കഠിനമായ രാത്രി ആയിരുന്നു, ഒന്നും ചെയ്യാൻ കഴിഞ്ഞില്ല - സഞ്ജു സാംസൺ
text_fieldsജയ്പൂർ: ഗുജറാത്ത് ടൈറ്റൻസിനോടേറ്റ വൻപരാജയത്തെ തുടർന്ന് ആത്മവിമർശനവുമായി രാജസ്ഥാൻ റോയൽസ് ടീം ക്യാപ്റ്റൻ സഞ്ജു സംസൺ. ജയ്പൂരിൽ നടന്ന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനോട് ഒൻപത് വിക്കറ്റിനാണ് രാജസ്ഥാൻ റോയൽസ് പരാജയപ്പെട്ടത്. പ്ലേ ഓഫിലേക്ക് കടക്കാനുള്ള രാജസ്ഥാന്റെ സുവർണാവസരമാണ് ഇതോടെ കൈവിട്ടത്.
ടീം പെട്ടെന്ന് ഫോമിലേക്ക് ഉയരേണ്ടതുണ്ടെന്നും വരുന്ന രണ്ട് നിർണായക മത്സരങ്ങളിൽ ഫോം വീണ്ടെടുക്കാനായില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്നും സഞ്ജു മത്സരശേഷം പറഞ്ഞു.
“ഞങ്ങൾക്ക് വളരെ കഠിനമായ രാത്രി ആയിരുന്നു ഇത്, ഒരു നല്ല പവർപ്ലേ നമുക്ക് കിട്ടിയിട്ടില്ല, അവരുടെ ബൗളർമാർ മികച്ച ലൈനും ലെങ്തും നോക്കി ബൗൾ ചെയ്യുകയായിരുന്നു, മധ്യ ഓവറുകളിൽ നിർണായകമായ ചില വിക്കറ്റുകൾ വീഴ്ത്താൻ അവർക്ക് ആയി, ഇത്തരം നല്ല ബൗളിംഗ് സംഭവിക്കുമ്പോൾ നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല.” സഞ്ജു പറഞ്ഞു.
“രണ്ട് നിർണായക ഗെയിമുകൾ വരുന്നുണ്ട്, അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ കളിക്കുന്ന മത്സരങ്ങൾ വിജയിക്കാൻ ഞങ്ങൾ കാത്തിരിക്കുകയാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
രാജസ്ഥാൻ റോയൽസിനെ അവരുടെ തട്ടകത്തിൽ വെച്ചാണ് ഗുജറാത്ത് ടൈറ്റാൻസ് നാണംകെടുത്തിയത്. ബൗളിങ്ങിലെന്നപോലെ ബാറ്റിങ്ങിലും തിളങ്ങിയ ഹർദിക് പാണ്ഡ്യയും സംഘവും ഒമ്പത് വിക്കറ്റിന്റെ കൂറ്റൻ ജയമാണ് സ്വന്തമാക്കിയത്. രാജസ്ഥാൻ ഉയർത്തിയ 119 റൺസ് എന്ന ഈ സീസണിലെ തന്നെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ വിജയലക്ഷ്യം ഒമ്പത് വിക്കറ്റുകളും ആറ് ഓവറുകളും ബാക്കി നിൽക്കെ അവർ എത്തിപ്പിടിച്ചു.
വൃദ്ധിമാൻ സാഹയും (34 പന്തുകളിൽ 41), ശുഭ്മാൻ ഗില്ലും (35 പന്തുകളിൽ 36), ഹർദിക് പാണ്ഡ്യയും (15 പന്തുകളിൽ മൂന്ന് വീതം സിക്സും ഫോറുമടക്കം 39) ആണ് ഗുജറാത്തിന്റെ വിജയം എളുപ്പമാക്കിയത്.
നേടി ബാറ്റിങ് തെരഞ്ഞെടുത്ത സഞ്ജുവിനെയും സംഘത്തെയും ഗുജറാത്ത് ബൗളർമാർ വരിഞ്ഞുമുറുക്കുകയായിരുന്നു. നായകൻ സഞ്ജു സാംസൺ (20 പന്തുകളിൽ 30) ഒഴിച്ചുള്ളവരാരും 20 റൺസ് പോലും നേടിയില്ല. രണ്ടാമത്തെ ഓവറിൽ തന്നെ ജോസ് ബട്ലറിനെ പുറത്താക്കി ഹർദിക് പാണ്ഡ്യയാണ് എതിരാളികൾക്ക് ആദ്യ ഷോക്ക് സമ്മാനിച്ചത്. എന്നാൽ, യശസ്വി ജെയ്സ്വാളും സഞ്ജുവും ചേർന്ന് പതിയെ സ്കോർ ഉയർത്തി. ആറാമത്തെ ഓവറിൽ ജെയ്സ്വാൾ റണ്ണൗട്ടായി മടങ്ങിയെങ്കിലും മികച്ച രീതിയിൽ ബാറ്റ് ചെയ്ത സഞ്ജു ഏഴാമത്തെ ഓവറിൽ സ്കോർ 60 റൺസിലെത്തിച്ചു.
എന്നാൽ, ജോഷ്വ ലിറ്റിൽ എറിഞ്ഞ പന്തിൽ പാണ്ഡ്യക്ക് പിടി നൽകി സഞ്ജു പോയതോടെ രാജസ്ഥാന്റെ തകർച്ച തുടങ്ങി. നാല് റോയൽസ് ബാറ്റർമാർ രണ്ടക്കം കാണാതെ തുടർച്ചയായി പുറത്തായി. റാഷിദ് ഖാനായിരുന്നു അതിന് ചുക്കാൻ പിടിച്ചത്. നാലോവറിൽ 14 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകളാണ് അഫ്ഗാൻ താരം വീഴ്ത്തിയത്. മറ്റ് ഗുജറാത്ത് ബൗളർമാരും ജയ്പൂരിൽ കിടിലൻ ഫോമിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.