‘അമിത ആത്മവിശ്വാസം’ വിനയായെന്ന് രവി ശാസ്ത്രി; വായടപ്പിച്ച് രോഹിത് ശർമയുടെ മറുപടി
text_fieldsഅമിത ആത്മവിശ്വാസമാണ് ഇൻഡോർ ടെസ്റ്റിൽ ഇന്ത്യക്കു വിനയായതെന്ന് പറഞ്ഞ മുന്‍ പരിശീലകനും കമന്‍റേറ്ററുമായ രവി ശാസ്ത്രിയുടെ വായടപ്പിച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ മറുപടി. രവി ശാസ്ത്രിയുടെ പ്രസ്താവന അസംബന്ധം എന്നാണ് രോഹിത് വിശേഷിപ്പിച്ചത്.
ആസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിന് മുന്നോടിയായി നടത്തിയ വാര്‍ത്തസമ്മേളനത്തിലായിരുന്നു രോഹിത്തിന്‍റെ പ്രതികരണം. ആറു വര്‍ഷത്തോളം ഇന്ത്യന്‍ ടീമിന്‍റെ പരിശീലകനായിരുന്ന രവി ശാസ്ത്രിയെ പുറത്തു നില്‍ക്കുന്ന ആള്‍ എന്ന് രോഹിത് വിശേഷിപ്പിച്ചതും ശ്രദ്ധേയമായി. ‘സത്യസന്ധമായി പറഞ്ഞാല്‍, ആദ്യ രണ്ട് മത്സരങ്ങൾ ജയിച്ചപ്പോള്‍ ഞങ്ങള്‍ക്ക് അമിത ആത്മവിശ്വാസമായെന്നാണ് പുറത്ത് നില്‍ക്കുന്ന ചിലര്‍ പറഞ്ഞത്. ഇത് തീര്‍ത്തും അസംബന്ധമാണ്. കാരണം, പരമ്പരയിലെ നാല് മത്സരങ്ങളിലും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്’ -രോഹിത് പറഞ്ഞു.
രണ്ട് കളികള്‍ ജയിച്ചശേഷം നിര്‍ത്താനല്ല നമ്മൾ കളിക്കുന്നത്. ഇവരെപ്പോലെയുള്ളവര്‍ക്കൊക്കെ അമിത ആത്മവിശ്വാസമാണ് എന്നൊക്കെ എന്തും പറയാം. കാരണം ഡ്രസ്സിങ് റൂമില്‍ അവർ ഞങ്ങൾക്കൊപ്പമില്ല, ഞങ്ങള്‍ എന്താണ് സംസാരിക്കുന്നത് എന്ന് അവർക്കറിയില്ല. എല്ലാ മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. പുറമെ നില്‍ക്കുന്നവര്‍ക്ക് അത് അമിത ആത്മവിശ്വാസമായോ, മറ്റെന്തെങ്കിലുമായോ ഒക്കെ തോന്നിയാല്‍ അത് ഞങ്ങളെ ബാധിക്കുന്ന കാര്യമല്ല. രവി ശാസ്ത്രിയും കുറച്ചു കാലം മുമ്പുവരെ ഡ്രസിങ് റൂമിന്‍റെ ഭാഗമായിരുന്നു. അതുകൊണ്ടുതന്നെ എന്തു തരം മാനസികാവസ്ഥയോടെയാണ് ഞങ്ങള്‍ ഓരോ മത്സരത്തിനും ഇറങ്ങുന്നത് എന്ന് അദ്ദേഹത്തിന് അറിയാവുന്ന കാര്യമാണെന്നും രോഹിത് അഭിപ്രായപ്പെട്ടു.
ഇൻഡോർ ടെസ്റ്റിൽ ഒമ്പത് വിക്കറ്റിനായിരുന്നു ആസ്ട്രേലിയയുടെ ജയം. നാലാമത്തെയും അവസാനത്തെയും മത്സരം വ്യാഴാഴ്ച ഗുജറാത്തിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കും. പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.