ഇനി ഏകദിന പരമ്പര; ഇന്ത്യ-ആസ്ട്രേലിയ ആദ്യ മത്സരം ഇന്ന്
text_fieldsമുംബൈ: സ്ഥിരംനായകരുടെ അഭാവത്തിലെത്തുന്ന താൽക്കാലിക ക്യാപ്റ്റന്മാർക്കു കീഴിൽ ഇന്ത്യ-ആസ്ട്രേലിയ ഏകദിന പരമ്പരക്ക് വെള്ളിയാഴ്ച വാംഖഡെ സ്റ്റേഡിയത്തിൽ തുടക്കമാവുന്നു. ഇക്കൊല്ലം അവസാന പാദത്തിൽ ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പിനു മുന്നോടിയായി ഇരു ടീമും ഏറെ പ്രാധാന്യം കൽപിക്കുന്ന പരമ്പരയാണിത്. ബോർഡർ-ഗവാസ്കർ ടെസ്റ്റ് പരമ്പര 2-1ന് നേടിയ ആവേശത്തിലാണ് ആതിഥേയർ. ഓസീസിനെ സംബന്ധിച്ച് ടെസ്റ്റിലെ തോൽവിക്ക് ഏകദിനംകൊണ്ട് മറുപടി നൽകിയേ തീരൂ. കുടുംബപരമായ വിഷയങ്ങൾ കാരണം ആദ്യ മത്സരത്തിൽനിന്ന് വിട്ടുനിൽക്കുന്ന രോഹിത് ശർമ മാർച്ച് 19ന് വിശാഖപട്ടണത്തും 22ന് ചെന്നൈയിലും ഇന്ത്യയെ നയിക്കാനുണ്ടാവും.
രോഹിത്തിന്റെ അഭാവത്തിൽ ശുഭ്മൻ ഗില്ലിനൊപ്പം ഇഷാൻ കിഷൻ ഓപണറായെത്തും. വിക്കറ്റ് കീപ്പറുടെ റോളിൽ ആദ്യ ചോയ്സ് കെ.എൽ രാഹുൽതന്നെയാണ്. രാഹുൽ മധ്യനിരയിലേക്ക് മാറേണ്ടിവരും. വിരാട് കോഹ്ലിയുടെ കാര്യത്തിൽ സന്ദേഹമില്ല. പരിക്കു കാരണം ശ്രേയസ് അയ്യർ പുറത്തായത് സൂര്യകുമാർ യാദവിനോ രജത് പാട്ടീദാറിനോ അവസരമൊരുക്കും.
പാണ്ഡ്യക്കും രവീന്ദ്ര ജദേജക്കും പുറമെ ഒരു ഓൾറൗണ്ടറെ ഇറക്കുകയാണെങ്കിൽ ടെസ്റ്റ് പരമ്പരയിൽ ഉജ്ജ്വല ഫോം പുറത്തെടുത്ത അക്സർ പട്ടേലിനാണ് ആദ്യ പരിഗണന. അല്ലെങ്കിൽ സ്പിൻ ബൗളിങ് ഓൾറൗണ്ടർ തന്നെയായ വാഷിങ്ടൺ സുന്ദറോ യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ് എന്നിവരിലൊരാളോ വന്നുകൂടെന്നില്ല. പേസ് ബൗളിങ് ഡിപ്പാർട്മെന്റിൽ മുഹമ്മദ് സിറാജിനൊപ്പം മുഹമ്മദ് ഷമിയും ശാർദുൽ ഠാകുറും ഉമ്രാൻ മാലിക്കും ചാൻസ് നോക്കുന്നുണ്ടെങ്കിലും ഒരാൾ പുറത്താവും.
പാറ്റ് കമ്മിൻസ് നാട്ടിൽ തുടരുന്ന സാഹചര്യത്തിൽ സ്റ്റീവ് സ്മിത്തിന്റെ നേതൃത്വത്തിൽ ഇറങ്ങുന്ന ആസ്ട്രേലിയൻ സംഘത്തിലേക്ക് പരിക്ക് ഭേദമായി ഓപണർ ഡേവിഡ് വാർണറും മധ്യനിരയിൽ ഗ്ലെൻ മാക്സ്വെല്ലും തിരിച്ചെത്തിയിട്ടുണ്ട്. ഓൾറൗണ്ടർമാരായ മിച്ചൽ മാർഷ്, ആഷ്ടൺ ആഗാർ, സ്പിന്നർ ആദം സാംപ എന്നിവരുടെ സാന്നിധ്യവും ഇവർക്ക് കരുത്തുപകരും.
സാധ്യത ടീം: ഇന്ത്യ-ശുഭ്മൻ ഗിൽ, ഇഷാൻ കിഷൻ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്/രജത് പാട്ടീദാർ, കെ.എൽ. രാഹുൽ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജദേജ, അക്സർ പട്ടേൽ/വാഷിങ്ൺ സുന്ദർ, ശാർദുൽ ഠാകുർ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി/ഉമ്രാൻ മാലിക്.ആസ്ട്രേലിയ: ഡേവിഡ് വാർണർ, ട്രാവിസ് ഹെഡ്, സ്റ്റീവ് സ്മിത്ത്, മാർനസ് ലബുഷെയ്ൻ, മിച്ചൽ മാർഷ്/മാർക്കസ് സ്റ്റോയിനിസ്, ഗ്ലെൻ മാക്സ്വെൽ, അലക്സ് കാരി, കാമറൂൺ ഗ്രീൻ, മിച്ചൽ സ്റ്റാർക്, ആദം സാംപ, നഥാൻ എല്ലിസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.