Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
sports news
cancel
camera_alt

ഇ​ന്ത്യ- ആ​സ്ട്രേ​ലി​യ ടെ​സ്റ്റി​ന് മു​ന്നോ​ടി​യാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ആ​സ്ട്രേ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ആ​ന്ത​ണി ആ​ൽ​ബ​നി​സും അ​ഹ​മ്മ​ദാ​ബാ​ദി​ലെ സ്റ്റേ​ഡി​യ​ത്തി​ൽ

കഴിഞ്ഞ മാർച്ചിൽ അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വമ്പൻ ഒരു കെട്ടുകാഴ്ച ഉണ്ടായിരുന്നു. ഇന്ത്യ-ആസ്ട്രേലിയ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനിസും മുഖ്യാതിഥിയായ ചടങ്ങ്. വലിയൊരു സ്റ്റേഡിയമുണ്ടാക്കി സ്വന്തം പേര് ചാർത്തിയശേഷം മോദിയുടെ ആദ്യ വരവായിരുന്നു ഇത്.​

ക്രിക്കറ്റ് ബാറ്റും വിക്കറ്റും കൊണ്ട് അലങ്കരിച്ച രഥത്തിലേറി ഇരു പ്രധാനമന്ത്രിമാരും സ്റ്റേഡിയം വലം വെച്ചു. മോദിയുടെ സുഹൃത്തും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ മകനുമായ ബി.സി.സി.ഐ സെക്രട്ടറി ജയ്ഷാ മോദിയുടെ ഛായാചിത്രം അദ്ദേഹത്തിനു തന്നെ സമ്മാനിച്ചു. ‘നരേന്ദ്ര മോദിയുടെ ഛായാചിത്രം നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റുവാങ്ങുന്നുവെന്നാണ്’ മാധ്യമ പ്രവർത്തകയായ സുഹാസിനി ഹൈദർ അന്ന് ട്വീറ്റ് ​ചെയ്തത്.

ഇന്ത്യൻ ക്രിക്കറ്റിനെ ബി.ജെ.പി, പ്ര​ത്യേകിച്ച് നരേന്ദ്ര​ മോദി സമർഥമായി ഉപയോഗിക്കുന്നതിന്റെ ലക്ഷണമൊത്ത ദൃശ്യങ്ങളായിരുന്നു ഇന്ത്യ- ആസ്ട്രേലിയ ടെസ്റ്റിനിടെ അഹ്മദാബാദിൽ കണ്ടത്. അന്ന് അറുപതിനായിരത്തിലേറെ ടിക്കറ്റ് ബി.​ജെ.പി എം.എൽ.എമാരടക്കം മൊത്തമായി വാങ്ങി പ്രവർത്തകർക്ക് കൈമാറുകയായിരുന്നു.

അതേ പിച്ചിൽ

ഏകദിന ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് അഹ്മദാബാദിലെ അതേ സ്റ്റേഡിയത്തിൽ ടോസിടുമ്പോൾ ബി.ജെ.പി തന്ത്രങ്ങൾക്കൊന്നും മാറ്റമില്ല. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പ് വിജയമെന്ന ഹാട്രിക്കാണ് പാർട്ടിയുടെ മനസ്സിൽ. സർദാർ പട്ടേൽ സ്റ്റേഡിയം എന്ന മോടേര സ്റ്റേഡിയം നരേന്ദ്ര മോദിയുടെ പേരിലേക്ക് മാ​മോദിസ മുക്കിയതോടെ പ്രധാന മത്സരങ്ങളെല്ലാം അഹ്മദാബാദിലേക്ക് തിരിയുകയാണ്.

ജ​യ്ഷാ

ഇന്ത്യൻ ക്രിക്കറ്റിലെ പാരമ്പര്യ വേദികളായ ​കൊൽക്കത്തയും ഡൽഹിയും ചെന്നൈയും ബംഗളൂരുവും മൊഹാലിയുമെല്ലാം അഹ്മദാബാദിന് പിന്നിൽ നിൽക്കണം. കഴിഞ്ഞ ഐ.പി.എല്ലിൽ ഉദ്ഘാടനവും ഫൈനലും അഹ്മദാബാദ് ന​രേന്ദ്ര മോദി സ്റ്റേഡിയത്തിലായിരുന്നു.

