ഐ.പി.എല്ലിലെ മികച്ച ക്യാച്ചുകളിലൊന്ന്; രവി ബിഷ്ണോയിയുടെ ഒറ്റക്കൈ ക്യാച്ചിനെ പുകഴ്ത്തി ക്രിക്കറ്റ് ലോകം -വിഡിയോ
text_fieldsലഖ്നോ: ലഖ്നോ സൂപ്പർ ജയന്‍റ്സ് ഉയർത്തിയ 164 റൺസെന്ന ചെറിയ വിജയലക്ഷ്യം അതിവേഗം മറികടക്കാമെന്ന ഗുജറാത്ത് ടൈറ്റൻസിന്‍റെ പ്രതീക്ഷകൾ തെറ്റിച്ചത് യാഷ് താക്കൂറിന്‍റെ മാസ്മരിക ബൗളിങ്ങാണ്. 3.5 ഓവറിൽ 30 റൺസ് മാത്രം വഴങ്ങി യാഷ് അഞ്ചു വിക്കറ്റെടുത്തു.
ഗുജറാത്ത് ഇന്നിങ്സ് 18.5 ഓവറിൽ 130 റൺസിൽ അവസാനിച്ചു. അനായാസ ജയം തേടിയിറങ്ങിയ ശുഭ്മൻ ഗില്ലും സംഘവും ലഖ്നോ ബൗളിങ്ങിനു മുന്നിൽ തകർന്നടിഞ്ഞു. 33 റൺസിന്‍റെ തോൽവി. 31 റൺസെടുത്ത സായ് സുദർശനാണ് അവരുടെ ടോപ് സ്കോറർ. നാല് ഓവറിൽ 11 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റ് വീഴ്ത്തിയ ക്രുണാൽ പാണ്ഡ്യയുടെ ബൗളിങ്ങും നിർണായകമായി. ജയത്തോടെ പോയന്‍റ് പട്ടികയിൽ ലഖ്നോ മൂന്നാമതെത്തി.
എന്നാൽ, മത്സരത്തിൽ രവി ബിഷ്ണോയി കെയ്ൻ വില്യംസണിനെ പുറത്താക്കിയ ഒറ്റക്കൈ ക്യാച്ചാണ് മത്സരത്തിൽ ആരാധകരുടെ ഹൃദയം കവർന്നത്. ബിഷ്ണോയി തന്നെ എറിഞ്ഞ എട്ടാം ഓവറിലെ രണ്ടാം പന്തിലാണ് വില്യംസൺ പുറത്താകുന്നത്. ഒരു ഫുൾ ലങ്ത് ഡെലിവറിയിൽ താരത്തിന്‍റെ ഷോട്ടിൽനിന്നുള്ള പന്ത് ബിഷ്ണോയി വലത്തേക്ക് പറന്നുചാടി ഒറ്റക്കൈയിൽ കൈയിലൊതുക്കുകയായിരുന്നു. അഞ്ചു പന്തിൽ ഒരു റണ്ണായിരുന്നു താരത്തിന്‍റെ സമ്പാദ്യം.
ബിഷ്ണോയി പന്ത് പറന്നുപിടിക്കുന്നിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. നിരവധി പേരാണ് ഇതിനോട് പ്രതികരിക്കുന്നത്. ‘ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാച്ചുകളി’ലൊന്ന് എന്നാണ് അമിത് ചൗധരി എന്ന ആരാധകൻ പ്രതികരിച്ചത്. ‘എന്തൊരു ക്യാച്ചാണിത്’, ‘രവി ബിഷ്ണോയി ഒരു പക്ഷിയാണ്...’ ഇങ്ങനെ പോകുന്ന ആരാധകരുടെ കമന്‍റുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.