'യാരെടാ അന്ത സ്മിത്ത്?'; അശ്വിന് മുന്നിൽ അടിയറവ് പറഞ്ഞ് സ്മിത്ത്
text_fieldsമെൽബൺ: ഇന്ത്യയുടെ സ്പിൻ മാന്ത്രികൻ ആർ. അശ്വിനും ആസ്ട്രേലിയയുടെ ലോക ഒന്നാംനമ്പർ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്തും ഒരു ശീതയുദ്ധത്തിലായിരുന്നു. സ്മിത്തിനെ പുറത്താക്കാൻ അശ്വിനും അശ്വിനെ മെരുക്കാൻ സ്മിത്തും ആഞ്ഞുപിടിച്ച് നടത്തിയ മത്സരം. ആ പോരാട്ടത്തിനൊടുവിൽ സ്മിത്ത് തോൽവി സമ്മതിച്ചിരിക്കുകയാണിപ്പോൾ. രണ്ടാം ടെസ്റ്റിനു പിന്നാലെയായിരുന്നു ആസ്ട്രേലിയൻ താരത്തിെൻറ പരാജയ സമ്മതം. മെൽബൺ ടെസ്റ്റിെൻറ ആദ്യ ഇന്നിങ്സിൽ അശ്വിൻ സ്മിത്തിനെ പൂജ്യത്തിന് പുറത്താക്കി. ആദ്യ ടെസ്റ്റിലും അശ്വിനു മുന്നിൽ സ്മിത്ത് (1) നിരായുധനായി കീഴടങ്ങി.
'ആഗ്രഹിക്കുന്നപോലെ അശ്വിനെതിരെ കളിക്കാൻ കഴിഞ്ഞില്ല. അദ്ദേഹത്തിൽ കൂടുതൽ സമ്മർദം സൃഷ്ടിക്കുന്ന വിധം കളിക്കാനാണ് ഞാൻ കരുതിയത്. പക്ഷേ, അശ്വിൻ എനിക്കു മേൽ മേൽക്കൊയ്മ നേടുകയായിരുന്നു. കരിയറിൽ ഒരു സ്പിൻ ബൗളറെയും അത്തരമൊരു മുൻതൂക്കത്തിന് ഞാൻ അനുവദിച്ചിട്ടില്ല. പക്ഷേ, അശ്വിനിത് സാധിച്ചു' -സ്മിത്ത് പറയുന്നു. ഇന്ത്യൻ സ്പിന്നർക്കെതിരെ കൂടുതൽ ആക്രമണ മനോഭാവത്തോടെ കളിക്കേണ്ടിയിരുന്നെന്നും ഓസീസ് ബാറ്റിങ്ങിെൻറ നെടുംതൂണായ സ്മിത്ത് പറയുന്നു. ടെസ്റ്റിൽ ഇതുവരെ താരത്തിന് ഫോമിലേക്കുയരാൻ കഴിഞ്ഞിട്ടില്ല.
2018ൽ ഇന്ത്യ ചരിത്രവിജയം നടന്നപ്പോൾ പന്ത് ചുരണ്ടലിനെത്തുടർന്ന് വിലക്കിലായിരുന്ന സ്റ്റീവൻ സ്മിത്തില്ലാത്ത ആസ്ട്രേലിയക്കെതിരെയുള്ള വിജയം മഹത്വവൽക്കരിക്കേണ്ടതില്ല എന്നായിരുന്നു ഓസീസ് ആരാധകരുടെ വാദം. എന്നാൽ രണ്ട് ടെസ്റ്റുകളിലും സ്മിത്തിനെ ഇന്ത്യ പൂട്ടിയതോടെ ഇന്ത്യൻ ആരാധകർ ഓസീസ് ആരാധകരുടെ വാദത്തെ പൊളിച്ചുകാണിക്കുന്നുണ്ട്. എന്നാൽ വമ്പൻ തിരിച്ചുവരവുകൾ നടത്തിയ ചരിത്രമുള്ള സ്മിത്ത് അശ്വിനെ നേരിടാൻ എന്ത് തന്ത്രം പ്രയോഗിക്കുമെന്നാണ് ക്രിക്കറ്റ് പ്രേമികൾ കാത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.