താരങ്ങൾ പറന്നിറങ്ങി
text_fieldsതിരുവനന്തപുരം: ഇന്ത്യൻ ക്രിക്കറ്റിന്റെ മക്കയായ ഈഡൻ ഗാർഡനിൽ ലങ്കാദഹനത്തിനുശേഷം രോഹിത് ശർമയും സംഘവും കിരീടധാരണത്തിനായി അനന്തപുരിയിലെത്തി.
കൊൽക്കത്തയിൽനിന്ന് എയർ വിസ്താരയുടെ പ്രത്യേക വിമാനത്തിൽ വൈകീട്ട് നാലുമണിയോടെ തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തിലെത്തിയ ഇന്ത്യ- ശ്രീലങ്കൻ ടീമുകളെ കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് ടീം ഇന്ത്യയെ ഹോട്ടൽ ഹയാത്തിലേക്കും ലങ്കൻ സംഘത്തെ ഹോട്ടൽ വിവാന്തയിലേക്കും കനത്ത സുരക്ഷയിൽ മാറ്റി.
നാലരയോടെ ഇന്ത്യൻ സംഘമാണ് ആദ്യം പുറത്തെത്തിയത്. ക്യാപ്റ്റൻ രോഹിത് ശർമയെ ഹർഷാരവത്തോടെയാണ് ആരാധകർ വരവേറ്റത്. പിന്നാലെ സ്പിന്നർ യുസ് വേന്ദ്ര ചഹലും ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമിയുമെത്തി. ഇവർക്ക് ശേഷമായിരുന്നു വിരാട് കോഹ്ലിയുടെ വരവ്.
പരിശീലകൻ രാഹുൽ ദ്രാവിഡ് ടീമിനൊപ്പമുണ്ടായിരുന്നില്ല. ഇന്ത്യൻ സംഘം എയർപോർട്ട് വിട്ടതിന് പിന്നാലെ ക്യാപ്റ്റൻ ദസുൻ ഷനകയുടെ നേതൃത്വത്തിൽ ലങ്കൻ ടീം പുറത്തെത്തി. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ആരാധകരിൽനിന്ന് തണുത്ത സ്വീകരണമാണ് താരങ്ങൾക്ക് എയർപോർട്ടിൽ ലഭിച്ചത്. വൻ ആൾക്കൂട്ടമോ ജയ് വിളികളോ ഉണ്ടായിരുന്നില്ല. ആരാധകരുടെ ഈ നിസ്സഹകരണം ടിക്കറ്റ് വിൽപനയിലും പ്രകടമാണ്.
ഇന്നലെ രാത്രിവരെ ആറായിരത്തോളം ടിക്കറ്റുകളാണ് വിറ്റഴിച്ചത്. ഇതിൽ ഭൂരിഭാഗവും 1000 രൂപയുടെ ടിക്കറ്റുകളാണ്. കോംപ്ലിമെന്ററി ടിക്കറ്റുകൾ കൂടിയാകുമ്പോൾ 39,572 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിൽ പരമാവധി 12,000 ത്തോളം പേരെയാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രതീക്ഷിക്കുന്നത്.
ഇന്ത്യ പരമ്പര സ്വന്തമാക്കിയതോടെ കാര്യവട്ടത്തെ കളി ഫലത്തിൽ അപ്രസക്തമായതും ഏകദിന മത്സരത്തോടുള്ള താൽപര്യമില്ലായ്മയും ടിക്കറ്റ് വിറ്റുവരവ് കുത്തനെ ഇടിയാൻ കാരണമായെന്ന് കെ.സി.എ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ട്വിന്റി20 മത്സരത്തിൽ ടിക്കറ്റ് നിരക്ക് ഉയർന്നപ്പോഴും 95 ശതമാനത്തോളം ടിക്കറ്റുകൾ വിറ്റുപോയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.