2027ലെ ലോകകപ്പ് കളിക്കാനും നേടാനും ആഗ്രഹം; വിരമിക്കലിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും രോഹിത്
text_fieldsന്യൂഡൽഹി: 2027ലെ ഏകദിന ലോകകപ്പ് കളിക്കാനും കിരീടം നേടാനും ആഗ്രഹിക്കുന്നതായി ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ രോഹിത് ശർമ. വിരമിക്കലിനെക്കുറിച്ച് യഥാർഥത്തിൽ ചിന്തിച്ചിട്ടില്ലെന്നും കുറച്ച് വർഷങ്ങൾ കൂടി തുടരുന്നതിനെക്കുറിച്ചാണ് ആലോചനയെന്നും ഒരു യൂ ട്യൂബ് ചാറ്റ് ഷോയിൽ രോഹിത് പറഞ്ഞു.
‘‘ജീവിതം ഏത് വഴിയിലാണ് നീങ്ങുന്നതെന്ന് പക്ഷേ പറയാൻ കഴിയില്ല. ഇപ്പോൾ ഞാൻ നന്നായി കളിക്കുന്നുണ്ട്. കുറച്ച് വർഷങ്ങൾ കൂടി തുടരുന്നതിനെപ്പറ്റി ചിന്തിക്കുന്നു. ലോകകപ്പ് നേടാൻ ശരിക്കും ആഗ്രഹമുണ്ട്’’-അദ്ദേഹം തുടർന്നു. 2023ലെ ലോകകപ്പ് ഫൈനലിൽ ആസ്ട്രേലിയയോട് തോറ്റതിന്റെ നിരാശയും രോഹിത് മറച്ചുവെച്ചില്ല. ഫൈനൽവരെ നമ്മൾ നന്നായി കളിച്ചു. സെമി ഫൈനലും ജയിച്ചപ്പോൾ കിരീടത്തിൽ നിന്ന് ഒരടി മാത്രം അകലത്തിലായിരുന്നു.
ഫൈനലിലെ തോൽവിയുടെ കാരണങ്ങൾ ചോദിച്ചാൽ ഒരു കാര്യം പോലും തന്റെ മനസ്സിലേക്ക് വരുന്നില്ല. 50 ഓവർ ലോകകപ്പാണ് യഥാർഥ ലോകകപ്പെന്നും രോഹിത് കൂട്ടിച്ചേർത്തു. 2007ൽ ഇന്ത്യ പ്രഥമ ട്വന്റി20 ലോകകിരീടം നേടിയപ്പോൾ രോഹിത് ടീമിലുണ്ടായിരുന്നു. എന്നാൽ, 2011ലെ ഏകദിന ചാമ്പ്യൻ സംഘത്തിന് പുറത്തായിരുന്നു താരം. ജൂണിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിൽ ഇന്ത്യയെ നയിക്കുന്നത് രോഹിതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.