ഏകദിന ലോകകപ്പിലും അവസ്ഥക്ക് മാറ്റമില്ല. ഇന്ന് ഉദ്ഘാടന മത്സരം അഹ്മദാബാദിൽ. ഈ മാസം 14ന് ഇന്ത്യ-പാകിസ്താൻ വമ്പൻ പോരാട്ടം ഇതേ വേദിയിൽ. നവംബർ നാലിന് ഇംഗ്ലണ്ടും ആസ്ട്രേലിയയും ഇവിടെ ഏറ്റുമുട്ടും. പത്തിന് അഫ്ഗാനിസ്താൻ-ദക്ഷിണാഫ്രിക്ക മത്സരവുമുണ്ട്.

ഒടുവിൽ നവംബർ 19ന് ഫൈനലും മോദി സ്റ്റേഡിയത്തിൽ തന്നെ. ബി.സി.സി.ഐ അടക്കിവാഴുന്ന ജയ്ഷായുടെ പാർട്ടി താൽപര്യങ്ങൾ ലോകകപ്പ് വേദികൾ തിരഞ്ഞെടുക്കുന്നതിൽ പോലും വ്യക്തമാണെന്ന് ആരോപണമുയർന്നിരുന്നു. മോദിയുടെ പേരിലുള്ള സ്റ്റേഡിയത്തിന് വമ്പൻ പ്രാധാന്യം നൽകിയപ്പോൾ പാരമ്പര്യമുള്ള പല കളിമൈതാനങ്ങളെ അവഗണിച്ചു.

പല ലോകകപ്പുകളിലും സുപ്രധാന വേദികളിലൊന്നായിരുന്നു മൊഹാലി. 2011ലെ ലോകകപ്പിൽ ഇന്ത്യ-പാകിസ്താൻ സെമിഫൈനൽ നടന്ന മൊഹാലിയിൽ ഇത്തവണ മത്സരമില്ല. ആം ആദ്മി പാർട്ടി ഭരിക്കുന്ന പഞ്ചാബിനെ അവഗണിച്ചതാണെന്നാണ് ആരോപണം. നിലവാരമില്ലെന്ന് ഐ.സി.സി പറഞ്ഞതിനാൽ മൊഹാലിയെ ഒഴിവാക്കിയെന്നാണ് ബി.സി.സി.​ഐയുടെ വാദം.

മഹാരാഷ്ട്രയിലെ നാഗ്പുരിനെയും ഇത്തവണ അവഗണിച്ചു. ശരദ് പവാറിന്റെ അനുയായിയായ ശശാങ്കു മനോഹരമാണ് അവിടത്തെ അസോസിയേഷൻ നേതാവ്. മോദിയുടെ ബി.ജെ.പിയിലെ ശത്രു കൂടിയായ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ തട്ടകമാണ് നാഗ്പുർ.

ബി.ജെ.പിയിലേക്ക് കൂടുമാറിയ ജ്യോതിരാദിത്യ സിന്ധ്യയുടെ സ്വന്തം ഇ​ന്ദോറിനെയും വെട്ടി കൊട്ടയിലിട്ടു. ചെന്നൈയിൽ പേരിനുമാത്രമാണ് മത്സരങ്ങൾ. യോഗിയുടെ സ്വന്തം ലഖ്നോവിലും മത്സരങ്ങളുണ്ട്. ഇതാദ്യമായാണ് ലഖ്നോവിൽ ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങൾ അരങ്ങേറുന്നത്. ഏകദിന ലോകകപ്പും ട്വന്റി20 ലോകകപ്പുമുയർത്തിയ മുൻ ഇന്ത്യൻ നായകൻ എം.എസ്. ധോണിയുടെ റാഞ്ചിയിലും ഒരു മത്സരംപോലും അനുവദിച്ചില്ല.

കേരളത്തെയും ബി.സി.സി.ഐ തഴഞ്ഞു. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഒരു മത്സരംപോലും അനുവദിച്ചില്ല. കിട്ടിയ വാം അപ് മത്സരങ്ങളെല്ലാം മഴയിലും ഒലിച്ചുപോയി. ലോകകപ്പ് എല്ലാ സ്ഥലങ്ങളിലേക്കും വ്യാപിക്കേണ്ടിയിരുന്നുവെന്ന് ക്രിക്കറ്റുമായി അടുത്ത ബന്ധമുള്ള ശശി തരൂർ പറയുന്നു.

