ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് ഭീഷണിയായി 'ഒമൈക്രോൺ'
text_fieldsന്യൂഡൽഹി: ഒമൈക്രോൺ കോവിഡ് വകഭേദം ദക്ഷിണാഫ്രിക്കയുടെ കായിക കലണ്ടറിനെയും താളംതെറ്റിക്കുന്നു. അടുത്ത രണ്ടുമാസത്തേക്ക് രാജ്യത്തെ കായിക രംഗം നേരിടാൻ പോകുന്നത് വലിയ പ്രതിസന്ധിയാണ്. ഇതിനിടെയാണ് ഏഴാഴ്ച നീണ്ടുനിൽക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ പര്യടനം. മൂന്ന് വീതം ടെസ്റ്റ്, ഏകദിനങ്ങളും നാല് ട്വന്‍റി20 മത്സരങ്ങളും കളിക്കാനാണ് ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയിലേക്ക് പോകാനിരുന്നത്.
രാജ്യത്തിന്‍റെ വടക്കൻ ഭാഗത്ത് കോവിഡ് പടർന്ന് പിടിക്കുന്നത് ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയെ ആശങ്കയിലാക്കുന്നു. ഈ ഭാഗത്തെ നഗരങ്ങളായ ജൊഹനാസ്ബർഗും പ്രിറ്റോറിയയിലും ഇന്ത്യക്കെതിരായ മത്സരങ്ങളുണ്ട്.
രാജ്യത്തെ സാഹചര്യം വിലയിരുത്തി ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക വിവരം തരുന്നത് വരെ ഇന്ത്യൻ ടീമിന്‍റെ പര്യടനത്തിൽ മാറ്റങ്ങളൊന്നുമില്ലെന്നാണ് ബി.സി.സി.ഐ നിലപാടെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ഡിസംബർ എട്ടിനോ ഒമ്പതിനോ ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയിലേക്ക് പുറപ്പെടും.
നെതർലൻഡ് ക്രിക്കറ്റ് ടീം മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര കളിക്കാനായി നിലവിൽ ദക്ഷിണാഫ്രിക്കയിലത്തിയിട്ടുണ്ട്. ആദ്യ ഏകദിനം മഴമൂലം ഉപേക്ഷിക്കുകയായിരുന്നു. വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ടൂർണമെന്‍റിന്‍റെ ഭാവി തീരുമാനിക്കാൻ ഇരുരാജ്യങ്ങളിലെയും ക്രിക്കറ്റ് ബോർഡുകൾ കൂടിക്കാഴ്ച നടത്തും.
ബ്രിട്ടന്‍റെ യാത്രാവിലക്ക് കാരണം വെയ്ൽസിൽ നിന്നുള്ള ടീമുകൾ ദക്ഷിണാഫ്രിക്കയിൽ നടക്കാനിരുന്ന റഗ്ബി ടൂർണമെന്‍റിൽ നിന്ന് പിൻമാറിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.