അന്നൊരു സീനിയർ താരം എന്നെ പരിഹസിച്ചു; ഇന്ത്യൻ ടീമിലെ 'വേർതിരിവ്' തുറന്നെഴുതി സുേരഷ് റെയ്ന
text_fieldsന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം സംഭവബഹുലമായിരുന്നു ഗ്രെഗ് ചാപ്പൽ യുഗം. നായകൻ സൗരവ് ഗാംഗുലിയുമായുണ്ടായ സ്വരച്ഛേർച്ചയില്ലായ്മയും ഗാംഗുലിയുടെ പുറത്താകലും സീനിയർതാരങ്ങളും മാനേജ്മെന്റും തമ്മിലുള്ള ഉരസലും അടക്കം നിരവധി സംഗതികൾ ഗ്രെഗ് ചാപ്പൽ കോച്ചായിരുന്ന കാലത്ത് ഉണ്ടായിരുന്നു. ചാപ്പലിന്‍റെ ശിക്ഷണത്തിൽ ഇന്ത്യ നിരവധി പരമ്പരകൾ വിജയിച്ചെങ്കിലും 2007 ഏകദിന ലോകകപ്പിന്‍റെ ആദ്യ റൗണ്ടിൽ പുറത്തായതാണ് എന്നെന്നും ഓർമിക്കപ്പെടുക. ഇപ്പോൾ സുരേഷ് റെയ്നയുടെ ആത്മകഥ 'ബിലീവ്'ന്‍റെ ഒരു ഭാഗം മിഡ്ഡേയിൽ പ്രസിദ്ധീകരിച്ച് വന്നതോടെ ചാപ്പൽ യുഗം വീണ്ടും ചർച്ചയാകുകയാണ്.
ഇന്ത്യൻ ടീമിലെ തന്‍റെ തുടക്കകാലത്ത് നേരിടേണ്ടി വന്ന സീനിയർ-ജൂനിയർ വേർതിരിവിനെ കുറിച്ച് തുറന്നു പറഞ്ഞ റെയ്ന എം.എസ്. ധോണി, ഇർഫാൻ പത്താൻ, ആർ.പി. സിങ്, എസ്. ശ്രീശാന്ത്, മുരളി കാർത്തിക്ക് തുടങ്ങിയ യുവതാരങ്ങളുടെ ഉയർച്ചക്കുള്ള കാരണക്കാരൻ ചാപ്പലാണെന്നും എഴുതി.
'ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ തങ്കലിപികളിലാണ് സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ടീമിനെ അടയാളപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇന്ത്യൻ ടീമിലേക്കുള്ള യുവതാരങ്ങളുടെ രംഗപ്രവേശനത്തിനുള്ള എല്ലാ ക്രെഡിറ്റും ഗ്രെഗ് ചാപ്പലിനാണ്. വെല്ലുവിളികൾ നേരിടാൻ ഞങ്ങളെ പ്രാപ്തരാക്കിയത് അദ്ദേഹമാണ്' -റെയ്ന പറഞ്ഞു.
'ടീമിലെ മുതിർന്ന കളിക്കാരിലൊരാൾ എന്നെ പരിഹസിക്കാൻ അടുത്ത് വന്നത് ഞാൻ ഓർക്കുന്നു. ഞാൻ മാത്രമാണ് കളിക്കാൻ പോകുന്നത് എന്ന മട്ടിൽ എല്ലാ 'എക്സ്ട്രാ' പ്രാക്ടീസ് സെഷനുകളും എനിക്ക് മാത്രമാണ് ലഭിച്ചതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ആരെയും വേദനിപ്പിക്കാനുള്ള ഉദ്ദേശ്യമില്ലാത്തതിനാൽ എന്നോടൊപ്പം ചേരാൻ ഞാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. എന്നെ സംബന്ധിച്ചിടത്തോളം റാഗിങ് വലിയ കാര്യമല്ലായിരുന്നു. ഹോസ്റ്റൽ ജീവിതത്തിന് നന്ദി' -റെയ്ന പറഞ്ഞു.
