർമാർക്ക് താരത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടെങ്കിലും, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെ.കെ.ആർ) ടീം മാനേജ്‌മെന്റ് ഇപ്പോഴും ചക്രവർത്തിയുടെ കഴിവിൽ വിശ്വസിക്കുന്നു. 2023ലെ ഐ.പി.എല്ലിന് വേണ്ടി എട്ട് കോടി രൂപയ്ക്കാണ് കെകെആർ താരത്തെ നിലനിർത്തിയത്.
വെങ്കിടേഷ് അയ്യർ
വെങ്കിടേഷ് അയ്യരാണ് പട്ടികയിൽ ഇടംനേടിയ മറ്റൊരു കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം. ഓൾറൗണ്ടറായ താരം 2021-ൽ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചു, 2022-ലും ഏതാനും പരമ്പരകളിൽ ടീമിന്റെ ഭാഗമായിരുന്നു. എന്നാൽ ഇടവേളയ്ക്ക് ശേഷം ഹാർദിക് പാണ്ഡ്യ തിരിച്ചെത്തിയതിന് പിന്നാലെ സെലക്ടർമാർ അയ്യരെ പരിഗണിച്ചിട്ടില്ല. കെ.കെ.ആർ എട്ട് കോടിയാണ് അയ്യർക്ക് വാഗ്ദാനം ചെയ്തത്.
ഹർഷൽ പട്ടേൽ
2022 ലെ ഐ.സി.സി ടി20 ലോകകപ്പിൽ പങ്കെടുത്ത ഇന്ത്യൻ ടീമിൽ അംഗമായിരുന്നു ഹർഷൽ പട്ടേൽ. ടി20 ഫോർമാറ്റിൽ ഇന്ത്യയുടെ മുൻനിര വിക്കറ്റ് വേട്ടക്കാരിൽ ഒരാളായിരുന്നു പട്ടേൽ. എന്നാൽ ഏറെ റൺസ് വഴങ്ങിയ മീഡിയം പേസറിന് ടീമിൽ സ്ഥാനം നഷ്ടപ്പെടുകയായിരുന്നു. 2022/23 സീസണിലേക്കുള്ള ബി.സി.സി.ഐ അദ്ദേഹത്തിന് കരാർ വാഗ്ദാനം ചെയ്തില്ല, എന്നാൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ 10.75 കോടിക്ക് ഹർഷലിനെ നിലനിർത്തി.
രാഹുൽ തെവാത്തിയ
ലിസ്റ്റിലുള്ള അഞ്ചാമനായ തെവാത്തിയക്ക് ഇതുവരെ ദേശീയ ജഴ്സിയിൽ കളിക്കാൻ കഴിഞ്ഞിട്ടില്ല. 2021-ന്റെ തുടക്കത്തിൽ ഇംഗ്ലണ്ടിനെതിരായ ഹോം സീരീസിനുള്ള ഇന്ത്യൻ ടി20 ടീമിലേക്ക് താരത്തിന് അവസരം ലഭിച്ചെങ്കിലും ബെഞ്ചിലിരിക്കാനായിരുന്നു വിധി. ഐ.പി.എല്ലിലെ മികച്ച പ്രകടനക്കാരുടെ കൂട്ടത്തിൽ ഓൾറൗണ്ടർ തുടരുന്നുണ്ട്. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ് (ജിടി) വരാനിരിക്കുന്ന സീസണിൽ 9 കോടി രൂപയ്ക്ക് അദ്ദേഹത്തെ നിലനിർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.