'ന്യൂസിലാൻഡിൽ ഭീകരാക്രമണമുണ്ടായപ്പോൾ ഒപ്പം നിന്നവരാണ് ഞങ്ങൾ'; പരമ്പര റദ്ദാക്കിയതിൽ കടുത്ത പ്രതിഷേധവുമായി അക്തർ
text_fieldsറാവൽപിണ്ടി: ഏകദിന മത്സരത്തിന്‍റെ ടോസിടാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ പാകിസ്താനുമായുള്ള പരമ്പരയിൽ നിന്ന് നാടകീയമായി പിന്മാറിയ ന്യൂസിലാൻഡിന്‍റെ നടപടിയിൽ പ്രതിഷേധവുമായി ശുൈഎബ് അക്തർ. സുരക്ഷാ പ്രശ്നങ്ങളെ തുടർന്നാണ് പിന്മാറ്റമെന്നാണ് ന്യൂസിലാൻഡിന്‍റെ വിശദീകരണം.
അക്തർ ട്വീറ്റ് ചെയ്തതിങ്ങനെ:
ന്യൂസിലാൻഡ് ചില കാര്യങ്ങൾ ഓർക്കണം
-ക്രൈസ്റ്റ് ചർച്ച് ഭീകരാക്രമണത്തിൽ ഒൻപത് പാകിസ്താനികൾ കൊല്ലപ്പെട്ടിരുന്നു-എന്നിട്ടും പാകിസ്താൻ ന്യൂസിലാൻഡിനൊപ്പം ശക്തമായി നിലകൊണ്ടു
-കോവിഡ് സാഹചര്യം രൂക്ഷമായിട്ടും ന്യൂസിലാൻഡിൽ പാകിസ്താൻ പര്യടനം നടത്തിയിരുന്നു. ന്യൂസിലാൻഡ് അധികൃതരുടെ കർശനമായ പെരുമാറ്റം പരിഗണിക്കാതെയായിരുന്നു അത്.
ന്യൂസിലാൻഡ് പാകിസ്താൻ ക്രിക്കറ്റിനെ കൊന്നുവെന്നും ദക്ഷിണാഫ്രിക്ക, ബംഗ്ലദേശ്, വെസ്റ്റ്ഇൻഡീസ്, ശ്രീലങ്ക, സിംബാബ്വെ തുടങ്ങിയ രാജ്യങ്ങൾക്ക് സുരക്ഷിതമായി മത്സരങ്ങൾ ഞങ്ങളൊരുക്കിയതാണെന്നും അക്തർ മറ്റു ട്വീറ്റുകളിലൂടെ പറഞ്ഞു.
പരമ്പരക്കായി ടീം പാകിസ്താനിൽ തുടരില്ലെന്ന് ന്യൂസിലാൻഡ് ക്രിക്കറ്റ് പ്രസ്താവനയിൽ അറിയിച്ചിരുന്നു. പാകിസ്താനിൽ മൂന്ന് ഏകദിന മത്സരങ്ങളും അഞ്ച് ട്വന്‍റി 20 മത്സരങ്ങളും കളിക്കാനാണ് ന്യൂസിലാൻഡ് എത്തിയത്.
ന്യൂസിലാൻഡ് സർക്കാറിൽ നിന്ന് സുരക്ഷാ മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് മത്സരത്തിൽ നിന്ന് പിന്മാറുന്നതെന്നും ക്രിക്കറ്റ് ബോർഡ് അറിയിച്ചു. ടീമിന്‍റെ മടങ്ങിപോക്കിനുള്ള സംവിധാനങ്ങൾ ഒരുക്കിയെന്ന് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ടൂർണമെന്‍റുമായി മുന്നോട്ട് പോവാനുള്ള സന്നദ്ധത പാകിസ്താൻ വ്യക്തമാക്കി. സന്ദർശക ടീമുകൾക്ക് പഴുതുകളില്ലാത്ത സുരക്ഷ ഉറപ്പാക്കുമെന്നും പാകിസ്താൻ അറിയിച്ചു.
ന്യൂസിലാൻഡ് ടീമിന് എല്ലാവിധ സുരക്ഷയും ഒരുക്കിയിട്ടുണ്ടെന്ന വിവരം പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേനെ അറിയിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. പരമ്പരയിൽ നിന്നും പിന്മാറരുതെന്ന് ന്യൂസിലാൻഡ് പ്രധാനമന്ത്രിയോട് അദ്ദേഹം അഭ്യർഥിച്ചു. ന്യൂസിലാൻഡ് ക്രിക്കറ്റ് ടീമിനൊപ്പമുള്ള സുരക്ഷാ സംഘം ഒരുക്കങ്ങളിൽ സംതൃപ്തി പ്രകടിപ്പിച്ചുവെന്ന വിവരവും പാകിസ്താൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അവസാന നിമിഷം ടൂർണമെന്‍റിൽ നിന്നും പിന്മാറുന്നത് ക്രിക്കറ്റ് ആരാധകർക്ക് കടുത്ത നിരാശ നൽകുന്ന തീരുമാനമാണെന്നും പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്‍റെ പ്രസ്താവനയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.