മൊഹാലിക്കും റാഞ്ചിക്കും തിരുവനന്തപുരത്തിനും അവസരം നൽകാമായിരുന്നു. ​ഒരേ മൈതാനത്തുതന്നെ നാലോ അഞ്ചോ മത്സരങ്ങൾ നടത്തേണ്ടതില്ലെന്നും ബി.സി.സി.ഐയുടെ ഭാഗത്തുനിന്നുള്ള വലിയ പിഴവാണിതെന്നും ശശി തരൂർ ചൂണ്ടിക്കാട്ടുന്നു. മൂമ്പ് മൂന്നുതവണ രാജ്യം ഏകദിന ​ലോകകപ്പിന് വേദിയായപ്പോഴും രാഷ്ട്രീയത്തിന്റെ പിച്ചിൽ ക്രിക്കറ്റ് കുത്തിത്തിരിഞ്ഞിരുന്നില്ല.

1987ൽ ആദ്യമായി ലോകകപ്പ് ഇന്ത്യയിലെത്തുമ്പോൾ രാജീവ് ഗാന്ധിയാണ് പ്രധാനമന്ത്രി. 1996ൽ ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഇന്ത്യ ലോകകപ്പിന് ആതിഥേയരായത്. അന്ന് പി.വി. നരസിംഹ റാവുവായിരുന്നു പ്രധാനമന്ത്രി. 2011ൽ മൻമോഹൻ സിങ് രാജ്യം ഭരിച്ച​പ്പോഴുള്ള ലോകകപ്പിലും പരസ്യമായ രാഷ്ട്രീയ പ്രകടനങ്ങളില്ലായിരുന്നു.

എന്നും രാഷ്രടീയം

എന്നാൽ, രാഷ്ട്രീയ നേതാക്കന്മാരും വ്യവസായികളും അരങ്ങുവാഴുന്നതും രാഷ്ട്രീയത്തിനായി ഉപയോഗിക്കുന്നതും ഇന്ത്യൻ ക്രിക്കറ്റിൽ പുതുമയുമല്ല. 1983ൽ കപിൽ ദേവിന്റെ ചെകുത്താന്മാർ ഏകദിന ലോകകപ്പ് നേടിയതിനുപിന്നാലെ രാഷ്ട്രീയ നേട്ടത്തിനായി ശ്രമം തുടങ്ങിയത് ഇന്ദിര ഗാന്ധിയായിരുന്നു.

കോൺഗ്രസ് നേതാവും പ്രതിരോധ മന്ത്രിയുമായ പ്രണബ് മുഖർജിയെ ബി.സി.സി.ഐ പ്രസിഡന്റാക്കാനായിരുന്നു ഇന്ദിരക്കിഷ്ടം. എന്നാൽ, ​ക്രിക്കറ്റിനെക്കുറിച്ച് വലിയ പിടിപാടില്ലാത്ത പ്രണബ് ദാ തന്ത്രപൂർവം പിന്മാറി. ക്രിക്കറ്റുമായി ബന്ധമുള്ള എൻ.കെ.പി. സാൽവെയെ പ്രണബ് നിർദേശിച്ചു.

’90കൾവരെ സാൽവെ ഭരിച്ചു. മധ്യപ്രദേശുകാരനാണെങ്കിലും ഹരിയാനയിൽനിന്ന് പ്ര​ത്യേക ക്വോട്ടയിലൂടെ ബി.സി.സി.ഐ തലപ്പത്തെത്തിയ ​മാധവ റാവു സിന്ധ്യയും കോൺഗ്രസ് നോമിനിയായിരുന്നു. പിന്നീട് ശരദ് പവാറും അരുൺ ജെയ്റ്റ്ലിയുമടക്കമുള്ള നേതാക്കൾ ഭരിച്ച ഇന്ത്യൻ ക്രിക്കറ്റാണ് ബി.ജെ.പി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലുൾപ്പെടെ ഉപയോഗിക്കുന്നത്.

ഇന്ത്യ-ആസ്ട്രേലിയ ടെസ്റ്റിന്റെ ഒന്നാം ദിനത്തിന്റെ തനിയാവർത്തനമാകും ഇന്നും നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ. 40000 ടിക്കറ്റുകളാണ് ബി.ജെ.പി പ്രവർത്തകർക്ക് സൗജന്യമായി നൽകിയത്. ഗാലറികൾ മോദിമയവും കാവിമയവുമാക്കി അടുത്ത തെരഞ്ഞെടുപ്പിലേക്ക് പ്രചാരണായുധമാക്കാൻ അഹ്മദാബാദ് ഒരുങ്ങിക്കഴിഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ODISports newsCricket World Cup 2023
News Summary - ODI-Cricket world cup-politics
Next Story