പാകിസ്താൻ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് മത്സരത്തിൽ കാണികൾക്ക് ‘വിലക്ക്’!
text_fieldsഇസ്ലാമാബാദ്: ബംഗ്ലാദേശിനെതിരെ രണ്ടു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരക്ക് തയാറെടുക്കുകയാണ് പാകിസ്താൻ. ഈമാസം 21ന് റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ആദ്യ ടെസ്റ്റ്. എന്നാൽ, കറാച്ചി സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം ടെസ്റ്റ് മത്സരത്തിൽ കാണികളെ പ്രവേശിപ്പിക്കില്ലെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി) വ്യക്തമാക്കി.
ആഗസ്റ്റ് 30 മുതൽ സെപ്റ്റംബർ മൂന്നു വരെയാണ് രണ്ടാം ടെസ്റ്റ്. കറാച്ചി സ്റ്റേഡിയത്തിൽ നടക്കുന്ന നവീകരണ പ്രവൃത്തികളുടെ ഭാഗമായാണ് കാണികൾക്ക് പി.സി.ബി നിയന്ത്രണം ഏർപ്പെടുത്തിയത്. അടുത്ത വർഷം നടക്കുന്ന ഐ.സി.സി ചാമ്പ്യൻസ് ട്രോഫി ടൂർണമെന്‍റിനു മുന്നോടിയായാണ് സ്റ്റേഡിയം നവീകരിക്കുന്നത്. ‘ഞങ്ങളുടെ കളിക്കാർക്ക് പ്രോത്സാഹനവും പ്രചോദനവും നൽകുന്നതിൽ ആരാധകർ സുപ്രധാന പങ്കു വഹിക്കുന്ന കാര്യം മനസ്സിലാക്കുന്നു. അതിനാൽ എല്ലാ വശങ്ങളും പരിശോധിച്ചു, ഒടുവിലാണ് കാണികളില്ലാതെ മത്സരം നടത്തുക എന്നതാണ് ഏറ്റവും സുരക്ഷിതമായ മാർഗമെന്ന തീരുമാനത്തിലെത്തിയത്’ -പി.സി.ബി പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി.
രണ്ടാം ടെസ്റ്റ് മത്സരത്തിനുള്ള ടിക്കറ്റ് വിൽപന പിന്നാലെ നിർത്തിവെച്ചു. ഇതിനകം മത്സരത്തിന്‍റെ ടിക്കറ്റ് വാങ്ങിയവർക്ക് തുക മടക്കി നൽകും. ചൊവ്വാഴ്ച ബംഗ്ലാദേശ് ടീം പാകിസ്താനിലെത്തിയിരുന്നു.
ബംഗ്ലാദേശ് ടീം: നജ്മുൽ ഹുസൈൻ ഷാന്‍റോ (നായകൻ), മഹ്മുദുൽ ഹസൻ ജോയ്, സക്കീർ ഹസൻ, ശദ്മൻ ഇസ്ലാം, മൊമീനുൽ ഹഖ്, മുഷ്ഫിഖുർ റഹീം, ഷാകിബുൽ ഹസൻ, ലിറ്റൺ ദാസ്, മെഹ്ദി ഹസൻ മിറാസ്, തയ്ജുൽ ഇസ്ലാം, നയീം ഹസൻ, നഹിദ് റാണ, ഷോരിഫുൽ ഇസ്ലാം, ഹസൻ മഹ്മൂദ്, തസ്കിൻ അഹ്മദ്, ഖീലിദ് അഹ്മദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.