സമകാലീന ക്രിക്കറ്റിലെ ടോപ് 5 ടെസ്റ്റ് ബാറ്റർമാരെ തെരഞ്ഞെടുത്ത് വോൺ; പട്ടികയിൽ ഇന്ത്യൻ താരവും
text_fieldsസിഡ്നി: സമകാലീന ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച അഞ്ച് ബാറ്റർമാരെ തെരഞ്ഞെടുത്ത് ഇതിഹാസ സ്പിന്നർ ഷെയ്ൻ വോൺ. ആസ്ട്രേലിയൻ ഉപനായകൻ സ്റ്റീവൻ സ്മിത്താണ് പട്ടികയിൽ ഒന്നാമത്. വിരാട് കോഹ്ലി മാത്രമാണ് വോണിന്‍റെ പട്ടികയിൽ ഇടം നേടിയ ഇന്ത്യക്കാരൻ. നാലാമതാണ് കോഹ്ലി.
എല്ലാ സാഹചര്യത്തിലും കരുത്തുറ്റ ബൗളിങ് നിരക്കെതിരെ മികച്ച പ്രകടനം പുറത്തെടുക്കുന്ന സ്മിത്താണ് പട്ടികയിൽ ഒന്നാമതെന്ന് ഫോക്സ് ക്രിക്കറ്റിന്‍റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ച വിഡിയോയിൽ വോൺ പറഞ്ഞു. ഇംഗ്ലണ്ട് നായകൻ ജോ റൂട്ട് രണ്ടാമതും ന്യൂസിലൻഡ് നായകൻകെയ്ൻ വില്യംസൺ മൂന്നാമതുമാണ്. ഈ കലണ്ടർ വർഷം ആറ് സെഞ്ച്വറികളാണ് റൂട്ട് നേടിയത്. ഓസീസിന്‍റെ മധ്യനിരയിലെ സ്ഥിരം സാന്നിധ്യം മാർനസ് ലബുഷെയ്നാണ് അഞ്ചാം സ്ഥാനത്ത്.
2019ന് ശേഷം ഇതുവരെ കോഹ്ലിക്ക് ഒരു രാജ്യാന്തര സെഞ്ച്വറി പോലും നേടാനായിട്ടില്ല. യു.എ.ഇയിൽ നടന്ന ലോകകപ്പിന് മുമ്പ് 33കാരൻ ട്വന്‍റി20 ടീമിന്‍റെ നായക സ്ഥാനം ഒഴിയുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ഏകദിന ടീമിന്‍റെ നായക സ്ഥാനത്ത് നിന്നും കോഹ്ലിയെ ബി.സി.സി.ഐ മാറ്റിയിരുന്നു. രോഹിത് ശർമയാണ് ഇന്ത്യയുടെ പരിമിത ഓവർ ഫോർമാറ്റുകളിലെ പുതിയ കപ്പിത്താൻ. ടെസ്റ്റിൽ കോഹ്ലി തന്നെയാണ് ഇന്ത്യയുടെ നായകൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.