'സഞ്ജുവിന്റെ അവസ്ഥ വരാൻ ആരും ആഗ്രഹിക്കില്ല'; അവഗണനയിൽ പ്രതികരണവുമായി റോബിൻ ഉത്തപ്പ
text_fieldsന്യൂഡൽഹി: ആസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ പോലും തഴയപ്പെട്ട സഞ്ജു സാംസണ് പിന്തുണയുമായി മുൻ ഇന്ത്യൻ താരങ്ങളുൾപ്പെടെ കൂടുതൽ പേർ രംഗത്തെത്തി. ഇർഫാൻ പത്താന് പിന്നാലെ മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പയും അവഗണനയിൽ കടുത്ത നിരാശ പ്രകടിപ്പിച്ചു.
'ആരും ഇപ്പോൾ സഞ്ജുവിന്റെ അവസ്ഥയിലാകാൻ ആഗ്രഹിക്കുന്നില്ല' എന്നായിരുന്നു ഉത്തപ്പയുടെ എക്സിലെ ആദ്യ പ്രതികരണം. 'ടീമിൽ ഉണ്ടായിരുന്നെങ്കിൽ ഒരു മത്സരത്തിൽ പോലും ഇറങ്ങാനാവില്ല എന്നുവേണമെങ്കിൽ ന്യായീകരിക്കാം. സ്ക്വാഡിൽ ഇടംപോലും ഇല്ല എന്നത് നിരാശജനകാമാണ്' റോബിൻ ഉത്തപ്പ മറ്റൊരു പോസ്റ്റിൽ വ്യക്തമാക്കി.
നേരത്തെ മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താനും സഞ്ജുവിനെ തഴഞ്ഞതിൽ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. 'സഞ്ജുവിന്‍റെ സ്ഥാനത്ത് ഇപ്പോൾ ഞാനായിരുന്നെങ്കിൽ ഏറെ നിരാശനായിരുന്നേനെ...' എന്നായിരുന്നു ഇർഫാൻ പത്താന്റെ എക്സിലെ പ്രതികരണം. സഞ്ജുവിനെ നിരന്തരം തഴയുന്നതിൽ ആരാധകരോഷം ഉയരുന്നതിനിടെയാണ് താരത്തിന്‍റെ പ്രതികരണം.
മുതിർന്ന താരങ്ങൾക്ക് വിശ്രമം നൽകുകയും പുതുമുഖങ്ങളെ വരെ ഉൾപ്പെടുത്തുകയും ചെയ്ത ടീമിൽ സമീപകാലത്ത് ഏകദിനത്തിൽ മികവ് കാട്ടിയ സഞ്ജുവിനെ ഉൾപ്പെടുത്താത്തത് എന്താണെന്ന ചോദ്യമാണ് ആരാധകർ ഉയർത്തുന്നത്. ലോകകപ്പിന് മുമ്പ് മികവ് പ്രകടിപ്പിക്കാനുള്ള അവസരമാണ് സഞ്ജുവിന് നഷ്ടമായത്. ഏകദിനത്തിൽ തുടർച്ചയായി പരാജയപ്പെടുന്ന സൂര്യകുമാർ യാദവും ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ നയിക്കുന്ന ഋതുരാജ് ഗെയ്‌ക്‌വാദ് വരെ ടീമിൽ ഇടം നേടിയിട്ടുണ്ട്. ഏകദിന ബാറ്റിങ്ങിൽ മികച്ച ശരാശരിയുള്ള സഞ്ജുവിനെ തഴഞ്ഞത് കൃത്യമായ അജണ്ടയാണെന്നാണ് ആരാധകർ ഉയർത്തുന്ന വാദം.
ആസ്ട്രേലിയക്കെതിരെയുള്ള ആദ്യ രണ്ട് മത്സരങ്ങളിൽ കെ.എൽ. രാഹുലാണ് ടീമിനെ നയിക്കുക. ഈ മത്സരങ്ങളിൽ രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ് എന്നിവർക്ക് വിശ്രമം നൽകി. തിലക് വർമയെ ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള ടീമിൽ ഉൾപ്പെടുത്തി.
സെപ്റ്റംബർ 22ന് മൊഹാലിയിലും 24ന് ഇന്‍ഡോറിലും 27ന് രാജ്കോട്ടിലുമാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര അരങ്ങേറുക. ആസ്ട്രേലിയയാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ എതിരാളികള്‍. ഒക്ടോബര്‍ എട്ടിന് ചെന്നൈയിലാണ് മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.