'ഭയപ്പെടേണ്ട ആവശ്യമില്ല'; ആ മൂന്ന് മണിക്കൂറല്ല ഞങ്ങളെ നിർവചിക്കുന്നത്, ബംഗളൂരു ടെസ്റ്റ് തോൽവിയിൽ രോഹിത് ശർമ്മ
text_fieldsബംഗളൂരു: ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് മത്സരത്തിലെ തോൽവിയിൽ പ്രതികരിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മ. ഡ്രസ്സിങ് റൂമിൽ വെച്ചാണ് മത്സരത്തിലെ തോൽവിയിൽ രോഹിത് പ്രതികരിച്ചത്. മത്സരത്തിലെ ഒന്നാം ഇന്നിങ്സിലെ ആദ്യ മൂന്ന് മണിക്കൂറിൽ ഞങ്ങൾ കളിച്ച മോശം ക്രിക്കറ്റല്ല ദീർഘമായ സീസണിൽ ഇന്ത്യയുടെ വിധി നിർണ്ണയിക്കുന്നതെന്ന് രോഹിത് പറഞ്ഞു.
ആദ്യത്തെ മൂന്ന് മണിക്കൂർ ഒഴിച്ച് നിർത്തിയാൽ മികച്ച ക്രിക്കറ്റാണ് ഞങ്ങൾ കളിച്ചത്. ഗെയിം അകന്നുപോകാൻ അനുവദിക്കുന്നത്‍ വളരെ എളുപ്പത്തിൽ നടക്കുന്നതാണ്. എന്നാൽ, ഞങ്ങൾ അതല്ല ആഗ്രഹിച്ചത്. കളിയിൽ തുടരാൻ ഞങ്ങൾ അതിയായി ആഗ്രഹിച്ചു. എന്നാൽ, ഒന്നും ഞങ്ങളുടെ വഴിക്ക് പോയില്ല. ഞങ്ങൾ 46 റൺസിന് പുറത്തായി. പിന്നീട് അവർ 190ന് മൂന്ന് എന്ന നിലയിലെത്തി. മൂന്നാം ദിനത്തിൽ നന്നായി കളിക്കുകയെന്നതിൽ ഞങ്ങളെ സംബന്ധിച്ചടുത്തോളം നിർണായകമായിരുന്നു. എന്നാൽ രചിനും സൗത്തിയും തമ്മിലുള്ള കൂട്ടുകെട്ട് ഞങ്ങളുടെ കണക്ക് കൂട്ടലുകൾ തെറ്റിച്ചുവെന്ന് രോഹിത് പറഞ്ഞു.
എന്നാൽ രണ്ടാം ഇന്നിങ്സിൽ ആഗ്രഹിച്ച രീതിയിൽ കളിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. 350 റൺസ് പിന്നിലാണെന്ന് ഒരുഘട്ടത്തിലും ഞങ്ങൾക്ക് തോന്നിയില്ല. അത്തരമൊരു മനോഭാവമാണ് രണ്ടാം ഇന്നിങ്സിലെ ബാറ്റിങ്ങിൽ ഞങ്ങൾ വെച്ചുപുലർത്തിയത്. രണ്ടാം ഇന്നിങ്സിൽ സ്വാതന്ത്ര്യത്തോടെ കളിക്കാനായിരുന്നു കളിക്കാരെല്ലാം ശ്രദ്ധിച്ചതെന്നും രോഹിത് ശർമ്മ പറഞ്ഞു.
ന്യൂസിലാൻഡിനെതിരെയുള്ള ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ തോൽവി വഴങ്ങിയിരുന്നു. രണ്ടാം ഇന്നിങ്സ് വിജയലക്ഷ്യമായ 107 റൺസ് എട്ട് വിക്കറ്റ് കയ്യിലിരിക്കെ ന്യൂസിലാൻഡ് മറികടന്നു. 48 റൺസുമായി വിൽ യങ്ങും 39 റൺസുമായി രച്ചിൻ രവീന്ദ്രയും പുറത്താകാതെ നിന്നു. ഡെവൺ കോൺവെ (17) ക്യാപ്റ്റൻ ടോം ലതാം (0) എന്നിവരാണ് പുറത്തായ ബാറ്റർമാർ. ജസ്പ്രീത് ബുംറയാണ് രണ്ട് വിക്കറ്റും വീഴ്ത്തിയത്.
മഴ കളിച്ച മത്സരത്തിൽ ഇന്ത്യക്ക് ആദ്യ ഇന്നിങ്സിൽ ബാറ്റിങ് തകർച്ച സംഭവിച്ചിരുന്നു. ആദ്യ ദിനം മഴ കളി പൂർണമായി മുടക്കിയപ്പോൾ രണ്ടാം ദിനം ഇന്ത്യ 46 റൺസിന് എല്ലാവരും പുറത്തായി. മാറ്റ് ഹെന്രി അഞ്ച് വിക്കറ്റും വിൽ റൂർക് നാല് വിക്കറ്റും ന്യൂസിലാൻഡിനായി നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡ് 402 റൺസ് നേടി മികച്ച ഒന്നാം ഇന്നിങ്സ് ലീഡെടുക്കുകയായിരുന്നു. 134 റൺസ് നേടിയ രച്ചിൻ രവീന്ദ്രയായിരുന്നു ടോപ് സ്കോറർ. ഡെവൺ കോൺവെ 91 റൺസും, ടിം സൗത്തി 65 റൺസും നേടി. ഇന്ത്യക്കായി കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.