കോഹ്‌ലിക്ക് പിറന്നാൾ സമ്മാനം: പുരി ബീച്ചിൽ മണൽ ശിൽപമൊരുക്കി കലാകാരൻ സുദർശൻ പട്നായിക്; വിഡിയോ
text_fieldsപട്ന: മുൻ ഇന്ത്യൻ ക്യാപ്റ്റനും ബാറ്റിങ് ഇതിഹാസവുമായ വിരാട് കോഹ്‌ലിയുടെ 36ാം ജന്മദിനത്തിൽ ഒഡിഷയിലെ പുരി ബീച്ചിൽ പ്രത്യേക ശിൽപം തീർത്ത് പ്രശസ്ത മണൽ കലാകാരൻ സുദർശൻ പട്‌നായിക്. ‘വിരാട് കോഹ്‌ലിയുടെ 36-ാം ജന്മദിനത്തിൽ പ്രത്യേക മണൽ ശിൽപം നിർമിച്ചു. ഒരു കലാകാരനെന്ന നിലയിൽ ഈ കലയിലൂടെ അദ്ദേഹത്തിന് ജന്മദിനാശംസകൾ നേരാൻ ആഗ്രഹിക്കുന്നു’വെന്ന് പട്നായിക് പറഞ്ഞു. പ്രശസ്തമായ പുരി ബീച്ചിലെ തന്റെ മണൽ ശിൽപത്തിന്റെ ചിത്രവും ലഘു വിഡിയോയും അദ്ദേഹം ‘എക്‌സി’ൽ പങ്കിട്ടു. ‘താങ്കളുടെ അഭിനിവേശവും അർപ്പണബോധവും അവിശ്വസനീയ പ്രകടനങ്ങളും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്നു. താങ്കൾക്ക് ആശംസകൾ നേരുന്നു’വെന്നും പട്നായിക് കുറിച്ചു.
1988 നവംബർ 5ന് ജനിച്ച കോഹ്‌ലി തന്റെ ബാറ്റിങ് ശൈലിയുടെയും ഫിറ്റ്നസിന്റെയും കാര്യത്തിൽ ഈ തലമുറയിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളായി കണക്കാക്കപ്പെടുന്നു. കഴിഞ്ഞ വർഷം ലോകകപ്പ് സെമിഫൈനലിൽ ന്യൂസിലൻഡിനെതിരായ സെഞ്ച്വറിയോടെ, ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറുടെ 49 അന്താരാഷ്ട്ര ഏകദിന സെഞ്ച്വറികളുടെ റെക്കോർഡാണ് കോഹ്‌ലി മറികടന്നത്. നവംബർ 5ന് പെർത്തിൽ ആരംഭിക്കുന്ന ബോർഡർ ഗവാസ്‌കർ ട്രോഫിക്കായി ആസ്‌ത്രേലിയയിലെ ഇന്ത്യൻ പര്യടനത്തിൽ അദ്ദേഹം പങ്കെടുക്കും. അടുത്തിടെയായി തന്റെ പഴയ ഫോമിലേക്ക് എത്താൻ കഴിയാതെ പരുങ്ങുന്നുന്ന കോഹ്‌ലിയുടെ ടെസ്റ്റ് കരിയറിലെ ഒടുവിലത്തെ പരമ്പരയാവുമോ ഇതെന്ന് ആരാധകർ ഉറ്റുനോക്കുന്നു.
ഏകദിനത്തിൽ ഏറ്റവും വേഗമേറിയ 13,000 റൺസ് തികച്ച കോഹ്‌ലി, വെറും 267 ഇന്നിങ്സുകളിൽ ടെണ്ടുൽക്കറുടെ മറ്റൊരു റെക്കോർഡും തകർത്തു. സച്ചിൻ 321 ഇന്നിങ്സുകളിൽ നിന്നാണ് ഇത്രയും റൺസ് നേടിയത്. ഒരു ടീമിനെതിരെ ഒരു ബാറ്റ്‌സ്മാൻ നേടുന്ന ഏറ്റവും കൂടുതൽ സെഞ്ച്വറിയും കോഹ്‌ലിയുടെ പേരിലാണ്. ശ്രീലങ്കക്കെതിരായ കളിയിൽ കോഹ്‌ലി നേടിയ 10 സെഞ്ച്വറികളാണത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.