87 വർഷങ്ങൾക്കിടെ ആദ്യമായി രഞ്ജിയില്ല; പകരം 50 ഓവർ വിജയ് ഹസാരെ ട്രോഫി
text_fields
ന്യൂഡൽഹി: പാതി സീസൺ കോവിഡ് കൊണ്ടുപോയ 2020- 21ൽ ഇനി രഞ്ജി ട്രോഫി നടത്തേണ്ടതില്ലെന്ന് തീരുമാനം. പകരം 50 ഓവർ വിജയ് ഹസാരെ ട്രോഫിയും വനിതകൾക്കായി ഏകദിന ടൂർണമെൻറും നടത്തും. ഇതുസംബന്ധിച്ച് എല്ലാ സംസ്ഥാന സമിതികൾക്കും ബി.സി.സി.ഐ കത്തയച്ചു.
കോവിഡ് മഹാമാരി പരിഗണിച്ച് രഞ്ജി ട്രോഫി മത്സരങ്ങൾ വേണ്ടെന്നുവെച്ചെങ്കിലും അതത് ടീമുകൾക്കായി പാഡുകെട്ടിയ ഇനത്തിൽ താരങ്ങൾക്ക് ലഭിക്കേണ്ട പ്രതിഫലം ബി.സി.സി.ഐ നൽകും. ശരാശരി പ്രതിദിനം 45,000 രുപ തോതിലാണ് നൽകുക.
ഇപ്പോൾ കളി പുരോഗമിക്കുന്ന സയിദ് മുഷ്താഖ് അലി ട്രോഫിക്കൊപ്പമാണ് വിജയ് ഹസാരെ ട്രോഫിയും നടക്കുക. വേദികൾ അടുത്തയാഴ്ചയോടെ തീരുമാനിക്കും. ഫെബ്രുവരി ആദ്യ വാരത്തോടെ താരങ്ങൾ ബയോ ബബ്ളിൽ പ്രവേശിക്കണം. ടൂർണെമൻറ് ഒരു മാസം നീണ്ടുനിൽക്കും.
മാർച്ച് അവസാനത്തോടെ ഐ.പി.എൽ മത്സരങ്ങൾ ആരംഭിക്കേണ്ടതിനാൽ കളി വേഗം അവസാനിപ്പിക്കാനാണ് തീരുമാനം.
രഞ്ജി ട്രോഫി നടത്തുന്ന കാര്യം നേരത്തെ ബി.സി.സി.ഐ സംസ്ഥാന സമിതികളുമായി കൂടിയാലോചന നടത്തിയിരുന്നു. നാലു ദിവസം നീളുന്ന രഞ്ജി ട്രോഫി വേണ്ടെന്ന് ഇതിൽ മഹാഭൂരിപക്ഷവും ആവശ്യപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.