ഈ പോക്കുപോയാൽ രാജസ്ഥാന് ഒരു രക്ഷയുമില്ല -സംഗക്കാര
text_fieldsമുംബൈ: ഈ പോക്കുപോയാൽ ഒരു രക്ഷയുമില്ല...രാജസ്ഥാൻ റോയൽസിെൻറ ആരാധകർ മാത്രമല്ല ടീം ഡയറക്ടർ സംഗക്കാര തന്നെ തുറന്നുപറഞ്ഞുകഴിഞ്ഞു. ടോപ് ഓർഡറിലെ നാലു പേരിൽ ആരെങ്കിലും വൻ സ്കോർ കണ്ടെത്തിയില്ലെങ്കിൽ മത്സരങ്ങൾ ജയിക്കുന്നതുതന്നെ ബുദ്ധിമുട്ടാകും - സംഗക്കാര പറഞ്ഞു.
സ്ഥിരത പുലർത്താൻ കഴിയാതെ ലക്ഷ്യബോധമില്ലാതെ വിക്കറ്റ് വലിച്ചെറിയുന്ന ക്യാപ്റ്റൻ സഞ്ജു സാംസൺ തന്നെയാണ് മുഖ്യപ്രതി. ആദ്യ മത്സരത്തിൽ സെഞ്ച്വറി നേടി വൻ പ്രതീക്ഷ നൽകിയ സഞ്ജു ഒട്ടും അപകടകാരിയല്ലാത്ത പന്തുകളിൽപോലും നിഷ്പ്രയാസ ക്യാച്ച് നൽകി പുറത്താകുന്നതാണ് തുടർന്നുള്ള മത്സരങ്ങളിൽ കണ്ടത്. നാല് മത്സരങ്ങളിൽനിന്ന് സഞ്ജു നേടിയത് 145 റൺസാണ്. അതിൽ 119 റൺസും ആദ്യ മത്സരത്തിൽ നേടിയത്. ഇതുവരെ ഒരു വിജയം മാത്രമേ രാജസ്ഥാൻ അക്കൗണ്ടിലുള്ളൂ.
ബാംഗ്ലൂരിനെതിരെ 18 പന്തിൽ 21 റൺസെടുത്ത് പ്രതീക്ഷ നൽകിയ ശേഷമാണ് അനാവശ്യ ഷോട്ടിലൂടെ സഞ്ജു പുറത്തായത്. ബാംഗ്ലൂരിനെതിരെ 43 റൺസിന് 4 വിക്കറ്റുകൾ വീണിടത്തുനിന്ന് ശിവം ദുബെയും (32 പന്തിൽ 46) രാഹുൽ തെവാട്ടിയയും (23 പന്തിൽ 40) ചേർന്നാണ് പൊരുതാവുന്ന സ്കോറിലേക്ക് രാജസ്ഥാനെ എത്തിച്ചത്. കളിക്കിടയിൽ പരിക്കേറ്റ ഓൾ റൗണ്ടർ ബെൻ സ്റ്റോക്ക് പുറത്തായതും പരിക്കേറ്റ ജെഫ്രോ ആർച്ചർക്ക് കളിക്കാനാവാത്തതും രാജസ്ഥാന് കനത്ത തിരിച്ചടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.