‘ആഡംബരം വേണ്ട, അത്യാവശ്യ സൗകര്യങ്ങളെങ്കിലും...’, വെസ്റ്റിൻഡീസിലെ അനുഭവങ്ങളിൽ പ്രതികരണവുമായി ഹാർദിക് പാണ്ഡ്യ
text_fieldsവെസ്റ്റിൻഡീസ് പര്യടനത്തിനിടെ ഇന്ത്യൻ താരങ്ങൾക്കുണ്ടായ അസൗകര്യങ്ങളിൽ പ്രതികരണവുമായി ഇന്ത്യൻ ആൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. രോഹിത് ശർമയുടെ അഭാവത്തിൽ പാണ്ഡ്യയുടെ നായകത്വത്തിൽ മൂന്നാം മത്സരത്തിനിറങ്ങിയ ഇന്ത്യ ആതിഥേയരെ 200 റൺസിന് തോൽപിച്ച് പരമ്പര 2-1ന് സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിമർശനം. വെസ്റ്റിൻഡീസ് ക്രിക്കറ്റിന് പ്രശ്‌നങ്ങൾ ശ്രദ്ധിക്കാനും പരിഹരിക്കാനുമുള്ള സമയമാണിതെന്ന് അദ്ദേഹം പ്രതികരിച്ചു.
‘ഞങ്ങൾ കളിച്ച ഏറ്റവും നല്ല ഗ്രൗണ്ടുകളിൽ ഒന്നായിരുന്നു ഇത്. അടുത്ത തവണ വെസ്റ്റിൻഡീസിലേക്ക് വരുമ്പോൾ യാത്രകൾ മുതൽ ഒരുപാട് കാര്യങ്ങൾ മെച്ചപ്പെടുത്താൻ കഴിഞ്ഞേക്കും. കഴിഞ്ഞ വർഷവും ചില പ്രശ്നങ്ങൾ ഉണ്ടായി’, ബ്രയൻ ലാറ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന് ശേഷം ഹാർദിക് പറഞ്ഞു.
‘ഒരു ടീം യാത്ര ചെയ്യുമ്പോൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ശ്രദ്ധിക്കേണ്ട സമയമാണിതെന്ന് ഞാൻ കരുതുന്നു. ഞങ്ങൾ ആഡംബരം ആവശ്യപ്പെടുന്നില്ല, എന്നാൽ ചില അടിസ്ഥാന ആവശ്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അതേസമയം, ഇവിടെ വന്ന് മികച്ച ക്രിക്കറ്റ് കളിക്കുന്നത് ശരിക്കും ആസ്വദിച്ചു’, പാണ്ഡ്യ കൂട്ടിച്ചേർത്തു.
അർധരാത്രി ട്രിനിഡാഡിൽനിന്ന് ബർബാദോസിലേക്കുള്ള യാത്ര നാല് മണിക്കൂറോളം വൈകിയതിലുള്ള അതൃപ്തി നേരത്തെ ഇന്ത്യൻ താരങ്ങൾ ബി.സി.സി.ഐയെ അറിയിച്ചിരുന്നു. ആദ്യ മത്സരത്തിന് മുമ്പായി ഇന്ത്യൻ താരങ്ങളുടെ ഉറക്കത്തെ ഇത് ബാധിച്ചിരുന്നു.
പരമ്പരയിലെ അവസാന മത്സരത്തിൽ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഇഷാൻ കിഷൻ (64 പന്തിൽ 77), ശുഭ്മാൻ ഗിൽ (92 പന്തിൽ 85), സഞ്ജു സാംസൺ (41 പന്തിൽ 51), ഹാർദിക് പാണ്ഡ്യ (52 പന്തിൽ പുറത്താകാതെ 70) എന്നിവരുടെ അർധസെഞ്ച്വറി മികവിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 351 റൺസാണ് അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിൻഡീസ് 35.3 ഓവറിൽ 151 റൺസിന് പുറത്താവുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.