ലോകകപ്പ് യോഗ്യതയിലേക്ക് ഒരു പടികൂടി
text_fieldsഈ വർഷം അവസാനം ഇന്ത്യയിൽ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ യു.എ.ഇ കളിക്കുമോ ?. ഉത്തരം വിഷമകരമാണെങ്കിലും സാധ്യതയിലേക്ക് ഒരു പടികൂടി അടുത്തിരിക്കുകയാണ് ടീം. കഴിഞ്ഞ ദിവസം സമാപിച്ച ലോകകപ്പ് യോഗ്യത പ്ലേ ഓഫിൽ രണ്ടാം സ്ഥാനക്കാരായതോടെ സിംബാബ്വെയിൽ നടക്കുന്ന അവസാന ഘട്ട യോഗ്യത റീണ്ടിലേക്ക് ടീം യോഗ്യത നേടിയിരിക്കുകയാണ്.
എന്നാൽ, 10 ടീമുകൾ പങ്കെടുക്കുന്ന യോഗ്യത പോരാട്ടത്തിൽ രണ്ട് ടീം മാത്രമെ ഇന്ത്യയിലേക്ക് വണ്ടി കയറൂ. അതിൽ ഒന്ന് യു.എ.ഇ ആയിരിക്കുമോ എന്ന് കാത്തിരിക്കുകയാണ് ഇമാറാത്തിലെ ക്രിക്കറ്റ് പ്രേമികൾ.
അടുത്തിടെ യു.എ.ഇ ക്രിക്കറ്റ് ടീമിന്റെ പ്രകടനം മോശമായിരുന്നു. ഏകദിന സ്റ്റാറ്റസ് പോലും നഷ്ടപെടുമെന്ന അവസ്ഥയുണ്ടായിരുന്നു. എന്നാൽ, കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ നാലിലും ജയിച്ചാണ് ടീം യോഗ്യത റൗണ്ടിൽ മുന്നേറിയത്. ഇതോടെ ഏകദിന സ്റ്റാറ്റസ് നിലനിർത്താനും ടീമിന് കഴിഞ്ഞു എന്ന ആശ്വാസത്തിലാണ് എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ്. അടുത്ത നാല് വർഷത്തേക്കുള്ള സ്റ്റാറ്റസാണ് നിലനിർത്താൻ കഴിഞ്ഞത്.
കാനഡ, നമീബിയ, പപ്പുവ ന്യൂഗിനിയ, ന്യൂജേഴ്സി എന്നീ ടീമുകളാണ് യു.എ.ഇക്ക് മുൻപിൽ വീണത്. യു.എസിനെതിരെ മികച്ച പ്രകടനം നടത്തിയെങ്കിലും ഒരു ഓവർ ബാക്കി നിൽക്കെ കളി കൈവിട്ടുപോയി.
മുൻ ഇന്ത്യൻ താരം റോബിൻ സിങിന്റെ പരിശീലനത്തിൽ കളത്തിലിറങ്ങിയ യു.എ.ഇ തുടർച്ചയായ പരാജയങ്ങൾ നേരിട്ടിരുന്നു. 27ൽ 20 മത്സരങ്ങളും തോറ്റതോടെ റോബിൻ സിങിന് പകരക്കാരനെ തേടുകയാണ് എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ്. പുതിയ നായകൻ മുഹമ്മദ് വസീമിന്റെ നേതൃത്വത്തിൽ മുഖ്യ പരിശീലകനില്ലാതെയാണ് യു.എ.ഇ കഴിഞ്ഞ കളികളിൽ ജയിച്ചുകയറിയത്.
വൈകി ടീമിൽ ഇടം നേടിയ ആസിഫ് ഖാന്റെ പ്രകടനമാണ് എടുത്തുപറയേണ്ടത്. പാകിസ്താൻ സ്വദേശിയായ ആസിഫ് നേപ്പാളിനെതിരെ 42 പന്തിൽ സെഞ്ച്വറി നേടിയിരുന്നു. ഏകദിന ചരിത്രത്തിലെ ഏറ്റവും വേഗമേറിയ നാലാമത്തെ സെഞ്ച്വറിയാണിത്. 38ാം ഓവറിൽ ബാറ്റിങ്ങിനെത്തിയ ആസിഫ് 11 സിക്സിന്റെ അകമ്പടിയോടെയാണ് സെഞ്ച്വറി തികച്ചത്. തുടർന്ന് നടന്ന മത്സരങ്ങളിലും ആസിഫ് ഫോം തുടർന്നു.
അഞ്ച് മത്സരങ്ങളിലായി 296 റൺസെടുത ആസിഫാണ് ടൂർണമെന്റിലെ ടോപ് സ്കോറർ. 266 റൺസുമായി നായകൻ മുഹമ്മദ് വസീമും മികച്ച പ്രകടനം നടത്തി. ജഴ്സിക്കെതിരായ അവസാന മത്സരത്തിൽ പേസ് ബൗളർ അലി ഖാൻ മറ്റൊരു റെക്കോഡും ഇട്ടു.
32 റൺസ് വഴങ്ങി ഏഴ് വിക്കറ്റ് വീഴ്ത്തിയ അലിയുടെ പ്രകടനം ഒരു അസോസിയേറ്റ് രാജ്യത്തിന്റെ താരത്തിന്റെ ഏറ്റവും മികച്ച രണ്ടാമത്തെ ബൗളിങാണ്. 18 റൺസിന് ഏഴ് വിക്കറ്റെടുത്ത അഫ്ഗാനിസ്തന്റെ റാശിദ് ഖാനാണ് ഈ നിരയിൽ ഒന്നാമൻ. ജൂൺ-ജൂലൈ മാസങ്ങളിലാണ് ഗ്ലോബൽ ക്വാളിഫയർ നടക്കുക. യു.എ.ഇ അണ്ടർ-16 ടീം മികച്ച പ്രകടനം നടത്തുന്നതും ടീമിന് പ്രതീക്ഷ പകരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.