ഒമാൻ അണ്ടർ-19 ക്രിക്കറ്റ് ടീമിന് ബാറ്റേന്താൻ; തൃശൂർ സ്വദേശി രോഹൻ രാമചന്ദ്രനും
text_fieldsമസ്കത്ത്: ഒമാൻ അണ്ടർ-19 ദേശീയ ക്രിക്കറ്റ് ടീമിൽ ഇടംപിടിച്ച് മലയാളി. തൃശൂർ കോലഴി സ്വദേശിയും ഇന്ത്യൻ സ്കൂൾ മസ്കത്ത് പ്ലസ് വൺ വിദ്യാർഥിയുമായ രോഹൻ രാമചന്ദ്രനെയാണ് അടുത്തയാഴ്ച തായ്ലൻഡിൽ നടക്കുന്ന അണ്ടർ-19 ലോകകപ്പ് യോഗ്യത ഡിവിഷൻ-2തല മത്സരത്തിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. ഏറെക്കാലത്തെ ഇടവേളക്കുശേഷമാണ് ഒമാൻ ടീമിൽ മലയാളി സാന്നിധ്യം ഉണ്ടാകുന്നത്. സ്കൂൾതലങ്ങളിൽ നടത്തിയ മിന്നും പ്രകടനമാണ് രോഹന് ഒമാൻ ടീമിലേക്ക് വഴിതുറന്നത്. ആൾ റൗണ്ടർ ആണെങ്കിലും ബാറ്ററായിട്ടാണ് തന്നെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് രോഹൻ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. പിതാവ് രാമചന്ദ്രനും മൂത്ത സഹോദരൻ രാഹുലും ഒമാനിലെ വിവിധ ക്രിക്കറ്റ് ക്ലബുകൾക്കുവേണ്ടി കളിച്ചിട്ടുണ്ട്. ഇവരുടെ പ്രോത്സാഹനവും മാർഗനിർദേശങ്ങളും കളി മെച്ചപ്പെടുത്താൻ സഹായകമായിട്ടുണ്ടെന്നും രോഹൻ പറഞ്ഞു. ഇന്ത്യൻ താരം കോഹ്ലിയുടെ അടിയുറച്ച ആരാധകൻ കൂടിയാണ് രാഹുൽ. ഭാവിയിൽ മികച്ച പ്രകടനം നടത്തി ഇന്ത്യൻ ടീമിൽ ഇടം നേടുക എന്ന സ്വപ്നംകൂടി ഈ കൗമാര താരം കൊണ്ടുനടക്കുന്നുണ്ട്. ഇതിനായി ഒമാനിലെ സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ഉപരിപഠനം നാട്ടിൽ നടത്താനാണ് ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മസ്കത്തിലെ സ്വകാര്യ കമ്പനിയിൽ സെയിൽസ് മാനേജറായി സേവനമനുഷ്ഠിച്ചുവരുകയാണ് പിതാവ് രാമചന്ദ്രൻ. മനീഷ ദേവിയാണ് മാതാവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.