ബുംറ എന്നു തിരിച്ചെത്തും?- ഓസീസ് പരമ്പരക്ക് മുമ്പ് ചിലത് തുറന്നുപറഞ്ഞ് ക്യാപ്റ്റൻ രോഹിത്
text_fieldsടെസ്റ്റിലെയും ഏകദിനത്തിലെയും ലോക ഒന്നാം നമ്പറുകാർ തമ്മിലെ ആവേശപ്പോരിന് നാളുകൾ ബാക്കിനിൽക്കെ ഇന്ത്യയുടെ പേസ് മാസ്റ്റർ ജസ്പ്രീത് ബുംറ എന്നു തിരിച്ചെത്തുമെന്ന ആധിക്ക് കനം വെക്കുന്നു. പരിക്കിനെ തുടർന്ന് ഏറെയായി പുറത്തിരിക്കുന്ന ബുംറക്ക് പകരമാകാൻ മുഹമ്മദ് സിറാജും ഉംറാൻ മാലികുമുൾപ്പെടെ ഉണ്ടെങ്കിലും ഏതു പിച്ചിലും പ്രഹരശേഷി നിലനിർത്താൻ ഇവർക്കാകുമോയെന്ന ആശങ്ക നിലനിൽക്കുന്നു.
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് പുറംവേദനയെ തുടർന്ന് താരം പുറത്തായത്. ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ വീണ്ടും നെറ്റ്സിൽ പന്തെറിഞ്ഞുതുടങ്ങിയ 29കാരൻ വൈകാതെ തിരിച്ചെത്തുമെന്ന് തന്നെയാണ് സൂചന. ഇതേ കുറിച്ച് രോഹിതിന് പങ്കുവെക്കാനുള്ളതും അതേ പ്രതീക്ഷ.
‘‘ബുംറയുടെ കാര്യത്തിൽ, നിലവിൽ എനിക്കൊട്ടും ഉറപ്പില്ല. (ആസ്ട്രേലിയക്കെതിരായ) ആദ്യ രണ്ടു ടെസ്റ്റിൽ താരം ഉണ്ടാകില്ല. ഞാൻ പ്രതീക്ഷിക്കുകയാണ്, അവസാന രണ്ടു ടെസ്റ്റുകളിൽ ഉണ്ടാകുമെന്ന്. പുറംവേദന ഗുരുതര പരിക്കായതിനാൽ സാഹസത്തിന് മുതിരുകയില്ല. ഇനിയുമേറെ പ്രധാന മത്സരങ്ങൾ തുടർന്നും വരാനുണ്ട്’’- രോഹിത് പറയുന്നു. അക്കാദമിയിലെ ഡോക്ടർമാരും ഫിസിയോമാരുമായി നിരന്തരം ബന്ധപ്പെട്ട് തത്സ്ഥിതി അറിയുന്നുണ്ടെന്നും ആവശ്യമായ സമയം താരത്തിന് അനുവദിക്കുമെന്നും ക്യാപ്റ്റൻ തുടർന്നു.
ഇംഗ്ലണ്ട് പര്യടനത്തിനിടെയാണ് പുറംഭാഗത്ത് പരിക്കുമായി താരം മടങ്ങിയത്. കഴിഞ്ഞ വർഷം ഏഷ്യകപ്പുൾപ്പെടെ കളിച്ചിരുന്നില്ല. ന്യൂസിലൻഡ്, ശ്രീലങ്ക പര്യടനങ്ങളിൽ ഇന്ത്യൻ ബൗളിങ് മികവു കാട്ടിയെങ്കിലും അതിനു മുമ്പ് ഫാസ്റ്റ് ബൗളർമാരുടെ അഭാവം കൂടുതൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബുംറയുടെ അസാന്നിധ്യം എന്നു പരിഹരിക്കാനാകുമെന്ന ചോദ്യങ്ങളും ഉയർന്നു. എന്നാൽ, ബുംറയില്ലാത്ത ഇന്ത്യൻ പേസ് നിരയെ കുറിച്ച് ചിന്തിച്ചുതുടങ്ങാനായെന്നുവരെ ചില മുൻതാരങ്ങൾ പറഞ്ഞു.
ആസ്ട്രേലിയക്കെതിരെ നാലു ടെസ്റ്റുകളടങ്ങിയ പരമ്പര ഫെബ്രുവരി ഒമ്പതിന് നാഗ്പൂരിൽ തുടക്കമാകും. മാർച്ച് ആദ്യ വാരത്തിലാകും അവസാന രണ്ടു ടെസ്റ്റ് മത്സരങ്ങൾ നടക്കുക. ഇവയിൽ ബുംറയെ കളിപ്പിക്കാനാകുമോ എന്നാണ് പരിശോധിക്കുന്നത്.
കഴിഞ്ഞ ട്വന്റി20 ലോകകപ്പിൽ താരത്തിന്റെ സാന്നിധ്യം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ആസ്ട്രേലിയക്കെതിരായ ട്വന്റി20 ടീമിൽ ഉൾപ്പെടുത്തി വീണ്ടും പരിക്കേറ്റിരുന്നു. ഇതോടെയാണ് കൂടുതൽ പരീക്ഷണങ്ങൾക്ക് മുതിരേണ്ടെന്ന തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.