ഒറ്റ ദിവസം: പാകിസ്താന് മൂന്ന് നായകർ!
text_fieldsകറാച്ചി: ന്യൂസിലാൻഡിനെതിരായ ആദ്യ ടെസ്റ്റിൽ പാക് ടീം നായകൻ ബാബർ അഅ്സം പനി കാരണം വിശ്രമിച്ചതോടെ പകരം നായകനെച്ചൊല്ലി കളത്തിൽ ആശയക്കുഴപ്പം. പ്ലേയിങ് ഇലവനിലില്ലാത്ത മുഹമ്മദ് റിസ് വാനെയാണ് ടീം മാനേജ്മെന്റ് ചുമതലയേൽപിച്ചത്. ഫീൽഡിങ് സജ്ജീകരിക്കലും ബൗളർമാരെ പന്ത് ഏൽപിക്കലുമെല്ലാം റിസ് വാൻ നിർവഹിച്ചു.
എന്നാൽ, നുഅ്മാൻ അലി എറിഞ്ഞ 53ാം ഓവറിൽ ഡെവോൺ കോൺവേക്കെതിരായ എൽ.ബി.ഡബ്ല്യു അപ്പീൽ നിരാകരിച്ച അമ്പയറുടെ തീരുമാനം റിവ്യൂവിന് നൽകിയത് വിക്കറ്റ് കീപ്പർ സർഫറാസ് അഹ്മദായിരുന്നു. ഇതിൽ കോൺവേ പുറത്താവുകയും ചെയ്തു. തുടർന്ന്, പകരക്കാരൻ ഫീൽഡർക്ക് ടീമിനെ നയിക്കാൻ കഴിയില്ലെന്ന് അമ്പയർമാർ ടീം മാനേജ്മെൻറിനെ അറിയിക്കുകയും ചെയ്തു. റിസ് വാൻ അല്ല സർഫറാസിന് തന്നെയാണ് ക്യാപ്റ്റന്റെ ചുമതല എന്നായിരുന്നു മാനേജ്മെൻറ് വിശദീകരണം.
സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡർക്ക് പ്രത്യേകാനുമതിയോടെ വിക്കറ്റ് കീപ്പറാവാൻ കഴിയുമെങ്കിലും ബൗൾ ചെയ്യാനോ ടീമിനെ നയിക്കാനോ പാടില്ലെന്നാണ് നിയമം. ബാബറിന് പുറമെ ഷാൻ മസൂദ്, ആഗ സൽമാൻ എന്നിവർക്കും പകർച്ചപ്പനി മൂലം വിശ്രമം വേണ്ടി വന്നു.
പാകിസ്താന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 438 റൺസിന് മറുപടിയായി ബാറ്റിങ് തുടങ്ങിയ ന്യൂസിലൻഡ് മൂന്നാം ദിവസത്തെ കളി അവസാനിക്കുമ്പോൾ ആറ് വിക്കറ്റിന് 440 റൺസ് എന്ന നിലയിലാണ്. നാല് വിക്കറ്റ് ശേഷിക്കെ രണ്ട് റൺസ് ലീഡായി. ഓപണർ ടോം ലതാമും (113) കെയ്ൻ വില്യംസണും (105) സെഞ്ച്വറി നേടിയപ്പോൾ മറ്റൊരു ഓപണർ ഡെവോൺ കോൺവേ 92 റൺസെടുത്ത് മടങ്ങി. ഒരു റണ്ണുമായി ഇഷ് സോധി വില്യംസണിനൊപ്പം ക്രീസിലുണ്ട്. വിക്കറ്റ് നഷ്ടപ്പെടാതെ 165ലാണ് ന്യൂസിലൻഡ് മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.