'എന്നാൽ ഇന്ത്യൻ ഡ്രസിങ് റൂമിൽ ആരെങ്കിലും 'റാഗ്' ചെയ്യപ്പെട്ടുവെന്ന് ഞാൻ പറയില്ല. എന്നെ വിശ്വസിക്കൂ, റാഗിങ് എന്താണെന്ന് എനിക്കറിയാം. ഞങ്ങൾക്ക് അത് ഇല്ല. ചില കളിക്കാരുമായി ഞങ്ങൾക്ക് ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ചില മുതിർന്ന കളിക്കാരെ ഞങ്ങൾ രാവിലെ അഭിവാദ്യം ചെയ്യാറുണ്ടായിരുന്നു. എന്നാൽ അവർ തിരികെ അഭിവാദ്യം ചെയ്യില്ല. ഞാനൊരിക്കലും ഇതൊന്നും ഗൗരവത്തിലെടുത്തില്ല' -റെയ്ന എഴുതി.
ചാപ്പലിന്‍റെ കാലഘട്ടത്തിൽ തന്നെ യുവതാരങ്ങളെ കൂടുതൽ പ്രചോദിപ്പിച്ചത് രാഹുൽ ദ്രാവിഡായിരുന്നുവെന്ന് റെയ്ന പറഞ്ഞു. സീനിയർ-ജൂനിയർ വേർതിരിവ് യുവതാരങ്ങളെ ബാധിക്കാതിരിക്കാൻ ദ്രാവിഡ് ശ്രദ്ധിച്ചതായി റെയ്ന പറഞ്ഞു.
'രാഹുൽ ഭായ് ഒരു നല്ല ക്യാപ്റ്റനായിരുന്നു. അത്തരം പ്രശ്‌നങ്ങൾ ഞങ്ങളുടെ പ്രകടനത്തെ ബാധിച്ചില്ലെന്ന് അദ്ദേഹം ഉറപ്പാക്കും. അതിനാൽ, ചെറുപ്പക്കാരായ ഞങ്ങൾ ഒരിക്കലും അത്തരം സാഹചര്യങ്ങളിൽ ഏത്തിപ്പെടാതിരിക്കാൻ നോക്കും. അവർക്ക് യോഗങ്ങൾ ഉണ്ടാകുമ്പോൾ ഞങ്ങൾ ഓടാനോ പരിശീലനത്തിനോ പോകും. അതിനാൽ തിരശ്ശീലക്ക് പിന്നിൽ എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്കറിയില്ല. എന്‍റെ കാഴ്ചപ്പാടിൽ ഗ്രെഗ് ചാപ്പൽ ഒരിക്കലും തെറ്റുകാരനല്ല. കാരണം ടീം എല്ലായ്പ്പോഴും വിരൽത്തുമ്പിലാണെന്ന് ഉറപ്പുവരുത്താൻ അദ്ദേഹം പരിശ്രമിച്ചു. ഒരു കളിക്കാരനെയും അനുകൂലിക്കുകയും ചെയ്തില്ല. ഞങ്ങൾ തോറ്റപ്പോൾ ഗ്രെഗ് അനുകമ്പയില്ലാതെ പെരുമാറി. എന്നാൽ ഭൂരിഭാഗവും സീനിയർ കളിക്കാരോടായിരുന്നു' -റെയ്ന പറഞ്ഞു.
മഹേന്ദ്ര സിങ് ധോണിയോടൊപ്പം ക്രിക്കറ്റിൽ നിന്ന് വിരമിച്ച റെയ്ന ഇപ്പോൾ ഐ.പി.എല്ലിൽ മാത്രമാണ് കളത്തിലെത്തുന്നത്. കോവിഡ് ബാധയെ തുടർന്ന് നിർത്തിവെച്ച ഐ.പി.എൽ 14ാം സീസൺ സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലായി യു.എ.ഇയിൽ പുനരാരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.