ട്വൻറി 20 പ്രാഥമിക മത്സരങ്ങൾ തുടങ്ങി; പത്തരമാറ്റ് വിജയവുമായി ഒമാൻ
text_fieldsപാപ്വ ന്യുഗിനിക്കെതിരെ അർധ സെഞ്ച്വറി നേടിയ ആഖിബ് ഇല്ല്യാസ്
മസ്കത്ത്: വിഭജിക്കപ്പെട്ട രാജ്യത്തിെൻറ പിന്മുറക്കാരായ രണ്ടു താരങ്ങൾ ചേർന്നു മൂന്നാമതൊരു രാജ്യത്ത് പടുത്തുയർത്തിയ അവിഭജിതമായ ഇന്നിങ്സിെൻറ കരുത്തിൽ ഒമാൻ, പാപ്വ ന്യൂഗിനിയെ 10 വിക്കറ്റിനു തോൽപ്പിക്കുന്നതു കണ്ട് ട്വൻറി 20 ലോകകപ്പിെൻറ ആദ്യ റൗണ്ട് മത്സരങ്ങൾക്ക് തുടക്കമായി. യു.എ.ഇയും ഒമാനും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടൂർണമെൻറിെൻറ പ്രാഥമിക റൗണ്ടിലെ ഗ്രൂപ് ബിയിൽ ഒമാൻ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിൽ നടന്ന ആദ്യ മത്സരത്തിലാണ് ആതിഥേയരായ ഒമാൻ നവാഗതരായ പാപ്വ ന്യൂഗിനിയെ 10 വിക്കറ്റിനു തകർത്ത് ഉജ്ജ്വല വിജയം കരസ്ഥമാക്കിയത്.
പഞ്ചാബിലെ ലുധിയാനയിൽ ജനിച്ച ജതീന്ദർ സിങ്ങും പാക് പഞ്ചാബിലെ സിയാൽക്കോട്ടിൽ പിറന്ന ആഖിബ് ഇല്ല്യാസും നേടിയ അർധ സെഞ്ച്വറികളാണ് ഒമാന് അനായാസ ജയം ഒരുക്കിയത്. ടോസ് നേടിയ ഒമാൻ ബൗളിങ്ങാണ് തിരഞ്ഞെടുത്തത്. 20 ഓവറിൽ പാപ്വ ന്യൂഗിനിയെ ഒമ്പതു വിക്കറ്റിന് 129 റൺസിൽ ഒതുക്കിയ ഒമാൻ 38 പന്തു ബാക്കിയിരിക്കെ വിക്കറ്റൊന്നും നഷ്ടമാവാതെ തകർപ്പൻ ജയം നേടി. ആഖിബ് ഇല്ല്യാസ് 43 പന്തിൽ 50 റൺസ് നേടിയപ്പോൾ വെറും 42 പന്തിലായിരുന്നു ജതീന്ദർ സിങ് 73 റൺസ് അടിച്ചുപറത്തിയത്. ഏഴ് ബൗണ്ടറിയും അഞ്ച് സിക്സറും ജതീന്ദർ പായിച്ചു. അഞ്ച് ബൗണ്ടറിയും ഒരു സിക്സുമായിരുന്നു ആഖിബിെൻറ ബാറ്റിൽ നിന്നൊഴുകിയത്.
പാപ്വ ന്യൂഗിനിക്കായി ക്യാപ്റ്റൻ അസ്സദ് വാലയും ( 43 പന്തിൽ 56 റൺസ്) ചാൾസ് അമിനി (26 പന്തിൽ 37 റൺസ്) എന്നിവർ മാത്രമാണ് കാര്യമായി സ്കോർ ചെയ്തത്. യോഗ്യത റൗണ്ടിലെ എ ഗ്രൂപ്പിൽ ശ്രീലങ്ക , അയർലൻഡ്, നെതർലൻഡ്സ്, നമീബിയ എന്നീ ടീമുകളാണ് മത്സരിക്കുന്നത്. ഗ്രൂപ് ബിയിൽ ബംഗ്ലാദേശ്, സ്കോട്ലൻഡ്, പാപ്വ ന്യൂഗിനി, ഒമാൻ എന്നീ ടീമുകളും അണിനിരക്കുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.