രവീന്ദ്ര ജദേജയോ, ഹാർദിക്കോ അല്ല! മുൻ ബാറ്റിങ് ഇതിഹാസത്തിന്‍റെ ഭാവി ഇന്ത്യൻ ടീം നായകർ ഇവരാണ്...
text_fieldsലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് തോൽവിക്കു പിന്നാലെയാണ് പുതിയ ഇന്ത്യൻ നായകരെ കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്നത്. ഇതിനിടെ രോഹിത് ശർമ ഇന്ത്യൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ സ്ഥാനം ഒഴിയാൻ ഒരുങ്ങുന്നതായും റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.
വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരക്കുശേഷം രോഹിത് ശർമ ക്യാപ്റ്റൻ സ്ഥാനവുമായി ബന്ധപ്പെട്ട് ബി.സി.സി.ഐയുമായി ചർച്ച നടത്തുമെന്നാണു വിവരം. നിലവിൽ ക്രിക്കറ്റിന്‍റെ മൂന്നു ഫോർമാറ്റിലും ഇന്ത്യൻ പുരുഷ ടീമിന്‍റെ ഔദ്യോഗിക ക്യാപ്റ്റൻ രോഹിത് ശർമ തന്നെയാണ്. രോഹിത്തിന്‍റെ അഭാവത്തിലാണ് ട്വന്‍റി20യിൽ ഹാർദിക് പാണ്ഡ്യ ടീമിനെ നയിക്കുന്നത്. കഴിഞ്ഞവർഷത്തെ ട്വന്‍റി20 ലോകകപ്പിനുശേഷം രോഹിത് ഇന്ത്യക്കായി ട്വന്‍റി20 കളിച്ചിട്ടില്ല. 36കാരനായ താരം ഇനി അധികകാലം ഇന്ത്യൻ ടീമിലുണ്ടാകില്ല.
രോഹിത്തിന്‍റെ പകരക്കാരനായി കൂടുതൽ സാധ്യത കൽപിക്കപ്പെടുന്നത് ഹാർദിക്കിന് തന്നെയാണ്. ഇന്ത്യൻ ടീമിന്‍റെ അടുത്ത നായകൻ ആരാകണമെന്ന ചോദ്യത്തിന് മുൻ ബാറ്റിങ് ഇതിഹാസം സുനിൽ ഗവാസ്കർ നൽകിയ മറുപടി ഏവരെയും അത്ഭുതപ്പെടുത്തി. വെടിക്കെട്ട് ബാറ്റർ ശുഭ്മൻ ഗിൽ, ഓൾ റൗണ്ടർ അക്സർ പട്ടേൽ എന്നിവരുടെ പേരുകൾക്കാണ് താരം പ്രഥമ പരിഗണന നൽകിയത്.
‘ഭാവിയിലെ ക്യാപ്റ്റന്മാരിൽ ഒരാൾ ശുഭ്മൻ ഗില്ലും മറ്റൊരാൾ അക്സർ പട്ടേലുമാണ്. ഓരോ മത്സരം കഴിയുമ്പോഴും അക്സർ കൂടുതൽ മെച്ചപ്പെടുകയാണ്. വൈസ് ക്യാപ്റ്റന്‍റെ ഉത്തരവാദിത്വം താരത്തിന് നൽകുന്നത് ഉചിതമായിരിക്കും. ഞാൻ പരിഗണിക്കുന്ന രണ്ടുപേർ ഇവരാണ്’ -ഗവാസ്കർ പറഞ്ഞു. ഇഷാൻ കിഷനെ പോലെ മറ്റു താരങ്ങളുണ്ടെങ്കിലും അവർക്ക് ഇതുവരെ ടീമിലെ സ്ഥാനം ഉറപ്പിക്കാനായിട്ടില്ലെന്നും ഗവാസ്കർ അഭിപ്രായപ്പെട്ടു.
സൂപ്പർതാരം വിരാട് കോഹ്ലിക്കു പകരക്കാരനായി 2022 ലാണ് രോഹിത് ശർമ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനാകുന്നത്. അതിനു ശേഷം ഇന്ത്യ പത്ത് ടെസ്റ്റുകൾ കളിച്ചു. അതിൽ മൂന്നു മത്സരങ്ങളിൽ രോഹിത് കളിക്കാനിറങ്ങിയില്ല. ഏഴു മത്സരങ്ങളില്‍നിന്ന് ഒരു സെഞ്ച്വറിയുൾപ്പെടെ 390 റൺസാണ് രോഹിത് ശർമ നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.